ആഡംബര കാറുകളും എസ്‌യുവികളും വാങ്ങാന്‍ തിരക്ക്

ആഡംബര കാറുകളും എസ്‌യുവികളും വാങ്ങാന്‍ തിരക്ക്

ചില സംസ്ഥാനങ്ങളില്‍ ഉത്സവ സീസണ്‍ തുടങ്ങിയതും കാറുകളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതിന് കാരണമായി

മുംബൈ : ആഡംബര കാറുകളും എസ്‌യുവികളും വാങ്ങാന്‍ വിവിധ ഡീലര്‍ഷിപ്പുകളില്‍ തിരക്ക് തുടങ്ങി. ജിഎസ്ടി സെസ്സ് 15 ശതമാനത്തില്‍നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയതോടെയാണ് ഈ സെഗ്‌മെന്റ് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുന്നത്. നാളെ വാങ്ങാം, നാളെ വാങ്ങാം എന്ന് കരുതിയിരുന്നവര്‍ വില കൂടുമെന്ന ആശങ്കയില്‍ ഷോറൂമുകളിലെത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം സെസ്സ് വര്‍ധന എന്ന് പ്രാബല്യത്തില്‍വരുത്തണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതിനുമുമ്പ് സെസ്സ് വര്‍ധനവ് വിജ്ഞാപനം ചെയ്യണം.

ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശയെതുടര്‍ന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം സെസ്സ് വര്‍ധിപ്പിക്കുന്നതിന് അനുമതി നല്‍കിയത്. ആഡംബര കാറുകള്‍ക്കും എസ്‌യുവികള്‍ക്കുമുള്ള സെസ്സ് നിലവിലെ 15 ശതമാനത്തില്‍നിന്ന് 25 ശതമാനമായാണ് വര്‍ധിപ്പിച്ചത്. സെസ്സ് വര്‍ധന നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച ജിഎസ്ടി നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സെസ്സ് വര്‍ധന എന്ന് പ്രാബല്യത്തില്‍ വരുത്താമെന്ന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

വില വര്‍ധിക്കുന്നതിന് മുമ്പ് വാഹനം സ്വന്തമാക്കാനുള്ള തിരക്കാണ് ഇപ്പോള്‍ ഷോറൂമുകളില്‍ കാണുന്നത്

വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നത് ഇപ്പോള്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ ഉത്സവ സീസണ്‍ തുടങ്ങിയതും കാറുകളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതിന് കാരണമായി. കേരളത്തില്‍ ഓണവും മഹാരാഷ്ട്രയിലും ഗുജറാത്തിലും ഗണോശോത്സവവും ആഘോഷിക്കുന്ന സമയമാണിത്.

ജിഎസ്ടി സെസ്സ് വര്‍ധന നടപ്പാക്കുന്നതോടെ ആഡംബര കാറുകളുടെയും സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളുടെയും വില കുത്തനെ വര്‍ധിക്കും. വില വര്‍ധിക്കുന്നതിന് മുമ്പ് വാഹനം സ്വന്തമാക്കുന്നതിനുള്ള തിരക്കാണ് ഇപ്പോള്‍ ഷോറൂമുകളില്‍ കാണുന്നത്. വാഹനങ്ങള്‍ വാങ്ങാനുള്ള ഈ തിരക്ക് വിതരണ ശൃംഖലയെ ബാധിക്കുമോയെന്നാണ് വാഹന നിര്‍മ്മാതാക്കള്‍ ആശങ്കപ്പെടുന്നത്.

ഉദാഹരണത്തിന്, ഡിമാന്‍ഡിന് അനുസരിച്ച് ഡീലര്‍മാര്‍ക്ക് വാഹനങ്ങളെത്തിക്കാന്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന് കഴിയുന്നില്ല. മള്‍ട്ടി പര്‍പ്പസ് വാഹനമായ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എന്നിവയുടെ വെയ്റ്റിംഗ് പിരീഡ് യഥാക്രമം രണ്ട്, മൂന്ന് മാസമായി വര്‍ധിച്ചു. ഡീലര്‍ഷിപ്പുകളില്‍ കൃത്യമായി വാഹനങ്ങളെത്തിക്കാന്‍ കഴിയുന്നില്ലെന്ന് ടികെഎം സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ എന്‍ രാജ പറഞ്ഞു.

വിവിധ ഉത്സവ ദിനങ്ങളെതുടര്‍ന്ന് അതാത് ദിവസങ്ങളില്‍ പ്ലാന്റുകളില്‍ ഉല്‍പ്പാദനം നിര്‍ത്തിവെച്ചതും തിരിച്ചടിയായി. ഡിമാന്‍ഡ് ഉയര്‍ന്നിരിക്കേ അതനുസരിച്ച് വാഹനങ്ങളെത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കമ്പനികള്‍. വെയ്റ്റിംഗ് പിരീഡ് വര്‍ധിച്ചാല്‍ ജനങ്ങള്‍ ബുക്കിംഗ് നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ ഇവര്‍ക്ക് ആശങ്കയുണ്ട്. കാര്‍ ഡെലിവറി ചെയ്യാന്‍ 80-90 ദിവസമെടുക്കുന്നതിനാല്‍ ചില ടൊയോട്ട ഡീലര്‍മാര്‍ പുതിയ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്.

ഡീലര്‍ഷിപ്പുകളിലെത്തി കാറുകളുടെ വിശദാംശങ്ങള്‍ തിരക്കുന്നവരുടെയും ബുക്കിംഗ് നടത്തുന്നവരുടെയും എണ്ണം വര്‍ധിച്ചതായി ഹോണ്ട കാര്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ജ്ഞാനേശ്വര്‍ സെന്‍ പറഞ്ഞു. എന്നാല്‍ ഇത് ഉത്സവ സീസണ്‍ ആയതുകൊണ്ടാണോ അതോ വില വര്‍ധിക്കുമെന്ന ആശങ്കയിലാണോയെന്ന് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വില വര്‍ധിക്കുമെന്ന ആശങ്കയില്‍ ബുക്കിംഗ് നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് ഹ്യുണ്ടായ് സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. ഡിമാന്‍ഡനുസരിച്ച് വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളിലെത്തിക്കുന്നത് ഇപ്പോള്‍ തലവേദന പിടിച്ച പണിയാണെന്ന് അദ്ദേഹം സമ്മതിച്ചു.

Comments

comments

Categories: Auto