യുബറില്‍ ദാറാ ഖൊസ്രോഷാഹിയെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളികള്‍

യുബറില്‍ ദാറാ ഖൊസ്രോഷാഹിയെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളികള്‍

സിഇഒ സ്ഥാനം ഖൊസ്രോഷാഹി ഏറ്റെടുത്തു

ന്യൂഡെല്‍ഹി: ആഗോള ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാവായ യുബറിനെ ഇനി ദാറാ ഖൊസ്രോഷാഹി നയിക്കും. സിഇഒ സ്ഥാനം രാജി വെച്ച കമ്പനിയുടെ സഹസ്ഥാപകന്‍ ട്രവിസ് കലാനികിന് പകരം ഖൊസ്രോഷാഹിയെ നിയമിച്ച കാര്യം യുബര്‍ സ്ഥിരീകരിച്ചു. ട്രാവല്‍ കമ്പനിയായ എക്‌സ്പീഡിയയുടെ മേധാവിയായിരുന്നു ദാറാ. അദ്ദേഹത്തിന്റെ നിയമനത്തിനായുള്ള ചര്‍ച്ചകളും മറ്റ് നടപടികളും ഈ ആഴ്ച ആദ്യം തന്നെ യുബര്‍ പൂര്‍ത്തീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഹെവ്‌ലറ്റ് പക്കാര്‍ഡ് എന്റര്‍പ്രൈസസ് കോമിന്റെ മെഗ് വിറ്റ്മന്‍, ജനറല്‍ ഇലക്ട്രിക് കമ്പനി ചെയര്‍മാന്‍ ജെഫ്രി ഇമ്മെല്‍ട്ട് തുടങ്ങിയവരെ സിഇഒ സ്ഥാനത്തേക്കായി യുബര്‍ പരിഗണിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഖൊസ്രോഷാഹിയുടെ പേര് റിപ്പോര്‍ട്ടുലൊന്നും ഉയര്‍ന്നു വന്നിരുന്നില്ല.

യുബറിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനായി മികച്ച ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും മൂല്യം വര്‍ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച വ്യക്തിയാണ് ദാറയെന്നാണ് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ആജീവനാന്തകാല അവസരമെന്നാണ് തന്റെ പുതിയ ജോലിയെ ഒരു അഭിമുഖത്തില്‍ ഖൊസ്രോഷാഹി വിശേഷിപ്പിച്ചത്.

യുബറില്‍ നിരവധി വെല്ലുവിളികളാണ് പുതിയ സിഇഒയെ കാത്തിരിക്കുന്നത്. ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ഗ്രേബാള്‍ സോഫ്റ്റ്‌വെയര്‍ ലോ എന്റഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരില്‍ നിന്ന് മറച്ചുപിടിക്കുന്നത്, വിദേശ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കല്‍ എന്നിവയില്‍ കമ്പനി അന്വേഷണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ബോര്‍ഡ് സീറ്റുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമസ്ഥരായ ബഞ്ച്മാര്‍ക്ക് ട്രവിസ് കലാനിക്കുമായി ഒരു നിയമ പോരാട്ടം നടത്തി വരികയാണ്. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍, ജനറല്‍ കൗണ്‍സില്‍ എന്നിവയടക്കം നിരവധി സുപ്രധാന സ്ഥാനങ്ങള്‍ കമ്പനിയില്‍ ഒഴിഞ്ഞ് കിടക്കുകയാണ്.

ജൂണ്‍ 20നാണ് ട്രവിസ് കലാനിക് യുബര്‍ സിഇഒ സ്ഥാനം രാജിവെച്ചത്. അന്നുമുതല്‍ സിഇഒ സ്ഥാനത്തേക്കുള്ള പുതിയ ആളെ കണ്ടെത്താന്‍ യുബര്‍ ശക്തമായ തിരച്ചിലിലായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമാി പ്രവര്‍ത്തിക്കുന്ന യുബറിന്റെ 14 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുതിയ മേധാവിക്ക് വേണ്ടി തയാറായിക്കഴിഞ്ഞിരിക്കുകയാണ്. എക്‌സ്പീഡിയയെ ലോകത്തിലെ ഏറ്റവും മികച്ച യാത്രാ സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോമുകളിലൊന്നായി വികസിപ്പിക്കുന്നതില്‍ ദാറായുടെ പങ്ക് സുപ്രധാനമാണെന്നും യുബറില്‍ അദ്ദേഹത്തെ പോലെയൊരു മേധാവിയെത്തുന്നതില്‍ താന്‍ സന്തോഷവനാണെന്നും കലാനിക് പ്രതികരിച്ചു.

Comments

comments

Categories: Slider, Top Stories

Related Articles