തൊഴിലുറപ്പ് പദ്ധതികള്‍ക്ക് 17,000 കോടി രൂപ അധിക വിഹിതം ആവശ്യപ്പെട്ടേക്കും

തൊഴിലുറപ്പ് പദ്ധതികള്‍ക്ക് 17,000 കോടി രൂപ അധിക വിഹിതം ആവശ്യപ്പെട്ടേക്കും

വേതന പരിഷ്‌കരണ രീതി മാറിയാല്‍ ചെലവ് 600 കോടി രൂപ വര്‍ധിക്കും

ന്യൂഡെല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എന്‍ആര്‍ഇജിഎസ്) നടത്തിപ്പിനായി 17,000 കോടി രൂപ അധിക വിഹിതം ആവശ്യപ്പെടാന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പദ്ധതിയിടുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലവര്‍ഷം മതിയായ അളവില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴില്‍ തേടുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന കണക്കിലെടുത്താണ് കൂടുതല്‍ വിഹിതം ആവശ്യപ്പെടാന്‍ ഗ്രാമ വികസന മന്ത്രാലയം ഒരുങ്ങുന്നത്.

തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റില്‍ വകയിരുത്തിയ 48,000 കോടി രൂപയില്‍ 34,000 കോടി രൂപ ഇതിനോടകം തന്നെ ചെലവഴിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഈ വര്‍ഷം കനത്ത മഴ ലഭിച്ചെങ്കിലും മധ്യപ്രദേശ്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ വരള്‍ച്ച മൂലം ദുരിതം നേരിടുന്നതായും ഇത് തൊഴിലുറപ്പ് പദ്ധതിക്കു കീഴിലുള്ള തൊഴില്‍ ആവശ്യകതയില്‍ പ്രതിഫലിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഈ സാഹചര്യം ഗ്രാമവികസന മന്ത്രാലയം പരിശോധിച്ചുവരികയാണ്. കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്ത് പെയ്ത മഴയില്‍ അഞ്ച് ശതമാനത്തിന്റെ കുറവാണുണ്ടായത്.
നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ 116 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും തൊഴിലാളികള്‍ക്ക് 84 ശതമാനം കൂലി കൃത്യസമയത്ത് നല്‍കിയതായുമാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2016-2017) 235 കോടി തൊഴില്‍ ദിനങ്ങളാണ് ഉണ്ടായിരുന്നത്. 100 ദിവസത്തെ ജോലിയാണ് പദ്ധതി വഴി ഒരാള്‍ക്ക് ഉറപ്പുനല്‍കുന്നത്. ആവശ്യമെങ്കില്‍ ഇത് 150 ദിവസം വരെയാക്കും. കൃത്യസമയത്ത് കൂലി നല്‍കുക എന്നതാണ് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രത്യേകിച്ചും സംസ്ഥാനങ്ങള്‍ വരള്‍ച്ച അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍. വേതനം നല്‍കുന്നതിലെ കാലതാമസം വരുത്തുന്നത് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കാര്‍ഷിക തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള സിപിഐ (ഉപഭോക്തൃ വില സൂചിക)യ്ക്കു പകരം ഗ്രാമീണ-സിപിഐ അടിസ്ഥാനമാക്കി വേതന പരിഷ്‌കരണ സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ് വീണ്ടും കൂടും. വേതനം കണക്കാക്കുന്നതിനുള്ള സംവിധാനം സംബന്ധിച്ച് പഠനം നടത്താന്‍ രൂപീകരിച്ച സമിതി അടുത്തിയെ ഇത്തരമൊരു മാറ്റം ശുപാര്‍ശ ചെയ്തിരുന്നു. പ്രാഥമിക കണക്കനുസരിച്ച് ഇതോടെ സര്‍ക്കാരിന് 600 കോടി രൂപയുടെ അധിക ചെലവുണ്ടാകും.

Comments

comments

Categories: More