രണ്ട് വര്‍ഷത്തെ മാന്ദ്യത്തിന് ശേഷം റെസ്റ്റോറന്റ് വ്യവസായം വളര്‍ച്ചയുടെ പാതയില്‍

രണ്ട് വര്‍ഷത്തെ മാന്ദ്യത്തിന് ശേഷം റെസ്റ്റോറന്റ് വ്യവസായം വളര്‍ച്ചയുടെ പാതയില്‍

ലിസ്റ്റഡ് റെസ്റ്റോറന്റ് കമ്പനികളുടെ വിപണി മൂല്യത്തില്‍ കുതിപ്പ്

മുംബൈ: രണ്ട് വര്‍ഷത്തെ വില്‍പ്പന ഇടിവിന് ശേഷം വളര്‍ച്ചാ ശതമാനം ഇരട്ടയക്കത്തിലേക്ക് തിരിച്ചെത്തിച്ചിരിക്കുയാണ് റെസ്റ്റോറന്റ് ബിസിനസ്. പുതിയ വിപണികളിലെ ഔട്ട്‌ലറ്റുകളും മാളുകളിലെ ഡിസ്‌കൗണ്ട് ഓഫറുകളുമാണ് വളര്‍ച്ചയ്ക്ക് സഹായകമായത്. ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയിലെ മൂന്ന് ലിസ്റ്റഡ് റെസ്റ്റൊറന്റ് കമ്പനികളുടെ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കഴിഞ്ഞ മൂന്ന് മാസത്തില്‍ വിപണി മൂലധനത്തില്‍ മികച്ച മുന്നേറ്റമാണ് ഈ കമ്പനികള്‍ നേടിയത്.

ഡൊമിനോസ് പിസ, ഡങ്കിന്‍ ഡോണറ്റ്‌സ് എന്നിവയുടെ ഓപ്പറേറ്റായ ജുബിലന്‍ഡ് ഫുഡ്‌വര്‍ക്‌സിന്റെ വിപണി മൂല്യം കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 44 ശതമാനം ഉയര്‍ന്ന് 8,880 കോടി രൂപയായി. ഇന്ത്യയുടെ പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റ് സേവനങ്ങള്‍ നല്‍കുന്ന വെസ്റ്റ്‌ലൈഫ് ഡെവലപ്‌മെന്റിന്റെയും മെയിന്‍ലാന്‍ഡ് ചൈന, ഓ കൊല്‍ക്കത്ത റെസ്‌റ്റോറന്റ്‌സ് എന്നിവയുടെ ഉടമസ്ഥരായ സെപ്ഷ്യാലിറ്റി റെസ്റ്റൊറന്റ്‌സിന്റെയും വിപണിമൂല്യം യഥാക്രമം 18 ശതമാനവും 53 ശതമാനവും ഉയര്‍ന്നു. ഈ മൂന്ന് റസ്റ്റൊറന്റുകളുടെയും സംയോജിത വിപണി മൂല്യം 13,290 കോടി രൂപ (2 ബില്യണ്‍ ഡോളര്‍)യാണ്. ജൂണ്‍ മുതല്‍ ഏകദേശം 3,500 കോടി രൂപയുടെ അധികമൂല്യമാണ് ഈ കമ്പനികള്‍ നേടിയത്.

പണത്തിനും നവീകരണത്തിനും മെച്ചപ്പെട്ട മൂല്യം ലഭ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു നടത്തിയ പ്രവര്‍ത്തനങ്ങള്‍ നഷ്ടം കുറയ്ക്കുന്നതിനും ചെലവുകള്‍ നിയന്ത്രിക്കുന്നതിനും കാര്യക്ഷമത ഉയര്‍ത്തുന്നതിനും സഹായിച്ചുവെന്നും ഇത് മികച്ച ഓപ്പറേറ്റിംഗ് മാര്‍ജിനിലേക്കും വളര്‍ച്ചയിലേക്കും നയിച്ചുവെന്നും ജുബിലന്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് പ്രതിക് പോട്ട പറഞ്ഞു. ഇടക്കിടെയുള്ള ഡിസ്‌കൗണ്ടുകള്‍ക്ക് പകരം അടിസ്ഥാനപരമായി താങ്ങാവുന്ന ദൈനംദിന വിലയെന്ന സമീപനം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുള്ള സുസ്ഥിരമായ മാര്‍ഗമാണ്. ജൂണ്‍ പാദത്തില്‍ 6.5 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ജുബിലന്‍ഡ് രേഖപ്പെടുത്തിയത്.

2016 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിന് ശേഷമുള്ള ഏറ്റവും മികച്ച വര്‍ധനവാണിത്. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 11.7 ശതമാനം വര്‍ധിച്ച് രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ച്ചയിലെത്തി. വെസ്റ്റ്‌ലൈഫ് ഡെവലപ്‌മെന്റിന്റെ സ്റ്റോര്‍ വില്‍പ്പന 9 ശതമാനമാണ് വര്‍ധിച്ചത്. നാല് വര്‍ഷത്തിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണിത്.

നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഉപഭോക്താക്കള്‍ ചെലവുകള്‍ വെട്ടിക്കുറച്ചത് റെസ്‌റ്റോറന്റ് മേഖലയ്ക്ക് തിരിച്ചടിയായിരുന്നു. നോട്ട് നിരോധനം ഉപഭോക്താക്കളില്‍ സൃഷ്ടിച്ച പിന്മാറ്റ സമീപനം കുറഞ്ഞുവരികയാണെന്നാണ് സ്‌പെഷ്യാലിറ്റി റസ്റ്റൊറന്റുകളുടെ സ്ഥാപകനായ അനു ചാറ്റര്‍ജി പറയുന്നത്. ചില ബിഗ്ബജറ്റ് സിനിമകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണങ്ങളും ചില റീട്ടെയ്ല്‍ ശൃംഖലകളുടെ സീസണ്‍ വില്‍പ്പനയും ഷോപ്പിംഗ് മാളുകളിലേക്ക് ആളുകളെ ആകര്‍ഷിച്ചതും ജൂണ്‍ പാദത്തിലെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചുവെന്നാണ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

റെസ്റ്റൊറന്റ് മേഖലയില്‍ ജിഎസ്ടി ഹ്രസ്വകാല ആഘാതം സൃഷ്ടിക്കുമെന്നാണ് വെസ്റ്റ്‌ലൈഫ് ഡെവലപ്‌മെന്റ് വൈസ് ചെയര്‍മാന്‍ അമിത് ജാത്യ പറയുന്നത്. എന്നാല്‍ പ്രതിസന്ധികളെ മറികടക്കാനാകുമെന്നും ഉപഭോക്തൃ മനോഭാവം അനുകൂലമായി വരുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു.

Comments

comments

Categories: Business & Economy