ജെപിവിഎല്ലിന്റെ ഓഹരി വില്‍ക്കാന്‍ വായ്പാദാതാക്കള്‍

ജെപിവിഎല്ലിന്റെ ഓഹരി വില്‍ക്കാന്‍ വായ്പാദാതാക്കള്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9609 കോടി രൂപയുടെ  കടബാധ്യതയാണ് ജെപിവിഎല്‍ രേഖപ്പെടുത്തിയത്

മുംബൈ: ജയ്പ്രകാശ് പവര്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ (ജെപിവിഎല്‍) 30 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിന് കമ്പനിയുടെ വായ്പാദാതാക്കള്‍ ശ്രമം തുടങ്ങി. ഓഹരി വാങ്ങുന്നതിന് അനുയോജ്യരായവരെ കണ്ടെത്തുന്നതിന് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഇവൈ (ഏണസ്റ്റ് & യംഗ്)യെയും എസ്ബിഐ കാപ്പിറ്റല്‍ മാര്‍ക്കറ്റിനെയും ബാങ്കുകള്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9609 കോടി രൂപയുടെ കടബാധ്യതയാണ് ജെപിവിഎല്‍ രേഖപ്പെടുത്തിയത്. കൂടാതെ, 761 കോടി രൂപയുടെ നഷ്ടവും അവര്‍ക്കുണ്ടായി. കമ്പനിയുടെ മൂല്യം സംബന്ധിച്ച് കൃത്യമായ കണക്കുകൂട്ടലുകള്‍ അസാധ്യമാണ്. എങ്കിലും ആകെ മൂല്യത്തിന്റെ മൂന്നിലൊന്നിലേറെയാണ് ഓഹരി മൂല്യമെന്ന് പ്രതീക്ഷിക്കുന്നു.
ബ്ലൂംബര്‍ഗിന്റെ കണക്ക് പ്രകാരം 12,560 കോടി രൂപയാണ് ജെപിവിഎല്ലിന്റെ ആകെ മൂല്യം. അങ്ങനെയെങ്കില്‍ 30 ശതമാനം ഓഹരിയുടെ മൂല്യം 3,768 കോടി രൂപയായിരിക്കും.

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ചേര്‍ന്ന് കമ്പനിയുടെ 51.8 ശതമാനം ഓഹരികളാണ് കൈവശം വെച്ചിരിക്കുന്നത്. സ്ട്രാറ്റജിക് ഡെബ്റ്റ് റീസ്ട്രക്ച്ചറിംഗ് (എസ്ഡിആര്‍) നടപടികളിലൂടെ സ്വന്തമാക്കിയതാണിത്.

ഹോള്‍ഡിംഗ് കമ്പനി ജയ്പ്രകാശ് അസോസിയേറ്റിന് ജിപിവിഎല്ലില്‍ 29.7 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
ജെപിവിഎല്ലിന്റെ 400 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ പ്രധാന വായ്പാദാതാക്കള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 500 മെഗാവാട്ടിന്റെയും 1,320 മെഗാവാട്ടിന്റെയും താപോര്‍ജ്ജ പദ്ധതികളില്‍ യഥാക്രമം ഐഡിബിഐ ബാങ്കും ഐസിഐസിഐയും പ്രധാന വായ്പാദാതാക്കളില്‍പ്പെടുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ എസ്ഡിആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് കടബാധ്യത ഓഹരികളായി മാറ്റുന്നതിന് ബാങ്കുകള്‍ തീരുമാനിച്ചതായി കമ്പനി കഴിഞ്ഞവര്‍ഷം ജൂലൈയില്‍ അറിയിച്ചിരുന്നു. ഊര്‍ജ ഉല്‍പ്പാദന രംഗത്തെ മുന്‍നിര കമ്പനികളിലൊന്നാണ് ജെപിവിഎല്‍. ഊര്‍ജ വിതരണ ബിസിനസിലും അനുബന്ധ സ്ഥാപനമായ ജയ്പീ പവര്‍ഗ്രിഡ് വഴി അവര്‍ സാന്നിധ്യമറിയിക്കുന്നു.

Comments

comments

Categories: Business & Economy