യുഎഇയിലെ നാല് ബാങ്കുകള്‍ മികച്ച ലാഭം നേടും

യുഎഇയിലെ നാല് ബാങ്കുകള്‍ മികച്ച ലാഭം നേടും

ലോണുകളില്‍ നിന്ന് ഉയര്‍ന്ന റിട്ടേണ്‍ കൈവരിക്കുന്നത് ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടാന്‍ കാരണമാകുന്നതെന്ന് മൂഡീസ്

ദുബായ്: യുഎഇയിലെ ഏറ്റവും മികച്ച നാല് ബാങ്കുകള്‍ അടുത്ത 12 മുതല്‍ 18 വരെയുള്ള മാസങ്ങളില്‍ ശക്തമായ ലാഭം കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും കമ്മീഷനില്‍ നിന്നും ഫീസില്‍ നിന്നുമുള്ള വരുമാനത്തിലെ ഇടിവിനും ഇടയില്‍ ലോണുകളില്‍ നിന്ന് ഉയര്‍ന്ന റിട്ടേണ്‍ കൈവരിക്കുന്നതും ഫണ്ടിംഗ് കോസ്റ്റില്‍ സ്ഥിരത നേടുന്നതുമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടാന്‍ കാരണമാകുന്നതെന്ന് മൂഡീസിന്റെ ഇന്‍വെസ്റ്റര്‍ സര്‍വീസ് വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റിലെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനമായ ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി), ദുബായിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി (ഇഎന്‍ബിഡി), അബുദാബി കൊമേഷ്യല്‍ ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക് എന്നിവയുടെ ഈ വര്‍ഷം രണ്ടാം പാദത്തിലെ ഒന്നിച്ചുള്ള അറ്റ ലാഭം 6.7 ബില്യണ്‍ ദിര്‍ഹമായിരുന്നു. മുന്‍ വര്‍ഷത്തെ സംയോജിത അറ്റലാഭവുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ വ്യത്യാസമൊന്നും വന്നിട്ടില്ലെങ്കിലും മുമ്പത്തെ പാദവുമായി വിലയിരുത്തുമ്പോള്‍ 3.5 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. ഫീസില്‍ നിന്നും കമ്മീഷനില്‍ നിന്നുമുള്ള വരുമാനത്തില്‍ ഇടിവുണ്ടായതാണ് ലാഭം കുറയാന്‍ കാരണമായത്.

അസംസ്‌കൃത എണ്ണ വിലയില്‍ ഇടിവുണ്ടായതിനത്തുടര്‍ന്ന് എണ്ണയെ ആശ്രയിക്കുന്ന അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ലാഭം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണ്

നിലവിലെ എണ്ണ വില സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് വരുത്തുമെങ്കിലും ലോണുകളില്‍ നിന്നുള്ള വരുമാനവും സ്ഥിരതയാര്‍ന്ന ഫണ്ടിംഗ് കോസ്റ്റും പലിശയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നത് മികച്ച ലാഭമുണ്ടാകാന്‍ കാരണമാകുമെന്ന് മൂഡീസിന്റെ വൈസ് പ്രസിഡന്റ് നതീഷ് ബോജ്‌നഗര്‍വാല പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അസംസ്‌കൃത എണ്ണ വിലയില്‍ ഇടിവുണ്ടായതിനത്തുടര്‍ന്ന് എണ്ണയെ ആശ്രയിക്കുന്ന അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ലാഭം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണ്.

മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും വലിയ ബാങ്കിംഗ് മാര്‍ക്കറ്റുമായ സൗദി അറേബ്യയിലാണ് കൂടുതല്‍ പ്രതിസന്ധി നിലനില്‍ക്കുന്നത്. ലോണുകളുടെ വളര്‍ച്ചയിലെ ഇടിവ് തുടരുന്നതും നോണ്‍ പെര്‍ഫോമിംഗ് ലാണുകള്‍ വര്‍ധിക്കുന്നതുമാണ് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. ഗവണ്‍മെന്റിന്റെ ചെലവിടല്‍ കുറച്ചതിനെത്തുടര്‍ന്ന് സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചതും ക്രെഡിറ്റ് ഡിമാന്‍ഡ് കുറഞ്ഞതും സൗദിയിലെ അഞ്ച് ബാങ്കുകളുടെ അടുത്ത വര്‍ഷത്തെ ലാഭത്തില്‍ ഇടിവുണ്ടാകാന്‍ കാരണമാകുമെന്ന് മൂഡീസ് പറഞ്ഞിരുന്നു.

മേഖലയിലെ മറ്റ് ബാങ്കുകളേക്കാള്‍ മികച്ച നിലയിലാണ് യുഎഇയിലെ നാല് ബാങ്കുകളുടെ പ്രവര്‍ത്തനം. സാമ്പത്തിക സാഹചര്യം മനസിലാക്കി പ്രവര്‍ത്തിച്ചതാണ് ഇവയ്ക്ക് ഗുണകരമായത്. കഴിഞ്ഞ പാദത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന ചെലവില്‍ ആറ് ശതമാനത്തിന്റെ ഇടിവ് വരുത്തിയിരുന്നു. ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ നാല് ബാങ്കുകളില്‍ നിന്നുള്ള നിക്ഷേപം ഒരു ശതമാനമായി ഇടിഞ്ഞിട്ടുണ്ട്. എണ്ണ വിലയില്‍ ഇടിവ് തുടര്‍ന്നാല്‍ കുറച്ച് പാദങ്ങളില്‍കൂടി നിക്ഷേപ വളര്‍ച്ച താഴുമെന്നും റേറ്റിംഗ് ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia