‘മലപ്പുറത്തു നിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനിയാക്കും’

‘മലപ്പുറത്തു നിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനിയാക്കും’

കുട്ടികളുടെ വസ്ത്ര നിര്‍മാണ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പരിചയസമ്പത്തുമായി മലപ്പുറത്തു നിന്നും അന്താരാഷ്ട്ര വിപണിയിലേക്ക് കുതിക്കുകയാണ് പോപ്പീസ്. അടുത്ത വര്‍ഷത്തോടെ 40 രാജ്യങ്ങളില്‍ ചുവടുറപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ സ്ഥാപനത്തിന് ഇതുവരെ 200ല്‍പരം പാറ്റേണുകളിലുള്ള ഉല്‍പ്പന്നങ്ങളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കാനും കഴിഞ്ഞു. റീറ്റെയ്ല്‍ സ്റ്റോറുകള്‍, കുട്ടികള്‍ക്കായി ബാഗ് പാക്കുകള്‍, മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകള്‍ എന്നിങ്ങനെ നിരവധി പദ്ധതികളിലൂടെ വരും വര്‍ഷങ്ങളില്‍ വിപണിയില്‍ വന്‍ മുന്നേറ്റത്തിനാണ് പോപ്പീസ് പദ്ധതിയിട്ടിരിക്കുന്നത്.

ആഗോള ബ്രാന്‍ഡാവുകയെന്ന ലക്ഷ്യത്തോടെ വളര്‍ച്ചയുടെ പുതിയ ചക്രവാളങ്ങളിലേക്ക് സഞ്ചരിക്കുകയാണ് ദക്ഷിണേന്ത്യയിലെ കുഞ്ഞുടുപ്പ് വിപണിയിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്നായ പോപ്പീസ് ബേബീ കെയര്‍. ഷാജു തോമസ് എന്ന പത്രപ്രവര്‍ത്തകന്റെ വേറിട്ട ആശയത്തിന് 2005ലാണ് പോപ്പീസ് എന്ന പേരില്‍ ജീവന്‍ വച്ചത്. കുഞ്ഞുടുപ്പുകളുടെയും ബേബി കെയര്‍ ഉല്‍പ്പന്നങ്ങളുടെയും വിപണി ഏറെ വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ന് ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ ബ്രാന്‍ഡാകാന്‍ ഒരുങ്ങുകയാണ് പോപ്പീസ്. ബേബി കെയര്‍ വിപണിയിലെ ബ്രാന്‍ഡിംഗ് സാധ്യതകള്‍ തിരിച്ചറിഞ്ഞ് വികസിപ്പിച്ചതാണ് പോപ്പീസിന്റെ വിജയത്തിന് കാതലായി മാറിയത്. എത്ര വിലയേറിയാലും തങ്ങളുടെ പിഞ്ചോമനകളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും അവര്‍ക്കായി നല്‍കുന്ന ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ മാതാപിതാക്കള്‍ തയാറാകില്ല. അതുകൊണ്ടുതന്നെ ഗുണനിലവാരമുള്ളതും ആരോഗ്യകരവുമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചാല്‍ വിപണി സ്വീകരിക്കും. ഇതുതന്നെയാണ് പോപ്പീസിന്റെ യുഎസ്പിയും.

പോപ്പീസിലെ ഒരു ലിസ്റ്റഡ് കമ്പനിയാക്കാനുള്ള ശ്രമത്തിലാണിന്നിവര്‍. 1300 ലേറെ ജീവനക്കാരുള്ള പോപ്പീസ് താമസിയാതെ ഐപിഒ വഴി ഓഹരികള്‍ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. വന്‍ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കമ്പനിക്ക് ഇതൊരു മുതല്‍കൂട്ടാകും. മലപ്പുറത്തെ തിരുവാലി എന്ന ഗ്രാമം ആസ്ഥാനമായുള്ള കമ്പനി പുതിയൊരു പ്ലാന്റ് കൂടി ഇവിടെ ഒരുക്കി വരികയാണ്

വെല്ലുവിളികള്‍ നിറഞ്ഞ തുടക്കം

കുഞ്ഞുടുപ്പുകള്‍ക്ക് വ്യത്യസ്തമായ ഒരു ബ്രാന്‍ഡ് കണ്ടെത്താനായിരുന്നു ഷാജു തോമസിന്റെ ആദ്യ ശ്രമം. പേരില്‍ പോലും ആ കുട്ടിത്തം കൊണ്ടുവരാന്‍ ഷാജു ശ്രദ്ധിച്ചു. കുഞ്ഞുടുപ്പുകളുടെ വിപണിയെ കുറിച്ച് വിശദമായ ഒരു പഠനം തന്നെ അദ്ദേഹം നടത്തി. കുട്ടികളുടെ വസ്ത്രങ്ങളുടെ ആഗോള ബ്രാന്‍ഡുകള്‍ നിരവധിയുണ്ടെങ്കിലും ഇന്ത്യയില്‍ ഇത്തരമൊന്നിന്റെ അസാന്നിധ്യം അദ്ദേഹം തിരിച്ചറിഞ്ഞു. ആ വിടവു നികത്തിക്കൊണ്ടാണ് കുഞ്ഞുടുപ്പുകളുടെ വിപണിയിലേക്ക് പോപ്പീസ് കടന്നു വന്നത്.

തുടങ്ങിയ സമയത്ത് നിരവധി വെല്ലുവിളികളാണ് അഭിമുഖീകരിക്കേണ്ടി വന്നതെന്ന് ഷാജു പറയുന്നു. വസ്ത്ര മേഖല ഒരു പരാജയമാണെന്നുള്ള അഭിപ്രായമായിരുന്നു ഭൂരിഭാഗം ആളുകള്‍ക്കും ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയതില്‍ നിന്നും കുട്ടികള്‍ക്കായി ഗുണമേന്‍മയുള്ള ബ്രാന്‍ഡഡ് വസ്ത്രങ്ങളില്ല എന്ന വസ്തുത അദ്ദേഹം മനസിലാക്കി. എങ്ങനെ ഗുണനിലവാരമുള്ള കുഞ്ഞുടുപ്പുകള്‍ ഉണ്ടാക്കാം എന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള അന്വേഷണം. നിരവധിയിടങ്ങളില്‍ ഇതിന്റെ ഭാഗമായി യാത്രകള്‍ ചെയ്തു. വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നത് വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണെന്നത് ഈ യാത്രയില്‍ അദ്ദേഹത്തിന് ബോധ്യമായി. നമ്മുടെ കുഞ്ഞുങ്ങള്‍ ഉപയോഗിക്കുന്നത് അനാരോഗ്യകരമായ ചുറ്റുപാടുകളിലുണ്ടാക്കുന്ന വസ്ത്രങ്ങളാണെന്നും ഇതില്‍ നിന്നൊരു മോചനം വേണമെന്നുമുള്ള ചിന്തയില്‍ നിന്നാണ് പോപ്പീസിന്റെ പിറവി. ഗുണനിലവാരമില്ലാത്ത വിലകുറഞ്ഞ ഉല്‍പ്പന്നങ്ങളോടായിരുന്ന കേരള വിപണിയില്‍ പോപ്പീസിന് ഏറ്റുമുട്ടേണ്ടി വന്നത്. അതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ആ വെല്ലുവിളിയേറ്റെടുത്ത് ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ പോപ്പീസ് വിപണിയില്‍ എത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ ഈ ബ്രാന്‍ഡ് ചോദിച്ച് വരാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കടയില്‍ കിട്ടുന്നതിന്റെ ഭംഗി നോക്കി വാങ്ങുകയായിരുന്നു ഏതാനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ കുട്ടികളുടെ വസ്ത്ര വിപണിയുടെ സ്വഭാവം. കുട്ടികള്‍ക്കൊരു ബ്രാന്‍ഡ് എന്ന ആശയം ഇവിടെ വികസിച്ചിരുന്നില്ല. പോപ്പീസിലൂടെ ഇത് സാധ്യമാവുകയായിരുന്നു.

നവജാത ശിശുക്കള്‍ മുതല്‍ ഏഴു വയസു വരെയുള്ള കുട്ടികളുടെ ഉടുപ്പുകളുടെ വിപുലമായ ശ്രേണിയാണ് ഇവര്‍ ഇന്ന് വിപണിയിലെത്തിക്കുന്നത്. അപ്രതീക്ഷിതമായാണ് വസ്ത്ര രംഗത്തേക്ക് കടന്നു വന്നതെങ്കിലും ഇന്ന് പരുത്തി കൃഷി മുതല്‍ കുഞ്ഞുടുപ്പുകളുടെ വിപണനം വരെയുള്ള എല്ലാ ഘട്ടത്തിലും ഷാജുവിന്റെ കരസ്പര്‍ശമുണ്ട്. ചെറിയ ക്വാണ്ടിറ്റിയിലായിരുന്നു ആദ്യമൊക്കെ അസംസ്‌കൃതവസതുക്കള്‍ ഇതിനായി എടുത്തിരുന്നത്. ഇന്ന് 100 ടണ്ണോളമാണ് എടുക്കുന്നത്.” കര്‍ഷകന്‍ വിത്തു വിതയ്ക്കുന്നതുമുതല്‍ ഞങ്ങളുടെ കൈ ഉണ്ട്. ഒരു കുഞ്ഞിനെ പരിചരിക്കുന്നതു പോലെ അത്രയും സൂക്ഷ്മമായും ശ്രദ്ധയോടെയുമാണ് ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നത്. പ്രതിമാസം കേരളത്തില്‍ മൂന്നരലക്ഷം ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നത്. വാങ്ങുന്നവര്‍ തന്നെ മറ്റുള്ളവരോട് പറഞ്ഞ് അത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നു,” ഷാജു പറയുന്നു.

 

2018ഓടെ ലോകത്ത് 40 രാജ്യങ്ങളില്‍ പോപ്പീസ് ലോഞ്ച് ചെയ്യും. ഈ 40 രാജ്യങ്ങളില്‍ പോപ്പീസ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. 2020ഓടു കൂടി ലോകം മുഴുവന്‍ പോപ്പീസ് എന്ന ബ്രാന്‍ഡില്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ജിസിസി രാജ്യങ്ങളിലേക്കാണ് ഇന്ന് പ്രധാനമായും ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്

ഷാജു തോമസ്

മാനേജിംഗ് ഡയറക്റ്റര്‍

പോപ്പീസ് ബേബീ കെയര്‍ പ്രൊഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്

മലപ്പുറത്തു നിന്നും അന്താരാഷ്ട്ര വിപണിയിലേക്ക്

അന്താരാഷ്ട്ര തലത്തിലൊരു ലോഞ്ചിംഗിന് ഒരുങ്ങുകയാണിന്ന് പോപ്പീസ്. ”2018ഓടെ ലോകത്ത് 40 രാജ്യങ്ങളില്‍ പോപ്പീസ് ലോഞ്ച് ചെയ്യും. ഈ 40 രാജ്യങ്ങളില്‍ പോപ്പീസ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. 2020ഓടു കൂടി ലോകം മുഴുവന്‍ പോപ്പീസ് എന്ന ബ്രാന്‍ഡില്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ജിസിസി രാജ്യങ്ങളിലേക്കാണ് ഇന്ന് പ്രധാനമായും ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്,” ഷാജു തോമസ് പറയുന്നു. പോപ്പീസിനെ ഒരു ലിസ്റ്റഡ് കമ്പനിയാക്കാനുള്ള ശ്രമത്തിലാണിന്നിവര്‍. 1300 ലേറെ ജീവനക്കാരുള്ള പോപ്പീസ് താമസിയാതെ ഐപിഒ വഴി ഓഹരികള്‍ വിറ്റഴിക്കാനും പദ്ധതിയിടുന്നുണ്ട്. വന്‍ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കമ്പനിക്ക് ഇതൊരു മുതല്‍കൂട്ടാകും. മലപ്പുറത്തെ തിരുവാലി എന്ന ഗ്രാമം ആസ്ഥാനമായുള്ള കമ്പനി പുതിയൊരു പ്ലാന്റ് കൂടി ഇവിടെ ഒരുക്കി വരികയാണ്. ഗോവ, ആന്‍ഡമാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലെല്ലാം സാന്നിധ്യവുമുണ്ട്. ഈ വര്‍ഷം രാജ്യത്തെ നമ്പര്‍ വണ്‍ ബ്രാന്‍ഡാവുകയാണ് ലക്ഷ്യമെന്ന് ഷാജു തോമസ് പറയുന്നു. എല്ലാ ജിസിസി രാഷ്ട്രങ്ങളിലും പോപ്പീസ് ഉല്‍പ്പന്നങ്ങള്‍ എത്തുന്നു. കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, തായ്‌ലന്റ് എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. ജര്‍മന്‍ വിപണിയില്‍ ഈ വര്‍ഷം പോപീസ് എത്തും. കഴിഞ്ഞ വര്‍ഷം 75 ശതമാനം വളര്‍ച്ചയാണ് പോപീസ് നേടിയത്.

നവജാത ശിശുക്കള്‍ക്കുള്ള ഉടുപ്പുകളും ടവലുകളും, ആറു വയസുവരെയുള്ള കുട്ടികള്‍ക്കുള്ള ടി ഷര്‍ട്ടുകള്‍, സ്ത്രീകള്‍ക്കുള്ള ലെഗ്ഗിംഗ്, നൈറ്റ് ഡ്രസ്, പുരുഷന്‍മാര്‍ക്കുള്ള ടി ഷര്‍ട്ടുകള്‍ എന്നിവയാണ് ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ ബാഗുകളും, പാദരക്ഷകളും പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. മാത്രമല്ല കുട്ടികള്‍ക്കുള്ള ഡെനിം ഉല്‍പ്പാദനവും കേരളത്തിലാദ്യമായി പോപ്പീസ് തുടങ്ങുന്നു. പല സ്‌റ്റൈലുകളിലുള്ള നിരവധി ഉല്‍പ്പന്നങ്ങളല്ല മറിച്ച് വ്യത്യസ്ത നിറങ്ങളിലുള്ള കംഫര്‍ട്ട് ആയിട്ടുള്ളവ പുറത്തിറക്കാനാണ് ശ്രമിക്കുന്നത്. ”ഇതുവരെ ആരും വസ്ത്ര ഉല്‍പ്പന്നങ്ങള്‍ മാറ്റിയെടുക്കാന്‍ ഗ്യാരന്റി കൊടുത്തിട്ടില്ല. ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് റീപ്ലേസ്‌മെന്റ് ഗ്യാരന്റിയുണ്ട്. എന്തു പ്രശ്‌നങ്ങളുണ്ടെങ്കിലും ഞങ്ങളുടെ കവറിനു മുകളില്‍ നല്‍കിയിട്ടുള്ള ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചു പറഞ്ഞാല്‍ ഞങ്ങളുടെ ജീവനക്കാര്‍ അവരുടെ വീട്ടിലെത്തി ഉല്‍പ്പന്നങ്ങള്‍ മാറ്റിക്കൊടുക്കും,” പോപ്പീസിന്റെ മാത്രം പ്രത്യേകതയാണിതെന്ന് ഷാജു ഓര്‍മിപ്പിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സെല്‍ ഇവര്‍ക്കുണ്ട്.

ആസൂത്രണം ചെയ്യുന്നത് വമ്പന്‍ പദ്ധതികള്‍

ഈ വര്‍ഷം പോപ്പീസ് ബാഗ് പാക്കുകള്‍ വിപണിയിലെത്തിക്കാന്‍ ആലോചിക്കുകയാണിവര്‍. ”ലൈറ്റ് വെയ്റ്റ് ബാഗ് പാക്കുകളായിരിക്കും ഇവ. നിലവില്‍ വിപണിയില്‍ ലഭിക്കുന്നത് ഗുണനിലവാരമില്ലാത്ത ബാഗ് പാക്കുകളാണ്. അതില്‍ നിന്ന് കുട്ടികള്‍ക്കൊരു മോചനമാണ് ലക്ഷ്യമിടുന്നത്. പോപ്പീസ് ബാഗ് പാക്കുകള്‍ക്കും റീ പ്ലേസ്‌മെന്റ് വാറന്റി ഉറപ്പാക്കും. പരാതികളുണ്ടെങ്കില്‍ വീട്ടില്‍ ചെന്ന് ഈ ഉല്‍പ്പന്നങ്ങള്‍ മാറ്റിക്കൊടുക്കും. എല്ലാ ജില്ലകളിലും ഇതിനായി സര്‍വീസ് സെന്ററുകള്‍ തുറക്കും,” ഷാജു പറഞ്ഞു.

കൂടാതെ പോപ്പീസിന്റെ നേതൃത്വത്തില്‍ റീറ്റെയ്ല്‍ സ്റ്റോറുകള്‍ വരാന്‍ പോവുകയാണ്. ”മള്‍ട്ടി ബ്രാന്‍ഡ് ഷോറൂമുകളായിരിക്കും ഇവ. ലോകത്ത് കുട്ടികള്‍ക്കുവേണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ നിലവാരമുള്ള നിരവധി ബ്രാന്‍ഡുകളുണ്ട്. അതെല്ലാം നമുക്ക് ലഭ്യമല്ല. ഡീലര്‍ക്കോ വിതരണക്കാര്‍ക്കോ ലാഭം കിട്ടുന്ന ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഇവിടെ വിപണിയില്‍ നമുക്ക് ലഭ്യമായിട്ടുള്ളു. 2020ഓടെ പോപ്പീസിന്റെ ബ്രാന്‍ഡ് നെയിമില്‍ കുട്ടികള്‍ക്കുള്ള മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2018 ജനുവരിയോടുകൂടി ഇത്തരം 10 മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറക്കും. കുട്ടികള്‍ക്ക് ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം ലഭ്യമാക്കുന്ന സ്റ്റോര്‍ എന്നതാണിതിന്റെ സങ്കല്‍പം,” പുതിയ ലക്ഷ്യങ്ങളെ കുറിച്ച് അദ്ദേഹം മനസുതുറന്നു.

200ല്‍പരം പാറ്റേണുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ പോപ്പീസ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്രയധികം പാറ്റേണുകളില്‍ ലഭ്യമാകുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു ബ്രാന്‍ഡും നിലവില്‍ ലോകത്തില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ശക്തമായ ആര്‍ആന്‍ഡി വിഭാഗം ഇവരുടെ കരുത്താണ്. ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇവരുടെ ഫാക്റ്ററിയില്‍ ജോലി ചെയ്യുന്നു.

Comments

comments