ജിഎസ് ട്രോഫി യോഗ്യതാ മത്സരങ്ങള്‍ ഇനി മുതല്‍ ഇന്ത്യയിലും

ജിഎസ് ട്രോഫി യോഗ്യതാ മത്സരങ്ങള്‍ ഇനി മുതല്‍ ഇന്ത്യയിലും

ജിഎസ് ട്രോഫിയുടെ ഇന്ത്യാ റൗണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 26 മുതല്‍ 29 വരെ ഗോവയില്‍

ന്യൂ ഡെല്‍ഹി : ഇരുചക്രവാഹന കമ്പനി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാഹസിക മത്സരങ്ങളിലൊന്നായ ബിഎംഡബ്ല്യു മോട്ടോറാഡ് ട്രോഫി മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കും. ജിഎസ് ട്രോഫിയുടെ ഇന്ത്യാ റൗണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 26 മുതല്‍ 29 വരെ ഗോവയിലാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മംഗോളിയയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കാണ് ഗോവ ആതിഥേയത്വം വഹിക്കുക. പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ജിഎസ് ട്രോഫി. മത്സരാര്‍ത്ഥികള്‍ ആകെ 2,000 കിലോമീറ്ററാണ് താണ്ടേണ്ടത്.

ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെയാണ് മോട്ടോര്‍സൈക്കിള്‍ ഓടിക്കേണ്ടിവരിക. മത്സരാര്‍ത്ഥികളുടെ റൈഡിംഗ്, നാവിഗേഷണല്‍ കഴിവുകള്‍ ജിഎസ് ട്രോഫിയില്‍ മാറ്റുരയ്ക്കപ്പെടും. ഈ വര്‍ഷമാദ്യമാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ത്യയില്‍നിന്ന് മംഗോളിയയിലേക്ക് പോകുന്ന ടീമുകള്‍ക്ക് പുതിയ പേഴ്‌സണലൈസ്ഡ് ബിഎംഡബ്ല്യു ജിഎസ് മോട്ടോര്‍സൈക്കിള്‍ സമ്മാനിക്കും.

താല്‍പ്പര്യമുള്ളവര്‍ക്ക് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം

ബിഎംഡബ്ല്യു ജിഎസ് മോട്ടോര്‍സൈക്കിളുകള്‍ റൈഡര്‍മാരില്‍ വിനോദവും സാഹസികതയും വെല്ലുവിളികളുമാണ് ഉളവാക്കുന്നതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യാ പ്രസിഡന്റ് വിക്രം പാവ പറഞ്ഞു. തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഇന്ത്യയിലെങ്ങുമുള്ള ജിഎസ് റൈഡര്‍മാരെ ഗോവയിലേക്ക് ക്ഷണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റൈഡുകള്‍ കഴിവ് മാത്രമല്ല നിങ്ങളുടെ ടീം സ്പിരിറ്റ്, ഫിറ്റ്‌നസ് എന്നിവയെല്ലാം പരിശോധിക്കപ്പെടും. പ്രശസ്തമായ സാഹസിക മോട്ടോര്‍സൈക്കിള്‍ മത്സരത്തിന്റെ ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ യോഗ്യതാ മത്സരങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം.

ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും ജിഎസ് ട്രോഫിയുടെ ഇന്ത്യന്‍ യോഗ്യതാ മത്സരങ്ങള്‍ സംഘടിപ്പിക്കും. എല്ലാ നോണ്‍-പ്രൊഫഷണല്‍ ബിഎംഡബ്ല്യു ജിഎസ് മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ക്കും പങ്കെടുക്കാം. വിജയിക്കുന്ന ടീം മംഗോളിയയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ ലോകമെങ്ങുനിന്നും വരുന്ന ടീമുകളുമായി മത്സരിക്കണം. താല്‍പ്പര്യമുള്ളവര്‍ക്ക് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.

Comments

comments

Categories: Auto