കാലപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രം

കാലപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രം

ആധാര്‍ കേസ് നവംബര്‍ ആദ്യവാരം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

ന്യൂഡെല്‍ഹി: വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കേന്ദ്രത്തിന്റെ തീരുമാനം വ്യക്തമാക്കിയത്. ക്ഷേമപദ്ധതികള്‍ക്കായി ആധാര്‍ എന്റോള്‍ ചെയ്യേണ്ട അവസാന തീയതിയില്‍ മൂന്നാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ആദ്യം ജൂണ്‍ 30 ആയിരുന്നു ആദ്യത്തെ സമയപരിധി. പിന്നീടത് സെപ്തംബര്‍ 30ലേക്ക് മാറ്റുകയായിരുന്നു.

ആധാര്‍ കേസ് നവംബര്‍ ആദ്യവാരം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടെയുള്ള ഭരണഘടനാ ബെഞ്ചാണ് ആധാര്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത്.

എല്‍പിജി, ജന്‍ ധന്‍ പദ്ധതി, റേഷന്‍ വിതരണം എന്നീ ആനുകൂല്യങ്ങള്‍ക്കായി ജനങ്ങള്‍ സ്വമേധയാ ആധാര്‍ ഹാജരാക്കുകയാണെങ്കില്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുമായി ഉപയോക്താക്കള്‍ ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതിയും ഡിസംബര്‍ 31 ആണ്.

അതേസമയം സ്വകാര്യത സംബന്ധിച്ച് സുപ്രീംകോടതി ചരിത്രവിധി പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ ആധാര്‍-പാന്‍ ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ തുടരുകയാണ്. ഓഗസ്റ്റ് 31ന് ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കേണ്ട സമയപരിധി അവസാനിക്കും. സമയപരിധി നീട്ടുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ കേന്ദ്രം നല്‍കിയിട്ടില്ല.

Comments

comments

Categories: Slider, Top Stories