കമ്പനികളുടെ രണ്ടാം ലിസ്റ്റ് ആര്‍ബിഐ ഉടന്‍ പുറത്തിറക്കും

കമ്പനികളുടെ രണ്ടാം ലിസ്റ്റ് ആര്‍ബിഐ ഉടന്‍ പുറത്തിറക്കും

40ഓളം കമ്പനികളാണ് പട്ടികയിലുണ്ടാവുക എന്നാണ് സൂചന

ന്യൂഡെല്‍ഹി: വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയ കമ്പനികളുടെ രണ്ടാം ലിസ്റ്റ് പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തയാറെടുക്കുന്നു. വീഡിയോകോണ്‍, കാസ്‌ടെക്‌സ് ടെക്‌നോളജിസ്, വിസ സ്റ്റീല്‍, ജെഎസ്പിഎല്‍ തുടങ്ങിയവയുള്‍പ്പെടെ 40ഓളം കമ്പനികളാണ് പട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍, വൈദ്യുതി മേഖലകളില്‍ നിന്നുള്ള കമ്പനികളാണ് ഇവയില്‍ ഏറെയും. സെപ്റ്റംബറില്‍ രണ്ടാം ലിസ്റ്റ് ആര്‍ബിഐ പുറത്തുവിടുമെന്നാണ് സൂചന.

ഈ കമ്പനികളെ പാപ്പരത്ത നടപടികള്‍ക്ക് വിധേയമാക്കുന്നതിനായി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കണമെന്ന് വായ്പാദാതാക്കള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കും. അതേ സമയം കമ്പനികളൊന്നും തന്നെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വിസാ സ്റ്റീല്‍, വീഡിയോകോണ്‍, ജെഎസ്പിഎല്‍ തുടങ്ങിയ കമ്പനികള്‍ ഓഹരി വിപണിയില്‍ തിരിച്ചടി നേരിട്ടു.

ജൂണില്‍ റിസര്‍വ് ബാങ്കിന്റെ ഒരു ആഭ്യന്തര ഉപദേശക സമിതി പാപ്പരത്ത നടപടികള്‍ക്കായുള്ള 12 എക്കൗണ്ടുകള്‍ സ്ഥിരീകരിച്ചിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയ ഈ എക്കൗണ്ടുകള്‍ക്കെതിരെ പുതുതായി കൊണ്ടുവന്ന ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്റ്റ്‌സി കോഡ് 2016 (ഐബിസി) ന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് നീങ്ങിയത്.

5000 കോടിയോളം രൂപയുടെ മൊത്തം വായ്പയാണ് ഈ 12 എക്കൗണ്ടുകള്‍ക്കുള്ളത്. രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലെ മൊത്തം നിഷ്‌ക്രിയാസ്തികളുടെ 25 ശതമാനവും ഈ എക്കൗണ്ടുകളിലാണെന്നാണ് ആര്‍ബിഐയുടെ കണ്ടെത്തല്‍. നിലവില്‍ ഏകദേശം 8,00,000 കോടി രൂപയുടെ കിട്ടാക്കടമാണ് ഇന്ത്യന്‍ ബാങ്കുകള്‍ക്കുള്ളതെന്നാണ് വിലയിരുത്തല്‍. ഇത് ബാങ്കിംഗ് സംവിധാനത്തെ ദുര്‍ബലമാക്കുകയും സമ്പദ് വ്യവസ്ഥയിലെ വായ്പാ ഒഴുക്കിനെ മാന്ദ്യപ്പെടുത്തുകയും ചെയ്യുന്നു.

Comments

comments

Categories: Slider, Top Stories