നന്ദന്‍ നിലേക്കനിയുടെ തിരിച്ചുവരവ്

നന്ദന്‍ നിലേക്കനിയുടെ തിരിച്ചുവരവ്

ഇന്‍ഫോസിസിലേക്ക് നന്ദന്‍ നിലേക്കനി തിരിച്ചെത്തിയത് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ സുസ്ഥിരമായ വളര്‍ച്ചയ്ക്കും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കുന്നതിനും കമ്പനിയെ പ്രാപ്തമാക്കുന്നതില്‍ അദ്ദേഹം എന്തെല്ലാം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും ആ പ്രതീക്ഷയുടെ ആയുസ്സ്

ഇന്ത്യയുടെ അഭിമാന ഐടി സംരംഭമെന്ന് പേരുകേട്ട ഇന്‍ഫോസിസില്‍ അടുത്തിടെ സംഭവിച്ചതൊന്നും അത്ര ശുഭകരമായ കാര്യങ്ങളായിരുന്നില്ല. സഹസ്ഥാപകനായ എന്‍ ആര്‍ നാരായണ മൂര്‍ത്തിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച് സിഇഒ സ്ഥാനത്തു നിന്നും വിശാല്‍ സിക്കയെന്ന പ്രതിഭ രാജിവെച്ചപ്പോള്‍ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത് വന്‍ ഇടിവായിരുന്നു. നിക്ഷേപകര്‍ക്ക് കമ്പനിയിലുള്ള ആത്മവിശ്വാസം വല്ലാതെ കുറഞ്ഞു. ഇന്‍ഫോസിസ് ഇനി എങ്ങോട്ട് എന്ന ചോദ്യം പല ഭാഗങ്ങളില്‍ നിന്നും ഉയരാന്‍ തുടങ്ങി. മൂര്‍ത്തിയുടെ സ്വാര്‍ത്ഥതയും താല്‍പ്പര്യങ്ങളും കമ്പനിയെ തകര്‍ക്കുമോയെന്നു പോലും വിശകലനങ്ങളും വന്നു.

ഒടുവില്‍ കമ്പനിയുടെ സഹസ്ഥാപകരില്‍ ഒരാള്‍ കൂടിയായ നന്ദന്‍ നിലേക്കനി ചെയര്‍മാനായി തിരിച്ചെത്തിയപ്പോഴാണ് നിക്ഷേപകരുടെ ശ്വാസം നേരെ വീണത്. നിലേക്കനിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസം വലുതാണ്. മികച്ച ട്രാക്ക് റെക്കോഡുള്ള അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ ജീവിതത്തിന് നേട്ടങ്ങളുടെ കഥ മാത്രമേ പറയാനുള്ളൂ. പുതിയ സിഇഒയെ കണ്ടെത്തുകയെന്നതും നാരായണ മൂര്‍ത്തിയുമായി നല്ല ബന്ധത്തില്‍ നിന്നുകൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് നയിക്കുകയെന്നതുമായിരിക്കും അദ്ദേഹത്തിന് മുന്നിലുള്ള വെല്ലുവിളികള്‍. എന്നാല്‍ മൂര്‍ത്തിയോട് ഇണങ്ങി നില്‍ക്കാന്‍ സാധിക്കുന്ന ഒരു സിഇഒയെ എങ്ങനെ കണ്ടെത്തും എന്നത് വലിയ പ്രശ്‌നമാണ്. നിലേക്കനി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുക ഇക്കാര്യത്തിലായിരിക്കുമെന്നത് തീര്‍ച്ച.

ഇന്‍ഫോസിസ് തിരിച്ച് ട്രാക്കില്‍ കയറുന്നതുവരെ താന്‍ കമ്പനിയില്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് നിലേക്കനി. ഇന്‍ഫോസിസിന് തന്റെ സേവനം ആവശ്യമില്ല എന്ന് തോന്നുന്ന ആ നിമിഷം കമ്പനിയില്‍ നിന്നും പുറത്തുവരുമെന്നും അതുവരെ തുടരുമെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സിക്കയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ഇഗോണ്‍ സെഹ്നഡര്‍ എന്ന ഗവേഷണ സ്ഥാപനത്തെയും ഇന്‍ഫോസിസ് നിയോഗിച്ചിട്ടുണ്ട്.

ഇന്‍ഫോസിസ് ബോര്‍ഡ് മൂര്‍ത്തിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. സിക്കയെ മൂര്‍ത്തി വേട്ടയാടി പുറത്താക്കുകയായിരുന്നുവെന്ന തരത്തിലായിരുന്നു ബോര്‍ഡിന്റെ പ്രതികരണം. കമ്പനിയിലെ കോര്‍പ്പറേറ്റ് ഗവേണന്‍സ് നല്ല രീതിയിലല്ല എന്ന മൂര്‍ത്തിയുടെ ആരോപണങ്ങളെയും സിക്കയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളെയും ശക്തമായ ഭാഷയിലാണ് ഇന്‍ഫോസിസ് ബോര്‍ഡ് നേരിട്ടത്. ഇതില്‍ നിലേക്കനിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ പുതിയ സിഇഒ വരുംവരെ കമ്പനിയുടെ ചാര്‍ജ് തനിക്ക് തന്നെയെന്ന വ്യക്തമായ സന്ദേശമാണ് നിലേക്കനി നല്‍കിയിരിക്കുന്നത്. നിലേക്കനിയുടെ ഈ പ്രസ്താവനയില്‍ അത് സുവ്യക്തവുമാണ്. ട്വിറ്ററിലും ടെലിവിഷന്‍ ചാനലുകളിലും വരുന്ന കമന്റുകളുടെ അടിസ്ഥാനത്തിലല്ല ഞാന്‍ ഈ കമ്പനിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്. അങ്ങനെ ആരും പ്രതീക്ഷിക്കുകയും വേണ്ട. ഒരു ദേശീയ ചിഹ്നം പോലെ കരുതപ്പെടുന്ന ഈ കമ്പനിയില്‍ വളരെ സങ്കീര്‍ണമായ ഒരു സാഹചര്യം ഉടലെടുത്തതിനെ തുടര്‍ന്ന് അത് പരിഹരിക്കാന്‍ എല്ലാ ഓഹരിയുടമകളുടെയും അപേക്ഷയനുസരിച്ചാണ് ഞാന്‍ തിരിച്ചെത്തിയത്. എങ്ങനെ കമ്പനിയെ മുന്നോട്ടുകൊണ്ടുപോകാം എന്നതാണ് ചിന്ത. അല്ലാതെ എ അത് പറഞ്ഞു, ബി ഇങ്ങനെ പറഞ്ഞു എന്നെല്ലാം കേട്ട് പ്രവര്‍ത്തിക്കുന്ന ശൈലിയല്ല സ്വീകരിക്കുക-നയം വ്യക്തമാക്കുന്ന ഭാഷയില്‍ നിലേക്കനി പറഞ്ഞു.

സിക്ക സ്വീകരിച്ചതു പോലെ മൂര്‍ത്തിയെ വിമര്‍ശിക്കുന്ന ലൈന്‍ ആയിരിക്കില്ല ഇനി കമ്പനിയില്‍ എന്നതും കൂടി ഈ പ്രസ്താവനയില്‍ നിന്നും പലരും വായിച്ചെടുക്കുന്നുണ്ട്. ഇന്‍ഫോസിസ് ബോര്‍ഡും മൂര്‍ത്തിയും മറ്റ് സഹസ്ഥാപകരും തമ്മില്‍ നല്ല ബന്ധത്തില്‍ പോകുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് നിലേക്കനി പറഞ്ഞിട്ടുണ്ട്. അത് വലിയ പ്രതീക്ഷ നല്‍കുന്ന പ്രസ്താവനയാണ്. ആരെയും ഒഴിവാക്കാതെ എല്ലാവരും തമ്മില്‍ സമരസപ്പെട്ടുപോകുന്ന ഒരു സാഹചര്യം സൃഷ്ടിച്ച് പുതിയൊരാളെ നേതൃത്വമേല്‍പ്പിക്കാനുള്ള ദൗത്യത്തിലാണ് ഇന്ത്യയുടെ ‘ആധാര്‍ മാന്‍’. അദ്ദേഹം അതിന് പ്രാപ്തനാണ് താനും. നിലേക്കനിയിലൂടെ ഇന്‍ഫോസിസ് വീണ്ടും പ്രൗഢി തിരിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Editorial, Slider