4,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മില്ലേനിയം

4,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മില്ലേനിയം

കമ്പനി അടുത്ത വര്‍ഷം മേഖലയില്‍ പുതിയ 10 പദ്ധതികള്‍ ആരംഭിക്കും

ദുബായ്: 2018 ആകുമ്പോഴേക്കും മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയില്‍ 4000 പേരെ ജോലിക്കെടുക്കാന്‍ പദ്ധതിയിടുന്നതായി അന്താരാഷ്ട്ര ഹോട്ടല്‍ ഓപ്പറേറ്ററായ മില്ലേനിയം ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് അറിയിച്ചു. അടുത്ത വര്‍ഷം 10 ഹോട്ടലുകള്‍ കൂടി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ജിസിസിയില്‍ നിന്നുള്ള പൗരന്‍മാര്‍ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കുകയെന്നും കമ്പനി വ്യക്തമാക്കി.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, തുര്‍ക്കി, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് കമ്പനിയുടെ പുതിയ പ്രോപ്പര്‍ട്ടികള്‍ വരുന്നത്. 400 മാനേജര്‍മാരേയും എക്‌സിക്യൂട്ടീവുകളേയും 600 സൂപ്പര്‍വൈസര്‍മാരുടേയും ഒഴിവുകളുണ്ടാകുമെന്ന് മില്ലേനിയം സ്ഥിരീകരിച്ചു. തൊഴില്‍ മേഖലകളെ ശക്തിപ്പെടുത്തുന്നതിനായി ഗവണ്‍മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മില്ലേനിയം ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടിന്റെ മിഡില്‍ ഈസ്റ്റ് സിഒഒ കെവോര്‍ക് ഡെല്‍ഡേലിയന്‍ പറഞ്ഞു.

അടുത്ത വര്‍ഷം 10 ഹോട്ടലുകള്‍ കൂടി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ജിസിസിയില്‍ നിന്നുള്ള പൗരന്‍മാര്‍ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കുകയെന്നും കമ്പനി വ്യക്തമാക്കി

വളരെ മികച്ച അവസരങ്ങളാണ് ഹോസ്പിറ്റാലിറ്റി മേഖല നല്‍കുന്നതെന്നും ജിസിസി പൗരന്‍മാര്‍ക്കിടയില്‍ ഹോട്ടല്‍ വ്യവസായത്തോടുള്ള താല്‍പ്പര്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജിസിസി രാജ്യങ്ങളിലെ കഴിവുറ്റ പൗരന്‍മാരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളിലാണ് ഹോട്ടല്‍ ഗ്രൂപ്പുകളെന്നും ഡെല്‍ഡേലിയ.

മേഖലയില്‍ നിലവില്‍ 30 ഹോട്ടലുകളാണ് മില്ലേനിയം പ്രവര്‍ത്തിപ്പിക്കുന്നത്. 40 ഹോട്ടലുകള്‍ നിര്‍മാണഘട്ടത്തിലാണ്. യുഎഇയില്‍ 10 പ്രോപ്പര്‍ട്ടികളുടെ നിയന്ത്രണമാണ് മില്ലേനിയത്തിനുള്ളത്. രാജ്യത്ത് മാത്രം 11 ഹോട്ടലുകളുടെ നിര്‍മാണമാണ് നടക്കുന്നത്. മില്ലെനിയം ഡെയീസ് മോണ്ട് റോസ് എക്‌സിക്യൂട്ടീവ് അപ്പാര്‍ട്ട്‌മെന്റ്, ഗ്രാന്‍ഡ് മില്ലേനിയം ബിസിനസ് ബേ ഹോട്ടല്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കും.

റാസ് അല്‍ ഖൈമയിലെ പഞ്ച നക്ഷത്ര ഹോട്ടലിന്റെ പ്രവര്‍ത്തന ചുമതല ഏറ്റെടുക്കുന്നതിനായി ദുബായിലെ സൂപ്പര്‍ കാസ ഡെവലപ്‌മെന്റ് ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെട്ടെന്ന് ജൂലൈയില്‍ കമ്പനി അറിയിച്ചിരുന്നു. അല്‍ മര്‍ജാന്‍ ദ്വീപിലെ 75,000 സ്‌ക്വയര്‍ ഫീറ്റില്‍ സ്ഥിതിചെയ്യുന്ന റിസോര്‍ട്ടില്‍ 339 മുറികളാണുള്ളത്. സ്വകാര്യ ബീച്ച്, രണ്ട് നീന്തല്‍ കുളങ്ങള്‍, ഫിറ്റ്‌നസ് സെന്റര്‍, ട്രീറ്റ്‌മെന്റ് റൂം തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2020 ആവുമ്പോഴേക്കും മേഖലയില്‍ 100 ഹോട്ടലുകള്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് മില്ലേനിയം.

Comments

comments

Categories: Arabia