ഓഹരി തിരികെ വാങ്ങലില്‍ ഇന്‍ഫോസിസ് സ്ഥാപകരും പങ്കെടുക്കും

ഓഹരി തിരികെ വാങ്ങലില്‍ ഇന്‍ഫോസിസ് സ്ഥാപകരും പങ്കെടുക്കും

ബെംഗളുരു: ആഗോള സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി തിരികെ വാങ്ങലില്‍ കമ്പനി സ്ഥാപകരും പങ്കെടുക്കും. നിര്‍ദ്ദിഷ്ട ഓഹരി തിരികെ വാങ്ങലില്‍ പങ്കെടുക്കാന്‍ ചില സ്ഥാപകരും പ്രമോട്ടര്‍ ഗ്രൂപ്പിലെ ചിലരും താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് ബിഎസ്ഇയില്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി. 13,000 കോടി രൂപ(2 ബില്യണ്‍ ഡോളര്‍) യുടെ ഓഹരികള്‍ തിരികെ വാങ്ങുമെന്ന് ഓഗസ്റ്റ് 19നാണ് ഇന്‍ഫോസിസ് പ്രഖ്യാപിച്ചത്. അഞ്ച് രൂപ മുഖവിലയുള്ള 11.3 കോടി ഓഹരികള്‍ ഓഹരി ഒന്നിന് 1,150 രൂപയ്ക്ക് തിരിച്ചു വാങ്ങുമെന്നാണ് കമ്പനി ബോര്‍ഡ് അറിയിച്ചത്.

തിരികെ വാങ്ങല്‍ മാനദണ്ഡപ്രകാരം ടെന്‍ഡന്‍ ഓഫര്‍ റൂട്ടിലൂടെയാണ് പ്രമോട്ടര്‍മാര്‍ ഓഹരി തിരികെ വാങ്ങലില്‍ പങ്കെടുക്കുകയെന്നാണ് കമ്പനി ഫയലിംഗില്‍ വ്യക്തമാക്കുന്നത്. കമ്പനി സഹസ്ഥാപകരും അവരുടെ കുടുംബങ്ങളുമടങ്ങിയ പ്രമോട്ടര്‍ ഗ്രൂപ്പ് 12.92 ശതമാനം ഇക്വിറ്റി ഓഹരികളാണ് കൈവശം വെച്ചിരിക്കുന്നത്.

കമ്പനി സഹസ്ഥാപകരായ എന്‍ ആര്‍ നാരായണ മൂര്‍ത്തി, നന്ദന്‍ നിലേക്കനി, എസ് ഗോപാലകൃഷ്ണന്‍, എസ് ഡി ഷിബുലാല്‍, കെ ദിനേശ്, എന്‍ എസ് രാഘവന്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഓഹരി തിരികെ വാങ്ങല്‍ പ്രക്രിയ ഓഹരിയുടമകളുടെ അംഗീകാരത്തിന് വിധേയമായിരിക്കുമെന്നും തീയതി ഉടന്‍ തീരുമാനിക്കുമെന്നുമാണ് ഇന്‍ഫോസിസ് അറിയിച്ചിരിക്കുന്നത്. [/blockquote]

11,000 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങുമെന്ന് പ്രമുഖ ഐടി കമ്പനിയായ വിപ്രോ ജൂലൈ 20ന് പ്രഖ്യാപിച്ചിരുന്നു. 34.4 കോടി ഓഹരികള്‍ ഓഹരിയൊന്നിന് 320 രൂപ നിരക്കില്‍ വാങ്ങുമെന്നാണ് വിപ്രോ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്‍ഫോസിസും ഓഹരി തിരികെ വാങ്ങല്‍ പ്രഖ്യാപിച്ചത്. 5.6 കോടി ഓഹരികളുടെ തിരികെ വാങ്ങല്‍ കഴിഞ്ഞ മേയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് പൂര്‍ത്തിയാക്കിയിരുന്നു. രാജ്യത്തെ നാലാമത്തെ വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസ് 3.5 കോടി ഓഹരികളുടെ തിരികെ വാങ്ങല്‍ ജൂണ്‍ 23ന് പൂര്‍ത്തിയാക്കിയിരുന്നു.

Comments

comments

Categories: Slider, Top Stories