പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം നടത്തുന്ന വിദേശികളില്‍ മുന്നില്‍ ഇന്ത്യക്കാര്‍

പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം നടത്തുന്ന വിദേശികളില്‍ മുന്നില്‍ ഇന്ത്യക്കാര്‍

ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കൂടുതല്‍ നിക്ഷേപം നടത്തിയ പ്രധാനപ്പെട്ട 10 രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ

ദുബായ്: ദുബായിലെ പ്രോപ്പര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന വിദേശപൗരന്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. ജനുവരി 2016 മുതല്‍ 2017 ജൂണ്‍ അവസാനം വരെ ദുബായിലെ പ്രോപ്പര്‍ട്ടികളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയ പ്രധാനപ്പെട്ട 10 രാജ്യങ്ങളുടെ പട്ടിക ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റാണ് (ഡിഎല്‍ഡി) പുറത്തുവിട്ടത്. ലിസ്റ്റില്‍ യുഎഇക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

20.42 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള 10,628 ഇടപാടുകളാണ് ഇന്ത്യന്‍ പൗരന്‍മാര്‍ നടത്തിയത്. ആദ്യ സ്ഥാനത്തുള്ള യുഎഇ 37.4 ബില്യണ്‍ ദിര്‍ഹത്തിന്റെ 12,000 ഇടപാടുകള്‍ നടത്തിയെന്നും ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു

പാക്കിസ്ഥാനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. സൗദി അറേബ്യ, യുകെ, ഈജിപ്റ്റ്, ജോര്‍ദാന്‍, ചൈന, ലെബനന്‍, യുഎസ് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രാജ്യങ്ങള്‍. ജൂണ്‍ വരെയുള്ള 18 മാസങ്ങളില്‍ 217 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ 71000 ഇടപാടുകളിലൂടെ 151 ബില്യണ്‍ ദിര്‍ഹമാണ് ദുബായിലെ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചത്.

ദുബായ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ലോകത്തിനുള്ള ആത്മവിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഡിഎല്‍ഡിയുടെ ഡയറക്റ്റര്‍ ജനറല്‍ സുല്‍ത്താല്‍ ബുട്ടി ബിന്‍ മെജ്‌റെന്‍ പറഞ്ഞു. ശക്തമായ നിയന്ത്രണ സംവിധാനത്തിലൂടെ എല്ലാ ഇടപാടുകാര്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതും ദുബായ്ക്ക് ഗുണകരമാകുന്നുണ്ടെന്നും അദ്ദേഹം. എക്‌സ്‌പോ 2020 ന്റെ ഭാഗമായി നഗരത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും മെജ്‌റെന്‍ കൂട്ടിച്ചേര്‍ത്തു.

പട്ടികയില്‍ ഉള്‍പ്പെട്ട 10 രാജ്യങ്ങളെ ഒഴിവാക്കിയാല്‍ മറ്റുള്ളവര്‍ 48.665 ബില്യണ്‍ ദിര്‍ഹത്തിന്റെ 23,318 ഇടപാടുകളാണ് നടത്തിയതെന്ന് ഡിഎല്‍ഡിയുടെ കണക്കില്‍ വ്യക്തമാക്കുന്നു. 2017ന്റെ ആദ്യ പകുതിയില്‍ ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടന്ന ഇടപാടുകളില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 16.8 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്ന് ഡിഎല്‍ഡി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ 132 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളാണ് നടന്നത്. 2016ല്‍ ഇത് 113 ബില്യണ്‍ ദിര്‍ഹം ആയിരുന്നു. 2015 ല്‍ നേടിയ 129 ബില്യണ്‍ ദിര്‍ഹത്തേക്കാള്‍ 2.3 ശതമാനത്തിന്റെ വര്‍ധനവും ഇത്തവണയുണ്ടായി.

Comments

comments

Categories: Arabia