അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ആത്മീയ ടൂറിസം ശക്തിപ്പെടുത്താന്‍ സൗദി

അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ആത്മീയ ടൂറിസം ശക്തിപ്പെടുത്താന്‍ സൗദി

എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കുക എന്ന ലക്ഷ്യത്തോടെ ഗവണ്‍മെന്റ് നടപ്പാക്കുന്ന പദ്ധതികളായ 2020 നാഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന്റേയും വിഷന്‍ 2030ന്റേയും ഭാഗമായാണ് റിലീജിയസ് ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്

റിയാദ്: അടിസ്ഥാനസൗകര്യം മെച്ചപ്പടുത്തി മത ടൂറിസം ശക്തിപ്പെടുത്താന്‍ പദ്ധതിയിട്ട് സൗദി അറേബ്യ. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹജ്ജ്, ഉമ്ര തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 50 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പദ്ധതികളാണ് രാജ്യം ആവിഷ്‌കരിച്ചിരിക്കുന്നത്.

എണ്ണ ഇതര സമ്പദ് വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് മത ടൂറിസമെന്നും മേഖലയിലേക്ക് ഗവണ്‍മെന്റ് കൂടുതല്‍ നിക്ഷേപം നടത്തുന്നതോടെ ഇതിന്റെ പ്രാധാന്യം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിഎംഐ റിസര്‍ച്ചിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക കണ്‍ട്രി റിസ്‌ക് അനലിസ്റ്റായ റാഫേല്‍ ഓബെര്‍ട്ടി പറഞ്ഞു. എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കുക എന്ന ലക്ഷ്യത്തോടെ ഗവണ്‍മെന്റ് നടപ്പാക്കുന്ന പദ്ധതികളായ 2020 നാഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന്റേയും വിഷന്‍ 2030 ന്റേയും ഭാഗമായാണ് റിലീജിയസ് ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.

ഓരോ മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കുറച്ചതോടെ ഈ വര്‍ഷം കുടുതല്‍ തീര്‍ത്ഥാടകര്‍ക്ക് എത്താന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം 10 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നിരുന്നു. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും രാഷ്ട്രീയ പ്രതിസന്ധി നിലനിന്ന സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള തീര്‍ത്ഥാടകരെ ഒഴിവാക്കിയതുമാണ് കഴിഞ്ഞ വര്‍ഷം 1.86 മില്യണിലേക്ക് ഇടിയാന്‍ കാരണമായത്.

തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 50 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പദ്ധതികളാണ് രാജ്യം ആവിഷ്‌കരിച്ചിരിക്കുന്നത്

കഴിഞ്ഞ നാലു വര്‍ഷത്തില്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിന്റെ ഫലമായി പ്രതിവര്‍ഷം 15 ബില്യണ്‍ റിയാലാണ് നഷ്ടമായതെന്ന് മക്ക ചേംബറിന്റെ ചെയര്‍മാന്‍ മഹെര്‍ ജമാല്‍ വ്യക്തമാക്കി. മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതീര്‍ത്ഥാടകരുടെ എണ്ണം 2.2 മില്യണായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ആറ് ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന പള്ളിയെ 26.6 ബില്യണ്‍ ഡോളര്‍ ചെലവിലാണ് നവീകരിക്കുന്നത്.

മക്കയേയും മദീനയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറാമെയ്ന്‍ ഹൈസ്പീഡ് റെയില്‍വേക്കായി 16.5 ബില്യണ്‍ ഡോളറാണ് ചെലവാക്കുന്നത്. 450 കിലോമീറ്റര്‍ നീളമുള്ള ലൈനിലൂടെയുള്ള ആദ്യ പരീക്ഷണയോട്ടം ജൂലൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ജെദ്ദയിലെ കിംഗ് അബ്ദുള്ളസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ 7.2 ബില്യണിന്റെ നവീകരണ പ്രവര്‍ത്തനം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പൂര്‍ത്തിയാക്കുന്നതോടെ പ്രതിവര്‍ഷം 30 മില്യണ്‍ യാത്രികരെ കൈകൈര്യം ചെയ്യാന്‍ വിമാനത്താവളത്തിന് സാധിക്കും.

രാജ്യത്തിന്റെ നവീകരണ പദ്ധതികളുടെ അടിസ്ഥാനത്തില്‍ ഹജ്ജ് താര്‍ത്ഥാടകരുടെ എണ്ണം 2020 ആകുമ്പോള്‍ 2.5 മില്യണ്‍ ആക്കാനും നിലവില്‍ 7 മില്യണുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണം 15 മില്യണായും വര്‍ധിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

Comments

comments

Categories: Arabia