ഓട്ടോമേഷന്‍ ഐടി വ്യവസായത്തെ തകര്‍ക്കില്ല: കൊഗ്നിസെന്റ് സിഇഒ

ഓട്ടോമേഷന്‍ ഐടി വ്യവസായത്തെ തകര്‍ക്കില്ല: കൊഗ്നിസെന്റ് സിഇഒ

സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യവിഭവ ശേഷിയുടെ ഉപയോഗത്തെ കുറയ്ക്കില്ല

ന്യൂഡെല്‍ഹി: ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഐടി വ്യവസായത്തിന്റെ മുന്നോട്ടുപോക്കില്‍ വിലങ്ങുതടിയാകില്ലെന്ന് കൊഗ്നിസെന്റ് സിഇഒ ഫ്രാന്‍സിസ്‌കോ ഡിസൂസ. ഓട്ടോമേഷന്‍ ഐടി ഇന്‍ഡസ്ട്രിയെ കൊല്ലുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അതിശയോക്തി കലര്‍ന്നതാണെന്നും സാങ്കേതിക അവസരങ്ങള്‍ വിപുലമായികൊണ്ടിരിക്കുന്ന ഒരു ലോകമാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. സാങ്കേതിക ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഐടി വ്യവസായത്തെ തകര്‍ക്കുമെന്ന യുഎസ് ടെക്‌നോളജി സംരംഭകനായ വിവേക് വാധ്വയെ പോലുള്ളവരുടെ അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിനാണ് ഓട്ടോമേഷനെ അനുകൂലിച്ച് ഫ്രാന്‍സിസ്‌കോ ഡിസൂസ മറുപടി നല്‍കിയത്.

സാങ്കേതിക സംവിധാനങ്ങള്‍ വര്‍ധിക്കുന്നു എന്നതുകൊണ്ട് മാനവശേഷിയുടെ ഉപയോഗം കുറയുന്നു എന്ന് അര്‍ത്ഥമാക്കുന്നില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, ഓട്ടോമേഷന്‍ എന്നിവ ജീവനക്കാരുടെ പ്രാധാന്യം കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും അദ്ദേഹം വിലയിരുത്തി. സാങ്കേതികതയില്‍ മനുഷ്യര്‍ക്ക് ഇടമില്ലെന്ന തോന്നല്‍ തെറ്റിധാരണയാണെന്നും ഫ്രാന്‍സിസ്‌കോ ഡിസൂസ കൂട്ടിച്ചേര്‍ത്തു.

‘ഡിജിറ്റല്‍ എന്നു പറയുന്നത് ഏതെങ്കുലം ഒരു കാര്യം മാത്രമല്ല സോഷ്യല്‍, മൊബീല്‍, അനലിറ്റിക്‌സ്, ക്ലൗഡ് എന്നീ ഘടകങ്ങള്‍ ചേര്‍ന്നതാണെന്ന് കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് ഞാന്‍ പറഞ്ഞിരുന്നു. എന്നാലിന്ന്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, കൂടുതല്‍ മാനുഫാക്ച്ചറിംഗ്, ബ്ലോക്‌ചെയിന്‍ തുടങ്ങി നിരവധി ഘടങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഡിജിറ്റല്‍. ഇതില്‍ ഓരോ വിഭാഗത്തിലും ഒന്നില്‍ കൂടുതല്‍ അവസരങ്ങളാണ് സാങ്കേതികവിദ്യ നല്‍കുന്നത്. അതുകൊണ്ട് ഇവയെല്ലാം ഒരു ക്ലൈന്റിനു വേണ്ടി ഒരുമിച്ച് കൊണ്ടുവരിക എന്നു പറയുന്നത് സങ്കീര്‍ണമാണ്,’ ഡിസൂസ പറഞ്ഞു.

ഡിജിറ്റലിലേക്കുള്ള മാറ്റത്തിന് വിദഗ്ധ തൊഴിലാളികളെ ആവശ്യമാണ്. ഡിജിറ്റല്‍ രംഗേേത്തക്ക് ഡാറ്റ സൈന്റിസ്റ്റുകളെയും ഡിസൈനര്‍മാരെയും കൂടുതലായി നിയമിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. സാങ്കേതികത ഇന്ത്യയിലായാലും യുഎസിലായും ഒരേ രീതിയിലാണ്. ടെക്‌നോളജിയില്‍ അധിഷ്ഠിതമായി ഭാവിയില്‍ എങ്ങനെ മുന്നേറുന്നു എന്നതാണ് പ്രധാനമെന്നും ഡിസൂസ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories