ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലായി എഐയെക്കുറിച്ച് ചിന്തിക്കണം: നിപുണ്‍ മെഹ്‌റോറ

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലായി എഐയെക്കുറിച്ച് ചിന്തിക്കണം: നിപുണ്‍ മെഹ്‌റോറ

എ ഐ പ്രയോജനപ്പെടുത്തുന്നത് 10 ശതമാനം ടെക് സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം

ന്യൂഡെല്‍ഹി: സാങ്കേതിക വിദ്യയെ ആഴത്തില്‍ ഉള്‍ക്കൊള്ളാത്തതു മൂലം രാജ്യത്ത് ഇന്നുള്ള ബിസിനസുകള്‍ ആവശ്യമായ രീതിയില്‍ വികസിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് ഐബിഎം ഇന്ത്യ/ ദക്ഷിണേഷ്യ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ നിപുണ്‍ മെഹ്‌റോത്ര. ഇന്ന് കമ്പനികള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സി (എഐ) നെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കില്‍ എഐ ഉപയോഗിക്കുന്ന സമാനമായ മറ്റൊരു ബിസിനസ് മോഡലിനാല്‍ അവര്‍ തകര്‍ക്കപ്പെടും. ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ഇന്ന് ബിസിനസുകളുടെ വിജയത്തിന്റെ അടിസ്ഥാനം. കേവല സാങ്കേതിക വിദ്യയോ ഉപഭോക്തൃ അടിത്തറയോ അല്ല, ഡാറ്റ എങ്ങനെകണ്ടെത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ ഇക്കാലത്ത് പ്രസക്തമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നിലവില്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എഐയെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ധനസമാഹരണം ഒരു വെല്ലുവിളിയായിരിക്കുമ്പോഴും ശരിയായ ആശയത്തിന് പണം ലഭ്യമാണ്. സാങ്കേതിക വിദ്യയെ ആഴത്തില്‍ ഉള്‍ക്കൊള്ളുന്ന ബിസിനസ് മോഡല്‍ രൂപപ്പെടുത്തിയെടുക്കണം. മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ഐബിഎമ്മിന് ഇത്തരം കമ്പനികളെ സഹായിക്കാനാകും.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ ചിലത് നന്നായി പ്രവര്‍ത്തിക്കുകയും മികച്ച ബിസിനസ്സ് മോഡലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് ഏകദേശം 4000-5000 ടെക് സ്റ്റാര്‍ട്ടപ്പുകളുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാലിവയില്‍ 400-500 എണ്ണം മാത്രമേ എഐയെക്കുറിച്ച് ആലോചിക്കുകയോ അതുപയോഗിക്കുകയോ ചെയ്യുന്നുള്ളു. ഇത് വെറും 10 ശതമാനം മാത്രമാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ വലിയ വര്‍ധനവ് ഉണ്ടായെങ്കിലും ഇപ്പോഴും ബഹുഭൂരിപക്ഷം സ്റ്റാര്‍ട്ടപ്പുകളും എ ഐ പ്രയോജനപ്പെടുത്താതെയാണ് പ്രവര്‍ത്തിക്കുന്നത്. ഐടി മേഖലയില്
20-25 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ഡാറ്റയെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. എന്നാല്‍ അവര്‍ ക്രമീകൃതവും യുക്തിഭദ്രവുമായ രീതിയിലാണോ ഇത്തരം കാര്യങ്ങളെ കുറിച്ച് പദ്ധതിയിടുന്നതെന്ന കാര്യം സംശയകരമാണ്.
ഡാറ്റ ധനസമ്പാദനത്തിന്റെ അടുത്ത ഘട്ടം കൊഗ്നിറ്റീവും എഐയുമാണെന്ന് താന്‍ കരുതുന്നതായും നിപുണ്‍ പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ കമ്പനികള്‍ കൂടുതലായി ശ്രദ്ധചെലുത്തുക ഈ മേഖലകളിലാകും.
സാമ്പത്തിക സേവന മേഖലയാണ് എ ഐ സംവിധാനങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ ഏറെ മുന്നോട്ടുപോയിട്ടുള്ളത്. ആരോഗ്യ പരിപാലന രംഗത്തും എ ഐ സംവിധാനങ്ങള്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്. കാലക്രമേണ പ്രതിരോധം, മാധ്യമങ്ങള്‍, ഭക്ഷ്യ വ്യവസായം തുടങ്ങി എല്ലാ വ്യവസായങ്ങളിലും എഐ പ്രഭാവം ഉണ്ടാകുമെന്നും നിപുണ്‍ പറഞ്ഞു.

Comments

comments

Categories: Business & Economy