എണ്ണ ഇതര മേഖല ശക്തിപ്പെടുത്താന്‍ നിയമനിര്‍മാണവുമായി യുഎഇ

എണ്ണ ഇതര മേഖല ശക്തിപ്പെടുത്താന്‍ നിയമനിര്‍മാണവുമായി യുഎഇ

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വൈവിധ്യം കൊണ്ടുവരാനും നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ബിസിനസ് മത്സരം ശക്തമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എല്ലാ നിയമങ്ങളും കൊണ്ടുവരുന്നതെന്ന് മന്‍സൗറി

ദുബായ്: യുഎഇ സമ്പദ്‌വ്യവസ്ഥയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് സഹായിക്കാനും എണ്ണ ഇതര മേഖലകളില്‍ നിന്ന് സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള പങ്കാളിത്തം 2021 ആകുമ്പോഴേക്കും 80 ശതമാനം വര്‍ധിപ്പിക്കാനുമായി ധനകാര്യ മന്ത്രാലയം നിയമങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി യുഎഇ ധനകാര്യ മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൗറി പറഞ്ഞു. നിലവില്‍ എണ്ണ ഇതര മേഖലയില്‍ നിന്ന് 70 ശതമാനമാണ് ലഭിക്കുന്നത്.

പുതിയ പദ്ധതികളോട് അനുബന്ധിച്ച് വിവിധ മേഖലകളിലെ 100 പദ്ധതികളിലായി 300 ബില്യണ്‍ ദിര്‍ഹമാണ് യുഎഇ ചെലവിടുന്നത്

നേരിട്ടുള്ള വിദേശ നിക്ഷേപം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിക്ഷേപ നിയമത്തിന്റെ കരട് രൂപം പൂര്‍ത്തിയായെന്നും അംഗീകാരത്തിനായി ലെജിസ്ലേറ്റീവ് ബോഡികളില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടാതെ വ്യാവസായിക നിയന്ത്രണ നിയമം, റെഗുലേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഇന്‍ഡസ്ട്രി പ്രോപ്പര്‍ട്ടി പേറ്റന്റ്‌സ്, ഇന്‍ഡസ്ട്രിയല്‍ ഡിസൈല്‍ നിയമം, കൊമേഴ്‌സ്യല്‍ ട്രാന്‍സാക്ഷന്‍ നിയമം, ആര്‍ബിട്രേഷന്‍ നിയമം എന്നിവ കൂടി രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വൈവിധ്യം കൊണ്ടുവരാനും നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ബിസിനസ് മത്സരം ശക്തമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എല്ലാ നിയമങ്ങളും കൊണ്ടുവരുന്നത്. വരുമാനത്തില്‍ വൈവിധ്യം കൊണ്ടുവരാനായി ശക്തമായ ശ്രമങ്ങളാണ് രാജ്യം നടത്തുന്നതെന്നും മന്‍സൗറി പറഞ്ഞു. ഇതിനായി ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജ്ജം, ഗതാഗതം, ജലം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ 100 പദ്ധതികളിലായി 300 ബില്യണ്‍ ദിര്‍ഹമാണ് യുഎഇ ചെലവിടുന്നത്. ഇത് എണ്ണ കേന്ദ്രീകൃത കാലഘട്ടത്തിന് ശേഷമുള്ള രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia

Related Articles