ടെക് ലോകം ഉറ്റുനോക്കുന്നു സാംസങിന്റെ ഭാവി

ടെക് ലോകം ഉറ്റുനോക്കുന്നു സാംസങിന്റെ ഭാവി

ആഗോള ടെക്‌നോളജി ഭീമനായ സാംസങിന്റെ വൈസ് ചെയര്‍മാനെ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിലെ കോടതി അഞ്ച് വര്‍ഷത്തേയ്ക്കു ശിക്ഷിച്ചത് ഏവരെയും ഞെട്ടിച്ച വാര്‍ത്തയായിരുന്നു. സാംസങിന്റെ ഭാവി തന്നെ അപകടത്തിലായേക്കുമെന്ന പ്രചാരണവും ശക്തമാണ്. എന്നാല്‍ വികേന്ദ്രീകരണ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ സാംസങിനെ ലീയുടെ തടവുശിക്ഷ ബാധിക്കില്ലെന്നും പറയപ്പെടുന്നുണ്ട്.

ഓരോ കൊറിയക്കാരന്റെയും ജീവിതത്തില്‍ സാംസങ് എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ലോകം അറിഞ്ഞത് ഈ മാസം 25-ാം തീയതി വെള്ളിയാഴ്ചയായിരുന്നു. അന്നാണു സാംസങിന്റെ മേധാവി ലീ ജേയെ ദക്ഷിണ കൊറിയന്‍ കോടതി അഞ്ച് വര്‍ഷത്തേയ്ക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിലെ നിരത്തിലൂടെ സഞ്ചരിച്ചവരുടെ ചര്‍ച്ചകള്‍ ലീ ജേയുടെ ശിക്ഷയെ കുറിച്ചായിരുന്നു. സാംസങിന്റെ മേധാവിയെ ശിക്ഷിച്ച വാര്‍ത്തകള്‍ പ്രദര്‍ശിപ്പിക്കുന്ന ടിവിക്കു മുന്‍പില്‍ ജനസമുദ്രമായിരുന്നു.

രണ്ട് പതിറ്റാണ്ടുകള്‍ക്കു മുന്‍പു ദക്ഷിണ കൊറിയയന്‍ പ്രസിഡന്റിനു കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പ്രോസിക്യൂട്ടര്‍മാര്‍ സാംസങ് കമ്പനിയുടെ ചെയര്‍മാന്‍ ലീ കന്‍ഹീയെ കുറ്റക്കാരനാണെന്നു വിധിച്ചിരുന്നു. എന്നാല്‍ ചെയര്‍മാന്റെ ശിക്ഷയില്‍ ഇളവ് ചെയ്തു കൊണ്ട് പ്രസിഡന്റ് ഉത്തരവിടുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. പിന്നീട് ഒരു പതിറ്റാണ്ടിനു ശേഷം ലീ കന്‍ഹീയെ നികുതി വെട്ടിപ്പിന്റെ പേരില്‍ കുറ്റം ചുമത്തി തടവിലാക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹം വീണ്ടും രക്ഷപ്പെട്ടു. ദക്ഷിണ കൊറിയയുടെ രാഷ്ട്രീയ, സാമ്പത്തിക മണ്ഡലത്തില്‍ സാംസങ് ചെലുത്തിയിരുന്ന സ്വാധീനമായിരുന്നു ഇത്തരത്തില്‍ ചെയര്‍മാന് പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.

എന്നാല്‍ ഈ മാസം 25-ാം തീയതി വെള്ളിയാഴ്ച, ദക്ഷിണ കൊറിയയിലെ കോടതി വ്യത്യസ്തമായൊരു സന്ദേശമാണു നല്‍കിയത്. സാംസങ് സാമ്രാജ്യത്തിലെ മൂന്നാം തലമുറക്കാരനായ ലീ ജേ യോങ് കോഴക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും അദ്ദേഹത്തിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുന്നു. ദക്ഷിണ കൊറിയയുടെ പ്രസിഡന്റായിരുന്ന പാര്‍ക് ഗ്യുന്‍ ഹൈയുടെ പതനത്തിലേക്കു വഴിവെച്ച അഴിമതി കേസ് കൂടിയാണിത്. 7.8 മില്യന്‍ യുഎസ് ഡോളറിന്റെ കോഴപ്പണം പ്രസിഡന്റായിരുന്ന പാര്‍ക് ഗ്യുന്‍ ഹൈയ്ക്കു ലീ നല്‍കിയെന്നാണു കോടതി കണ്ടെത്തിയിരിക്കുന്നത്.

ദക്ഷിണ കൊറിയയില്‍ ഒരു ബിസിനസ് വമ്പന് ഇതുവരെ ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ ശിക്ഷകളില്‍ ഒന്നായിട്ടു കൂടിയാണ് ഇപ്പോള്‍ ലീ ജേ യോങിന് ലഭിച്ചിരിക്കുന്ന അഞ്ച് വര്‍ഷത്തെ തടവിനെ കണക്കാക്കുന്നത്. രാജ്യത്തിന്റെ സ്വതന്ത്രമായ സാമ്പത്തിക വളര്‍ച്ചയ്ക്കു സഹായകരമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് നേതാക്കളോട് ഇനിയൊരു വിട്ടുവീഴ്ച പുലര്‍ത്തേണ്ടതില്ലെന്ന ശക്തമായ സന്ദേശം കൂടിയുണ്ട് ഈ ശിക്ഷാ വിധിക്ക്.

വെള്ളിയാഴ്ച ലീ ജേ യോങിനെ കോടതി ശിക്ഷയ്ക്കു വിധിച്ചതോടെ, ദക്ഷിണ കൊറിയയും, ടെക്‌നോളജി വ്യവസായത്തിലെ ആഗോള ശക്തിയായ സാംസങ് എന്ന ബിസിനസ് സാമ്രാജ്യവും നിര്‍ണായക വഴിത്തിരിവിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ സമ്പദ്‌വ്യവസ്ഥയാണു ദക്ഷിണ കൊറിയയുടേത്. രാജ്യത്തിന്റെ സമ്പദ്‌രംഗത്ത് ഇക്കാലമത്രയും സാംസങ് പോലുള്ള ബിസിനസ് ഗ്രൂപ്പുകള്‍ ആസ്വദിച്ചിരുന്ന സ്വാധീനം വെള്ളിയാഴ്ചയിലെ വിധിയോടെ ക്ഷയിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍.

ദക്ഷിണ കൊറിയയില്‍ കുടുംബങ്ങള്‍ നേതൃത്വം നല്‍കുന്ന ബിസിനസ് സാമ്രാജ്യങ്ങളുണ്ട്. ചായ്‌ബോല്‍സ് (chaebols) എന്നാണ് ഇവ അറിയപ്പെടുന്നത്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത് കെയര്‍, ലൈഫ് ഇന്‍ഷ്വറന്‍സ് ബിസിനസുകളിലാണു ഭൂരിഭാഗം ചായ്‌ബോല്‍സും ഏര്‍പ്പെട്ടിട്ടുള്ളത്. സാംസങ് ഇത്തരത്തില്‍ ഒരു ചായ്‌ബോല്‍ ആണ്. ലീ ബ്യുങ് ചുല്ലാണു സാംസങിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ മകനാണ് ലീ കന്‍ഹീ. ഇപ്പോള്‍ കോടതി അഞ്ച് വര്‍ഷം ശിക്ഷയ്ക്കു വിധിച്ച ലീ ജേ, ലീ കന്‍ഹിയുടെ മകനാണ്.

ദക്ഷിണ കൊറിയയുടെ അധികാരസ്ഥാനങ്ങളില്‍ ചായ്‌ബോലുകള്‍ ചെലുത്തുന്ന സ്വാധീനം നിസാരമല്ല. സാംസങ് സംഭവത്തോടെ രാജ്യത്ത് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സാംസങ് അഴിമതി കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു പാര്‍ക് ഗ്യുന്‍ ഹൈയ്ക്ക് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. പാര്‍കിന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റെടുത്ത മൂണ്‍ ജേ ഇന്നാകട്ടെ, കളങ്കിത പ്രതിച്ഛായയുള്ള ചായ്‌ബോലുകള്‍ക്കു മേല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

കൊറിയന്‍ യുദ്ധത്തിനു ശേഷം പുരോഗതിയുടെ പാതയിലേക്കു നയിക്കുന്നതിനായി ദക്ഷിണ കൊറിയയെ കയറ്റുമതിയിലധിഷ്ഠിതമായ സാമ്പത്തിക ശക്തിയായി മാറ്റാന്‍ ഭരണാധികാരികള്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ബിസിനസ് ഗ്രൂപ്പുകളോട് ഉദാരമായ സമീപനം ഭരണാധികാരികള്‍ കൈക്കൊള്ളുകയും ചെയ്തു. ഇതിലൂടെ ഭരണതലത്തില്‍ ബന്ധം സ്ഥാപിക്കാന്‍ ദക്ഷിണ കൊറിയയിലെ നിരവധി ബിസിനസ് ഗ്രൂപ്പുകള്‍ക്കു സാധിച്ചു. ഇതു പില്‍ക്കാലത്തു വര്‍ധിച്ചു വരികയും ചെയ്തു. സാംസങിന്റെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നായിരുന്നില്ല.

ഇപ്പോള്‍ ലീ ജേ തടവിലാകുന്നതോടെ ഉയരുന്ന ചോദ്യം സാംസങിന്റെ ഭാവിയെക്കുറിച്ചാണ്. നിലവില്‍ ലീ, സാംസങിന്റെ വൈസ് ചെയര്‍മാനാണ്. തടവിലായാലും വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് ലീ തുടരുമെന്നു തന്നെയാണു സൂചന. സാംസങ് മാനേജ്‌മെന്റ്, വികേന്ദ്രീകരണ രീതിയിലുള്ള ഭരണസംവിധാനമാണ്. ലീ, ഒരിക്കലും സാംസങിന്റെ പ്രതിദിന ഭരണത്തില്‍ പങ്കാളിയല്ല. മറിച്ച് അദ്ദേഹം ഒരു മാര്‍ഗദര്‍ശി മാത്രമാണ്. കമ്പനിയുടെ ദീര്‍ഘകാല പദ്ധതികള്‍ക്കു ചുക്കാന്‍ പിടിക്കുകയെന്നതു മാത്രമാണ് ലീയുടെ ചുമതല. ആഗോളതലത്തില്‍ ക്ലൈന്റ്‌സുമായി സൗഹൃദം ഊട്ടിയുറപ്പിക്കലും ഭാവിയിലുള്ള ബിസിനസ് വിപുലപ്പെടുത്തുകയും ചെയ്യുന്ന ചുമതലയാണ് അദ്ദേഹത്തിന്റേത്. അതു കൊണ്ടു തന്നെ ലീയുടെ ജയില്‍വാസം ഒരിക്കലും സാംസങിന് പ്രതിസന്ധി തീര്‍ക്കില്ലെന്നതും ഉറപ്പാണ്. മാത്രമല്ല, ലീക്ക് ഇപ്പോള്‍ കോടതി വിധിച്ചിരിക്കുന്നത് അഞ്ച് വര്‍ഷത്തെ തടവ് മാത്രമാണ്. ഇതു തീരെ ചെറിയ കാലയളവായിട്ടും കണക്കാക്കുന്നുണ്ട്.

Comments

comments

Categories: FK Special, Slider