സ്ത്രീകളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത് ഇപ്പോള്‍ എസ്‌യുവികളെന്ന് സര്‍വ്വെ

സ്ത്രീകളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത് ഇപ്പോള്‍ എസ്‌യുവികളെന്ന് സര്‍വ്വെ

28 നഗരങ്ങളിലായി നിലവില്‍ കാര്‍ ഉടമകളായ സ്ത്രീകള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്

ചെന്നൈ : പുരുഷന്‍മാര്‍ക്ക് മാത്രമായ വാഹനമാണോ എസ്‌യുവി ? ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സര്‍വ്വെ അനുസരിച്ച് തീര്‍ച്ചയായും അല്ല എന്നുപറയേണ്ടിവരും. പ്രേമോണ്‍ഏഷ്യ നടത്തിയ സര്‍വ്വെ പ്രകാരം പുരുഷന്‍മാരെപോലെ എസ്‌യുവി / ക്രോസ്ഓവര്‍ സെഗ്‌മെന്റില്‍ ഭ്രമിച്ചിരിക്കുകയാണ് ഇന്ത്യയിലെ സ്ത്രീകളും. കോംപാക്റ്റ് ഹാച്ച്ബാക്കുകളില്‍നിന്നാണ് സ്ത്രീകളുടെ ശ്രദ്ധയും താല്‍പ്പര്യവും വലിയ വാഹനങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്.

28 നഗരങ്ങളിലായി നിലവില്‍ കാര്‍ ഉടമകളായ സ്ത്രീകള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്. ഇവരില്‍ 61 ശതമാനം പേര്‍ക്കും ഹാച്ച്ബാക്കുകളാണ് സ്വന്തമായുള്ളത്. അതേസമയം ഇവരില്‍ അടുത്ത ആറ് മാസത്തിലോ ഒരു വര്‍ഷത്തിനുള്ളിലോ പുതിയ ഹാച്ച്ബാക്ക് വാങ്ങാനാഗ്രഹിക്കുന്നത് 49.2 ശതമാനം പേര്‍ മാത്രമാണ്.

അതേപോലെ, നിലവിലെ വനിതാ കാര്‍ ഉടമകളില്‍ 18.4 ശതമാനം പേര്‍ക്ക് സെഡാനാണ് സ്വന്തമായുള്ളത്. സമീപ ഭാവിയില്‍ പുതിയൊരു സെഡാന്‍ വാങ്ങാന്‍ 22.4 ശതമാനം പേരാണ് തയ്യാറെടുക്കുന്നത്.

സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ 7.3 ശതമാനം വനിതകള്‍ക്കാണ് നിലവില്‍ മള്‍ട്ടി പര്‍പ്പസ്, മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങളുള്ളത്. എന്നാല്‍ 7.7 ശതമാനം സ്ത്രീകള്‍ ഭാവിയില്‍ എംപിവിയോ എംയുവിയോ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നു.

കോംപാക്റ്റ് ഹാച്ച്ബാക്കുകളില്‍നിന്നാണ് സ്ത്രീകളുടെ ശ്രദ്ധയും താല്‍പ്പര്യവും വലിയ വാഹനങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്

എസ്‌യുവികളും ക്രോസ്ഓവറുകളും വാങ്ങാനാഗ്രഹിക്കുന്നവരുടെ എണ്ണത്തിലാണ് വലിയ കുതിച്ചുചാട്ടം കാണാനാകുന്നത്. സര്‍വ്വെയില്‍ പങ്കെടുത്ത 13.3 ശതമാനം സ്ത്രീകള്‍ക്കാണ് നിലവില്‍ എസ്‌യുവികളും ക്രോസ്ഓവറുകളുമുള്ളതെങ്കില്‍ ഭാവിയില്‍ 20.7 ശതമാനം സ്ത്രീകള്‍ ഈ സെഗ്‌മെന്റ് വാഹനങ്ങള്‍ വാങ്ങാന്‍ തയ്യാറാണ്.

ഹാച്ച്ബാക്കുകള്‍ ഉപേക്ഷിച്ച് സ്ത്രീകള്‍ കൂടുതലായി എസ്‌യുവികളും ക്രോസ്ഓവറുകളും വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സര്‍വ്വെയില്‍ വ്യക്തമാകുന്നതെന്ന് പ്രേമോണ്‍ഏഷ്യ സ്ഥാപകനും സിഇഒയുമായ രാജീവ് ലോചന്‍ പറഞ്ഞു. എസ്‌യുവികളോടുള്ള കമ്പം പുരുഷന്‍മാരെ മാത്രമല്ല ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിന്‍ പവറിനും പെര്‍ഫോമന്‍സിനും പ്രാധാന്യം നല്‍കുന്ന സ്ത്രീകളും ധാരാളമാണെന്ന് സര്‍വ്വേയില്‍നിന്ന് വ്യക്തമാണ്.

ഡ്രൈവിംഗ് പഠിക്കാനാരംഭിക്കുന്ന സ്ത്രീകളുടെ ശരാശരി പ്രായം സംബന്ധിച്ച സര്‍വ്വെ രസകരമായ പ്രവണതകളാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. മെട്രോകളില്‍ 23 വയസ്സാകുന്നതിന് മുന്നേ 42 ശതമാനം സ്ത്രീകള്‍ ഡ്രൈവിംഗ് പഠിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ മെട്രോ അല്ലാത്ത, സംസ്ഥാന തലസ്ഥാനങ്ങള്‍ അല്ലാത്ത നഗരങ്ങളില്‍ ഇത് 60-62 ശതമാനമാണ്.

Comments

comments

Categories: Auto