554 ഹൈബ്രിഡ് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആര്‍ടിഎ

554 ഹൈബ്രിഡ് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആര്‍ടിഎ

വായുവിലെ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിന്റേയും ദുബായുടെ പരിസ്ഥിതിക്ക് അനുയോജ്യമാക്കി വാഹനങ്ങളെ മാറ്റുന്നതിന്റേയും ഭാഗമായാണ് ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുന്നത്

ദുബായ്: ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി 554 പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു. ഇതോടെ ദുബായ് ടാക്‌സി കോര്‍പ്പറേഷനിലെ (ഡിടിസി) ഹൈബ്രിഡ് ടാക്‌സികളുടെ എണ്ണം 11 ശതമാനത്തിലേക്ക് എത്തും. ഇന്ധന എന്‍ജിനേയും ഇലക്ട്രിക് മോട്ടോറുകളേയും സംയോജിപ്പിച്ചാണ് ഇത്തരം വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നത്.

വായുവിലെ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിന്റേയും ദുബായുടെ പരിസ്ഥിതിക്ക് അനുയോജ്യമാക്കി വാഹനങ്ങളെ മാറ്റുന്നതിന്റേയും ഭാഗമായാണ് ഹൈബ്രിഡ് വാഹനങ്ങള്‍ സ്വന്തമാക്കുന്നതെന്ന് ഗവണ്‍മെന്റ് ന്യൂസ് ഏജന്‍സിയായ ഡബ്ല്യൂഎഎം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം അവസാനത്തോടെ ഹൈബ്രിഡ് ടാക്‌സികളുടെ എണ്ണം 17 ശതമാനമായി വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലാണ് ഡിടിസി. നിലവില്‍ 503 വാഹനങ്ങളാണ് കോര്‍പ്പറേഷനിലുള്ളത്.

ടാക്‌സികള്‍ പുറം തള്ളുന്ന കാര്‍ബണിന്റെ അളവ് രണ്ട് ശതമാനമായി കുറയ്ക്കാനുള്ള ആര്‍ടിഎയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ആര്‍ടിഎയുടെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ബോര്‍ഡ് ചെയര്‍മാന്‍ മട്ടര്‍ അല്‍ ടയെര്‍

ടാക്‌സികള്‍ പുറം തള്ളുന്ന കാര്‍ബണിന്റെ അളവ് രണ്ട് ശതമാനമായി കുറയ്ക്കാനുള്ള ആര്‍ടിഎയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ആര്‍ടിഎയുടെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ബോര്‍ഡ് ചെയര്‍മാന്‍ മട്ടര്‍ അല്‍ ടയെര്‍ പറഞ്ഞു. ശുദ്ധമായ പരിസ്ഥിതിക്ക് വേണ്ടി ഹരിത വാഹനങ്ങള്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ദുബായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് ഹൈബ്രിഡ് വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. ഇത് കൂടാതെ ദുബായില്‍ ഹൈബ്രിഡ് വാഹനത്തിനുള്ള സാധ്യതകള്‍ വിലയിരുത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രിക്-ഇന്ധന എന്‍ജിനുകള്‍ ഘടിപ്പിച്ച ഹൈബ്രിഡ് ടാക്‌സികളെ പരീക്ഷിച്ച മേഖലയിലെ ആദ്യത്തെ ഗവണ്‍മെന്റ് സ്ഥാപനമാണ് ആര്‍ടിഎ. 2008 മുതല്‍ 2011 വരെയാണ് ഹൈബ്രിഡ് ടാക്‌സികളുടെ പരീക്ഷണം ദുബായില്‍ നടന്നത്. പ്രധാന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ 5,50,000 കിലോമീറ്ററാണ് ഇത്തരം വാഹനങ്ങള്‍ ഓടിയതെന്ന് ഈ പരീക്ഷണം തെളിയിച്ചു. ഇന്ധനക്ഷമത 30 ശതമാനത്തിലേക്ക് എത്താനും കാര്‍ബണ്‍ പുറംതള്ളുന്നത് 30 ശതമാനമായി കുറയ്ക്കാനും ഹൈബ്രിഡ് വാഹനങ്ങള്‍ക്കായെന്ന് അല്‍ ടയെര്‍ വ്യക്തമാക്കി. 2021 ആകുമ്പോഴേക്കും ദുബായിലെ ടാക്‌സികളുടെ 50 ശതമാനം ഹൈബ്രിഡ് വാഹനങ്ങളാക്കാനാണ് ആര്‍ടിഎയുടെ പദ്ധതി.

Comments

comments

Categories: Arabia

Related Articles