ശുദ്ധീകരണ പ്ലാന്റ്: കേന്ദ്രം സഹായിക്കണമെന്ന് ഊര്‍ജകമ്പനികള്‍

ശുദ്ധീകരണ പ്ലാന്റ്: കേന്ദ്രം സഹായിക്കണമെന്ന് ഊര്‍ജകമ്പനികള്‍

സാങ്കേതികഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സഹായം തേടി ഇന്ത്യന്‍ ഊര്‍ജകമ്പനികള്‍

കല്‍ക്കരിഖനികളില്‍ നിന്ന് ഉണ്ടാകുന്ന കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ കേന്ദ്രസഹായമാവശ്യപ്പെട്ട് രാജ്യത്തെ ഊര്‍ജോല്‍പ്പാദക കമ്പനികള്‍ രംഗത്ത്. റിലയന്‍സ് പവര്‍, അദാനി പവര്‍, ജിഎംആര്‍ തുടങ്ങിയ സ്വകാര്യകമ്പനികള്‍ക്കൊപ്പം പൊതുമേഖലാ കമ്പനി എന്‍ടിപിസിയും രംഗത്തുണ്ട്. സഹായം ലഭിച്ചില്ലെങ്കില്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് അവര്‍ വ്യക്തമാക്കി. പ്ലാന്റുകളില്‍ ശുദ്ധീകരണത്തിനായുള്ള സാങ്കേതിക സംവിധാനം സ്ഥാപിക്കാന്‍ 38 ബില്യണ്‍ ഡോളര്‍ ചെലവു വരുമെന്നാണ് കമ്പനികള്‍ പറയുന്നത്. പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കുള്ള സമയപരിധി ഡിസംബര്‍ വരെ നീട്ടണമെന്നും അവര്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ പുറത്തു വിടുന്ന സള്‍ഫര്‍, നൈട്രസ് ഓക്‌സൈഡ് എന്നിവ അന്തരീക്ഷത്തെ മലിനമാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള അവരുടെ വിമുഖത ഇന്ത്യയെ ലോകത്തെ ഏറ്റവും അന്തരീക്ഷമലിനീകരണമുള്ള രാജ്യമായി മാറ്റിത്തീര്‍ക്കും. ശ്വാസകോശരോഗങ്ങള്‍, അമ്ലമഴ, പുകമഞ്ഞ് എന്നിവ ഉണ്ടാകുന്നതു തടയണമെന്നുദ്ദേശിച്ച് പരിസ്ഥിതിമന്ത്രാലയം 2015-ലാണ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി നിശ്ചയിച്ചത്. അന്തരീക്ഷമലിനീകരണമില്ലാത്ത ഊര്‍ജോല്‍പ്പാദനം എന്ന പ്രചാരണവുമായി മുമ്പോട്ടു പോകുന്ന സര്‍ക്കാരാകട്ടെ ധനസഹായം നല്‍കുമോ എന്ന കാര്യത്തില്‍ മൗനം ദീക്ഷിക്കുന്നു.

ഉരുക്കുവ്യവസായത്തിനു പിന്നിലായി രാജ്യത്തെ രണ്ടാമത്തെ വലിയ കിട്ടാക്കടത്തിന്റെ ഉത്തരവാദികളായ ഊര്‍ജോല്‍പ്പാദകര്‍, ദേശീയഹരിത ഊര്‍ജ നിധിയില്‍ നിന്ന് ശുദ്ധീകരണ പ്ലാന്റ് നിര്‍മാണത്തിന് നാലു ബില്യണ്‍ ഡോളര്‍ സഹായമാവശ്യപ്പെട്ടു. 150 ബില്യണ്‍ ഡോളറാണ് അവര്‍ ഇപ്പോള്‍ത്തന്നെ സര്‍ക്കാരിനു നല്‍കാനുള്ളത്. എന്‍ടിപിസി അവരുടെ 28 പ്ലാന്റുകളില്‍ ശുദ്ധീകരണസംവിധാനം സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എട്ടു ബില്യണ്‍ ഡോളറാണ്. വ്യവസായ മലിനീകരണത്തിന്റെ 80 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് താപവൈദ്യുതനിലയങ്ങളാണ്. പുതിയ സാങ്കേതികവിദ്യ സ്ഥാപിക്കുമ്പോള്‍ ഊര്‍ജോല്‍പ്പാദനച്ചെലവ് വര്‍ധിക്കുമെന്ന് അവകാശപ്പെടുന്ന കമ്പനികള്‍ യൂണിറ്റിന് 50 പൈസ മുതല്‍ ഒന്നേകാല്‍ രൂപ വരെ ചാര്‍ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്നും പറയുന്നു. രാജ്യത്തെ ശരാശരി വൈദ്യുതിനിരക്ക് അഞ്ചു രൂപയാണ്. വൈദ്യുതി നിരക്കിലുള്ള വര്‍ധന ഉപഭോക്താക്കളിലും വായ്പദാതാക്കളിലും വലിയ ആഘാതം സൃഷ്ടിക്കുമെന്നും ഊര്‍ജോല്‍പ്പാദക അസോസിയേഷന്‍ മുന്നറിയിപ്പു തരുന്നു.

രാജ്യത്തെ രണ്ടാമത്തെ വലിയ കിട്ടാക്കടത്തിന്റെ ഉത്തരവാദികളായ ഊര്‍ജോല്‍പ്പാദകര്‍, ദേശീയഹരിത ഊര്‍ജ നിധിയില്‍ നിന്ന് ശുദ്ധീകരണ പ്ലാന്റ് നിര്‍മാണത്തിന് നാലു ബില്യണ്‍ ഡോളര്‍ സഹായമാവശ്യപ്പെട്ടു. 150 ബില്യണ്‍ ഡോളറാണ് അവര്‍ ഇപ്പോള്‍ത്തന്നെ സര്‍ക്കാരിനു നല്‍കാനുള്ളത്. എന്‍ടിപിസി അവരുടെ 28 പ്ലാന്റുകളില്‍ ശുദ്ധീകരണസംവിധാനം സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എട്ടു ബില്യണ്‍ ഡോളറാണ്

വേദാന്ത ഗ്രൂപ്പിന്റെ ഊര്‍ജോല്‍പ്പാദക യൂണിറ്റായ തല്‍വന്ദി സാബോ പവര്‍, വൈദ്യുതി വാങ്ങുന്ന പഞ്ചാബ് സംസ്ഥാന പവര്‍ കോര്‍പ്പറേഷന്‍ സാങ്കേതിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന റെഗുലേറ്റര്‍ക്ക് ഹര്‍ജി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച പട്ടികയനുസരിച്ച് പുക ശുദ്ധീകരണ ഉപകരണം സ്ഥാപിക്കാമെന്ന് ആകെ സമ്മതിച്ചിട്ടുള്ളത് അദാനി പവര്‍ മാത്രമാണ്. ഉയരുന്ന വൈദ്യുതി ചാര്‍ജ് മോദി സര്‍ക്കാരിന്റെ ചെലവുകുറയ്ക്കല്‍, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കും. ഊര്‍ജോല്‍പ്പാദകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന കീഴ്‌വഴക്കം മുമ്പില്ലാത്തതാണ്. ഏതു വകുപ്പില്‍പ്പെടുത്തിയാണ് ഇത്തരം ധനസഹായമനുവദിക്കാനാകുക എന്ന ചോദ്യവുമുയരുന്നു. സ്വകാര്യകമ്പനികള്‍ക്ക് സര്‍ക്കാര്‍ പണമനുവദിക്കുകയെന്നത് വലിയ തോതില്‍ രാഷ്ട്രീയാരോപണങ്ങള്‍ക്കും എതിര്‍പ്പിനും കാരണമാകും. ഫലത്തില്‍ ഈ ആശയം നടപ്പാക്കാനാകില്ലെന്നാണു കരുതുന്നത്.

ഊര്‍ജ കമ്പനികളുടെ അടുത്ത പ്രധാന ആവശ്യം പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കുള്ള സമയപരിധി നീട്ടി നല്‍കണമെന്നാണ്. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 78 ശതമാനവും കല്‍ക്കരി പ്ലാന്റുകളില്‍ നിന്നാണ്. ഇന്നു ലോകത്തു തന്നെ ഏറ്റവും ചെലവു കുറഞ്ഞ ഇന്ധനമാണ് കല്‍ക്കരി. ശ്വാസകോശരോഗങ്ങള്‍ക്കു വഴിതെളിക്കുന്ന അന്തരീക്ഷമലിനീകരണത്തിനു വലിയൊരു പരിധിവരെ കാരണം കല്‍ക്കരി പ്ലാന്റുകളാണ്. കേന്ദ്രസഹായം നല്‍കാനായില്ലെങ്കില്‍ ശുദ്ധീകരണോപകരണങ്ങള്‍ സ്ഥാപിക്കാനുള്ള കാലാവധി നീട്ടി നല്‍കുക മാത്രമാണ് സര്‍ക്കാരിനു പിന്നെ ചെയ്യാനാകുകയെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് ബുദ്ധിമുട്ടുകള്‍ പരിസ്ഥിതിമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെങ്കിലും അവര്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഊര്‍ജമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ ഭല്ല പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി മന്ത്രാലയം ആവശ്യം നിഷേധിക്കാനുമിടയുണ്ട്.

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 78 ശതമാനവും കല്‍ക്കരി പ്ലാന്റുകളില്‍ നിന്നാണ്. ഇന്നു ലോകത്തു തന്നെ ഏറ്റവും ചെലവു കുറഞ്ഞ ഇന്ധനമാണ് കല്‍ക്കരി. ശ്വാസകോശരോഗങ്ങള്‍ക്കു വഴിതെളിക്കുന്ന അന്തരീക്ഷമലിനീകരണത്തിനു വലിയൊരു പരിധിവരെ കാരണം കല്‍ക്കരി പ്ലാന്റുകളാണ്. കേന്ദ്രസഹായം നല്‍കാനായില്ലെങ്കില്‍ ശുദ്ധീകരണോപകരണങ്ങള്‍ സ്ഥാപിക്കാനുള്ള കാലാവധി നീട്ടി നല്‍കുക മാത്രമാണ് സര്‍ക്കാരിനു പിന്നെ ചെയ്യാനാകുക

പുതിയ മലിനീകരണനിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ ഭൂരിപക്ഷം ഊര്‍ജനിലയങ്ങള്‍ക്കും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വൈദ്യുത അതോറിറ്റി തന്നെ വ്യക്തമാക്കി. സള്‍ഫര്‍ ഡയോക്‌സൈഡ് പുറന്തള്ളല്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ നടപ്പാക്കാനുള്ള കാലാവധി പരിസ്ഥിതിമന്ത്രാലയം ആറുവര്‍ഷത്തേക്കു നീട്ടുകയും ചെയ്തിട്ടുണ്ട്. ശുദ്ധീകരണ ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള കാലാവധി നീട്ടിക്കിട്ടിയില്ലെങ്കില്‍ വിദേശ ഫണ്ട് ലഭിക്കില്ലെന്ന് പൊതുമേഖലാ കമ്പനി എന്‍ടിപിസി ആശങ്കപ്പെടുന്നു. സഹായം നല്‍കാമെന്ന് ഏറ്റിരിക്കുന്ന വിദേശ ധനകാര്യ ഏജന്‍സികള്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കാര്യത്തില്‍ കര്‍ക്കശക്കാരാണ്. ഇക്കാര്യം വ്യക്തമാക്കി എന്‍ടിപിസി പരിസ്ഥിതിമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. നിലവിലുള്ള വിദേശവായ്പകളെപ്പോലും പരിസ്ഥിതി വ്യവസ്ഥ ലംഘകരെന്ന ദുഷ്‌പേര് ബാധിക്കും. ഇത് കമ്പനിയുടെ വീഴ്ചയായി ചിത്രീകരിക്കപ്പെടുകയും സ്ഥാപനത്തിന് വലിയ തിരിച്ചടിയാകുകയും ചെയ്യും. എന്നാല്‍ ഡിസംബറില്‍ നിന്നു കാലാവധി നീട്ടുന്നതിനെക്കുറിച്ച് ഔപചാരിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കുന്നത്. എല്ലാ ഊര്‍ജകമ്പനികളും മാനദണ്ഡം സംബന്ധിച്ച പരാതിയുമായി സമീപിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വിചാരിക്കുന്നു.

Comments

comments

Categories: FK Special, Slider