പീറ്റര്‍ മക്കെന്‍സി ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയുടെ എംഡി

പീറ്റര്‍ മക്കെന്‍സി ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയുടെ എംഡി

ഹാര്‍ലി-ഡേവിഡ്‌സന്റെ ഗ്രേറ്റര്‍ ചൈനാ മാനേജിംഗ് ഡയറക്റ്റര്‍ക്ക് നല്‍കിയത് ഇന്ത്യയുടെ അധികച്ചുമതല

ന്യൂ ഡെല്‍ഹി : ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി പീറ്റര്‍ മക്കെന്‍സിയെ നിയമിച്ചു. നിലവില്‍ ഗ്രേറ്റര്‍ ചൈനയിലെ ഹാര്‍ലി-ഡേവിഡ്‌സന്റെ മാനേജിംഗ് ഡയറക്റ്ററായ ഇദ്ദേഹത്തിന് ഇന്ത്യയുടെ അധികച്ചുമതല നല്‍കിയിരിക്കുകയാണ്. തുടര്‍ന്നും ഷാങ്ഹായ് കേന്ദ്രമാക്കിയാണ് പീറ്റര്‍ മക്കെന്‍സി പ്രവര്‍ത്തിക്കുക. എന്നാല്‍ ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കും. ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കണ്‍ട്രി മാനേജറായ മനീഷ് അഗര്‍വാള്‍ നോക്കിനടത്തും.

ഹാര്‍ലി-ഡേവിഡ്‌സന്റെ ഇന്ത്യയിലെ ടീമിന് പീറ്റര്‍ മക്കെന്‍സി തന്നെയാണ് നേതൃത്വം നല്‍കുക. സെയ്ല്‍സ്, ഡീലര്‍ നെറ്റ്‌വര്‍ക്-മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, സര്‍വീസ് എന്നിവയുടെയെല്ലാം മേല്‍നോട്ടം മക്കെന്‍സിക്കുതന്നെ. 25 വര്‍ഷത്തെ അനുഭവ സമ്പത്തുമായി 2010 ലാണ് പീറ്റര്‍ മക്കെന്‍സി ഹാര്‍ലിയില്‍ ചേരുന്നത്.

ഇന്ത്യ തന്ത്രപ്രധാന വിപണിയാണെന്ന് ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്‌സ് വിഭാഗം വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ മാര്‍ക് മക്അലിസ്റ്റര്‍ പറഞ്ഞു. ഇന്ത്യയില്‍ ഹാര്‍ലി-ഡേവിഡ്‌സണ് മികച്ച നേതൃത്വം നല്‍കാന്‍ പീറ്റര്‍ മക്കെന്‍സിക്കു കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയിലെ ആഡംബര ക്രൂസിംഗ് സെഗ്‌മെന്റിന്റെ വളര്‍ച്ചയിലാണ് ഹാര്‍ലി-ഡേവിഡ്‌സണ്‍ കണ്ണുവെയ്ക്കുന്നത്. ലോകത്തെ രണ്ട് വലിയ വിപണികളുടെ ചുമതല വഹിക്കുന്ന പീറ്റര്‍ മക്കെന്‍സിക്ക് വരുംനാളുകളില്‍ ഭഗീരഥ പ്രയത്‌നം തന്നെ നടത്തേണ്ടിവരും.

Comments

comments

Categories: Auto