നിലേക്കനിയുടെ തിരിച്ചുവരവ് ; ഓഹരി വിപണിയില്‍ ഇന്‍ഫോസിസ് കരകയറുന്നു

നിലേക്കനിയുടെ തിരിച്ചുവരവ് ; ഓഹരി വിപണിയില്‍ ഇന്‍ഫോസിസ് കരകയറുന്നു

മുബൈ: നന്ദന്‍ നിലേക്കനി നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റതോടെ ഇന്‍ഫോസിസിന്റെ ഓഹരി വിപണിയിലെ മോശം സമയം അവസാനിക്കുകയാണെന്ന് ബ്രോക്കറേജുകള്‍. നിലേക്കനി ചുമതലയേറ്റതിനു പിന്നാലെ ഇന്നലെ ഇന്‍ഫോസിസ് ഓഹരികള്‍ നേട്ടത്തിലായി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ മൂന്ന് ശതമാനത്തിലധികം നേട്ടത്തോടെ 954 രൂപ ഇന്‍ഫോസിസ് ഓഹരികള്‍ ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ഉയര്‍ന്നു.

ഓഹരി വിപണിയില്‍ ഇന്‍ഫോസിസിന്റെ മോശം സമയം കഴിഞ്ഞെന്ന സൂചനയാണ് ബ്രോക്കറേജുകള്‍ നല്‍കുന്നത്. എന്നാല്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ഭരണം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ടെന്നും ബ്രോക്കറേജുകള്‍ പറയുന്നു. വിശാല്‍ സിക്കയുടെ അപ്രതീക്ഷിത രാജിയോടെ ഓഹരി വിപണിയില്‍ ഇന്‍ഫോസിസ് കനത്ത നഷ്ടം നേരിട്ടിരുന്നു. ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള പത്ത് കമ്പനികളുടെ പട്ടികയില്‍ നിന്നും ഇന്‍ഫോസിസ് പുറത്തു പോകുകയും ചെയ്തിരുന്നു. നിലേക്കനിയുടെ തിരിച്ചുവരവ് ഇന്‍ഫോസിസില്‍ സ്ഥിരത കൊണ്ടുവരുമെന്നാണ് ജെഫറീസിന്റെ നിരീക്ഷണം.

കമ്പനി സ്ഥാപകരുമായുള്ള അഭിപ്രായ ഭിന്നത കുറയ്ക്കുന്നതിനും അടുത്ത സിഇഒയെ സംബന്ധിച്ച ആശങ്കകള്‍ ലഘൂകരിക്കുന്നതിനും നിലേക്കനിയുടെ തിരിച്ചുവരവ് സഹായിക്കുമെന്നും ജെഫറീസ് പറഞ്ഞു. ഓഹരി വിപണിയില്‍ കരുത്തുറ്റ മുന്നേറ്റം നിലനിര്‍ത്താന്‍ ഇന്‍ഫോസിസിനു സാധിക്കുമെന്നും ജെഫറീസ് നിരീക്ഷിക്കുന്നു. നിലേക്കനിയുടെ മടങ്ങിവരവിനെ മികച്ച നീക്കമായാണ് ഐഡിബിഐ കാപിറ്റല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു നീക്കം പെട്ടെന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും ഇന്‍ഫോസിസിന്റെ മോശം സമയം അവസാനിച്ചെന്നും ഐഡിബിഐ കാപിറ്റലും പറയുന്നു.

 

Comments

comments

Categories: Slider, Top Stories