മലിനവായുവില്‍നിന്നു മഷിയും നിര്‍മിക്കാം

മലിനവായുവില്‍നിന്നു മഷിയും നിര്‍മിക്കാം

പാഴ്മുളം തണ്ട് വെട്ടിയൊതുക്കി രൂപപ്പെടുത്തുമ്പോഴാണ് ശ്രവണസുന്ദര ഗാനം പൊഴിക്കുന്ന ഓടക്കുഴലാകുന്നത്. പാഴ് വസ്തുവല്ലേ എന്നു കരുതി അവഗണിക്കുന്ന ഏതൊരു സാധനവും കുപ്പത്തൊട്ടിയില്‍ പതിക്കും. എന്നാല്‍ ഓരോന്നിനും അതിന്റേതായ ഗുണമുണ്ടെന്നു കരുതുന്നവര്‍ക്ക് പുല്ലും ആയുധമാക്കാനാകും. ഡല്‍ഹി ഐഐടിയില്‍നിന്നും എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മൂന്ന് ചെറുപ്പക്കാര്‍ക്ക് പറയാനുള്ളതും ഒരു വിജയ കഥയാണ്. അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന ബ്ലാക്ക് കാര്‍ബണില്‍നിന്നും മഷിയും, പെയ്ന്റും ഉല്‍പാദിപ്പിക്കാമെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു.

അന്തരീക്ഷ മലിനീകരണത്തിലൂടെ പ്രതിവര്‍ഷം ഇന്ത്യയില്‍ പത്ത് ലക്ഷം പേര്‍ അകാലമൃത്യു വരിക്കുന്നുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. വായു മലിനീകരണ തോതിന്റെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനമലങ്കരിക്കുന്നതു ചൈനയാണ്. അധികം താമസിയാതെ തന്നെ ഇന്ത്യ ഇക്കാര്യത്തില്‍ ചൈനയെ മറികടക്കുമെന്നും കരുതപ്പെടുന്നുണ്ട്. ഇന്ത്യയില്‍ വായു മലിനീകരണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഡല്‍ഹിയാണ്. വായുമലിനീകരണത്തെ തുടര്‍ന്ന് അവിടെ നിരവധി പേരാണു ശ്വസന സംബന്ധമായ അസുഖത്തിനു ചികിത്സ തേടുന്നത്.

വായു മലിനീകരണം സൃഷ്ടിക്കുന്ന ഭീഷണികളും വെല്ലുവിളികളും നമ്മളെ ആശങ്കപ്പെടുത്താന്‍ പര്യാപ്തമാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ എങ്ങനെ മറികടക്കാമെന്നു തെളിയിച്ചിരിക്കുകയാണു ഡല്‍ഹിയിലെ ഒരു കൂട്ടം യുവ സംരംഭകര്‍. വായു മലിനീകരണത്തെ നമ്മള്‍ ഭീതിയോടെ നോക്കുമ്പോള്‍, അതില്‍ നിന്നും മഷിയും പെയ്ന്റും നിര്‍മിക്കാമെന്നു തെളിയിച്ചിരിക്കുന്നു ചക്കര്‍ ഇന്നൊവേഷന്‍സ് (chakr Innovations) എന്ന ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ്. അന്തരീക്ഷത്തില്‍ കാണപ്പെടുന്ന പുകപ്പൊടി അഥവാ ബ്ലാക്ക് കാര്‍ബണില്‍ (soot) നിന്നുമാണു മഷി ഉല്‍പ്പാദിപ്പിക്കാമെന്നു കണ്ടുപിടിച്ചിരിക്കുന്നത്. ഡീസല്‍ ജനററേറ്റര്‍, ഡീസല്‍ എഞ്ചിന്‍ തുടങ്ങിയവയില്‍നിന്നും പുറന്തള്ളുന്ന ബ്ലാക്ക് കാര്‍ബണില്‍നിന്നുമാണ് പ്രധാനമായും ഈ സ്റ്റാര്‍ട്ടപ്പ് മഷി ഉല്‍പ്പാദിപ്പിക്കുന്നത്. കാഴ്ചയെ മറയ്ക്കാനും (കണ്ണിന്റെ കാഴ്ചയല്ല), ലോഹങ്ങളെ ദ്രവിപ്പിക്കാനും ആസിഡ് റെയിന്‍ ഉണ്ടാക്കാനും ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടാക്കുവാനും, ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നതാണു ബ്ലാക്ക് കാര്‍ബണ്‍. ഇത്തരത്തില്‍ പ്രകൃതിക്കു ദോഷകരമായി മാറുന്ന മാലിന്യത്തെ ശാസ്ത്രീയമായി സംസ്‌കരിച്ചു അവ വാണിജ്യപരമായി പ്രയോജനപ്പെടുത്താമെന്നു യുവ സംരംഭകര്‍ തെളിയിച്ചിരിക്കുന്നത്.

ഐഐടി ഡല്‍ഹിയില്‍നിന്നും പുറത്തിറങ്ങിയ അര്‍പിത് ദുപര്‍, പ്രതീക് സച്ചന്‍, കുശാഗ്ര ശ്രീവാസ്തവ തുടങ്ങിയ മൂന്ന് എഞ്ചിനീയര്‍മാരാണു ചക്കര്‍ എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ സ്ഥാപകര്‍. അര്‍പിത് ഒരിക്കല്‍ വഴിവക്കിലുള്ള കടയില്‍നിന്നും കരിമ്പിന്‍ ജ്യൂസ് (sugarcane juicie) കഴിക്കവേയാണു മലിനീകരണത്തെ കുറിച്ചും അതിന്റെ പരിഹാഹമാര്‍ഗങ്ങളെ കുറിച്ചും ചിന്തിക്കാന്‍ ഇടയായത്. കരിമ്പില്‍നിന്നും സത്ത് പിഴിഞ്ഞെടുക്കാന്‍ ഉപയോഗിച്ച ക്രഷറില്‍നിന്നും പുറന്തള്ളിയ കറുത്ത പുക, അര്‍പിത് ശ്രദ്ധിച്ചു. ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്രഷറിനു സമീപം വെളുത്ത നിറത്തിലുള്ളൊരു ഭിത്തിയുണ്ടായിരുന്നു. പുക സ്ഥിരമായി ഈ ഭിത്തിയില്‍ പതിയുന്നതിനാല്‍ ഭിത്തിയുടെ ഭാഗം കറുത്ത നിറമായി മാറിയിരുന്നു. ഈ കാഴ്ചയാണ് അര്‍പിതിനെ ഇരുത്തി ചിന്തിപ്പിച്ചത്. രണ്ട് മാസത്തെ ചിന്ത 22-കാരനായ അര്‍പിതിനെ കൊണ്ടെത്തിച്ചതു മഷി നിര്‍മിക്കുന്ന സ്റ്റാര്‍ട്ട് അപ്പിലേക്കാണ്. സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കാന്‍ രണ്ട് കോടി രൂപ യുഎസ്, സിംഗപ്പൂര്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളില്‍നിന്നും സ്വരൂപിക്കുകയും ചെയ്തു.

സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ചക്കറിന്റെ ക്ലൈന്റ്‌സുകള്‍ മുന്‍നിര കമ്പനികളാണ്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, റിലൈന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ദി അമേരിക്കന്‍ ടവര്‍ കോര്‍പറേഷന്‍, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവരാണു ചക്കര്‍ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നത്. ഡല്‍ഹി മെട്രോ, കെഎഫ്‌സി തുടങ്ങിയവരുമായി ബിസിനസ് ടൈ അപ്പ് സ്ഥാപിക്കാനുള്ള കമ്പനിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.

ചക്കറിന്റെ സിഇഒ കുശാഗ്ര ശ്രീവാസ്തവയും സിഒഒ പ്രതീക് സച്ചിനും.

മഷി, പെയ്ന്റ് നിര്‍മാണത്തിനായി ചക്കര്‍ ഷീല്‍ഡ് എന്നൊരു ഉപകരണം അര്‍പിതും കൂട്ടുകാരും ചേര്‍ന്ന് വികസിപ്പിച്ചെടുത്തു. ഡീസല്‍ ജനറേറ്ററുകളില്‍നിന്നു പുറന്തള്ളുന്ന പുകപ്പൊടികളെയും മറ്റ് മലിന വായുവിനെയും ഈ ഉപകരണം വലിച്ചെടുക്കും. ഇത്തരത്തില്‍ ശേഖരിച്ച മലിനവസ്തുവിലേക്കു ഒരു ലായനി (solution) ചേര്‍ക്കുന്നതോടെ ഇത് മഷിയും, പെയ്ന്റുമാകും. ഈ മഷി പേപ്പര്‍ പ്രിന്റിംഗിനോ, ടെക്‌സ്റ്റൈയില്‍ പ്രിന്റിംഗിനോ ഉപയോഗിക്കുകയും ചെയ്യാം.

ഡല്‍ഹിയില്‍ വിവിധ പ്രദേശങ്ങളിലായി ചക്കര്‍ ഷീല്‍ഡ് എന്ന ഉപകരണം ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇൗ ഉപകരണം ഉപയോഗിച്ചു 180 കിലോ സൂക്ഷ്മ തരികള്‍ (particulate matter) ശേഖരിച്ചെന്നു കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, ഈ പ്രക്രിയയിലൂടെ 90 ബില്യന്‍ ക്യുബിക് മീറ്റര്‍ (m3) വായു ശുദ്ധീകരിക്കാനും സാധിച്ചതായി കമ്പനി പറയുന്നു. ഒരു മനുഷ്യന്‍ ശരാശരി നാല് വര്‍ഷം കൊണ്ട് ശ്വസിക്കുന്നത് 7,000 ക്യുബിക് മീറ്റര്‍ (m3) വായുവാണ്.

ബ്ലാക്ക് കാര്‍ബണില്‍ (soot) നിന്നും നിര്‍മിക്കുന്ന ജീശിസ എന്ന മഷി ഉപയോഗിച്ചു ചക്കര്‍ കമ്പനി ഇന്ന് ഇന്‍ക്‌ജെറ്റ് പ്രിന്ററുകളും ടി-ഷര്‍ട്ടുകളും നിര്‍മിക്കുന്നുണ്ട്.

30 ഗ്രാം സൂക്ഷ്മ തരികള്‍ (particulate matter) ഉപയോഗിച്ച് ഒരു ലിറ്റര്‍ മഷി ഉല്‍പാദിപ്പിക്കാനാകുമെന്നു കമ്പനി പറയുന്നു. ഒരു ലിറ്റര്‍ മഷിയുണ്ടെങ്കില്‍ 25-30 ടീ ഷര്‍ട്ടുകളുടെ ഡിസൈന്‍, പ്രിന്റിംഗ് നടക്കും.

ഐ-ഷോ അവാര്‍ഡ് ട്രോഫിയുമായി ചക്കര്‍ ഇന്നൊവേഷന്‍സിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ അര്‍പിത് ദുപര്‍. എന്‍ഞ്ചിനീയറിംഗ് ഫോര്‍ ചെയ്ഞ്ചിന്റെ പ്രസിഡന്റ് നോഹ എല്‍ ഗോബസി സമീപം.

ചക്കര്‍ കമ്പനിക്ക് ഇന്നു നിരവധി ക്ലൈന്റ്‌സുകളുണ്ട്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, റിലൈന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ദി അമേരിക്കന്‍ ടവര്‍ കോര്‍പറേഷന്‍, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവരൊക്കെ ചക്കര്‍ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നവരാണ്. ഡല്‍ഹി മെട്രോ, കെഎഫ്‌സി തുടങ്ങിയവരുമായി ബിസിനസ് ടൈ അപ്പ് സ്ഥാപിക്കാനുള്ള കമ്പനിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. ബിസിനസ് ടു ബിസിനസ് (b2b) സെയില്‍സിനാണ് ഇപ്പോള്‍ കമ്പനി പ്രാധാന്യം നല്‍കുന്നത്.

എന്നാല്‍ ബ്ലാക്ക് കാര്‍ബണില്‍ നിന്നും നിര്‍മിക്കുന്ന കമ്പനിയുടെ മറ്റൊരു ഉല്‍പന്നമായ പോയിങ്ക് (poink) ഉടന്‍ തന്നെ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളില്‍ ലഭ്യമാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. മഷിക്കു വിപണിയില്‍ നിന്നും ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തെ കുറിച്ചു കമ്പനി ചിന്തിക്കുകയെന്നും അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special, Slider