സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു. ജസ്റ്റിസ് ജെ എസ് കേഹര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസായി ദീപക് മിശ്ര തിങ്കളാഴ്ച സ്ഥാനമേറ്റത്. ഒഡിഷയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് ദീപക് മിശ്ര. അടുത്ത വര്‍ഷം ഒക്‌റ്റോബര്‍ 2 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.

2011ലാണ് ജസ്റ്റിസ് മിശ്ര സുപ്രീംകോടതിയിലെത്തുന്നത്. ദേശീയ ഗാനം സിനിമാ തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള ദീപക് മിശ്രയുടെ ഉത്തരവ് വിവാദം സൃഷ്ടിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന കര്‍ശന ഉത്തരവ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയതും മിശ്രയാണ്.

യാക്കൂബ് മേമന്റെ ദയാ ഹര്‍ജി പരിഗണിച്ച ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര. ഡല്‍ഹി നിര്‍ഭയ കേസില്‍ വിധിപറഞ്ഞ മൂന്നംഗ ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു. എഫ്‌ഐആറുകളുടെ കോപ്പി 24 മണിക്കൂറിനകം വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യണമെന്ന് ഉത്തരവിട്ടത് ജസ്റ്റിസ് മിശ്രയാണ്.

അയോധ്യയിലെ ഭൂമി തര്‍ക്കം, ആധാര്‍ തുടങ്ങിയ നിര്‍ണായക കേസുകളാണ് ഇനി ദീപക് മിശ്രയ്ക്ക് മുന്നിലുള്ളത്. രാജ്യത്ത് കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുക, കീഴ്‌ക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുക തുടങ്ങിയവയും പുതിയ ചീഫ് ജസ്റ്റിസിന് മുന്നിലുള്ള വെല്ലുവിളികളാണ്.

Comments

comments

Categories: Slider, Top Stories