ആഗോള സാമ്പത്തിക രംഗം തിരിച്ചുവരുന്നു

ആഗോള സാമ്പത്തിക രംഗം തിരിച്ചുവരുന്നു

ഐഎംഎഫിന്റെ ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇത് ശുഭപ്രതീക്ഷ നല്‍കുന്നു, എല്ലാ വിപണികള്‍ക്കും

അടുത്തിടെ ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) ചീഫ് ഇക്കണോമിസ്റ്റ് പറഞ്ഞത് ആഗോള സമ്പദ് വ്യവസ്ഥ മികച്ച രീതിയില്‍ പ്രകടനം നടത്തുന്നുവെന്നാണ്. മാന്ദ്യ സാഹചര്യത്തിനു ശേഷം ലോക സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലേക്കെത്തുന്ന സൂചനയാണ് മൗറിസ് ഒബ്സ്റ്റ്‌ഫെല്‍ഡ് എന്ന ഐഎംഎഫ് സാമ്പത്തിക വിദഗ്ധന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാവുന്നത്.

ലോക സമ്പദ് വ്യവസ്ഥയുടെ ഭാവി പ്രവചിക്കുന്ന ഐഎംഎഫിന്റെ പുതിയ അവലോകന റിപ്പോര്‍ട്ട് ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പുറത്തുവരാനിരിക്കെയാണ് ചീഫ് ഇക്കണോമിസ്റ്റിന്റെ വിലയിരുത്തല്‍ വന്നിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ജൂലൈയില്‍ ഐഎംഎഫ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2017ല്‍ ആഗോള സമ്പദ് വ്യവസ്ഥ 3.5 ശതമാനവും 2018ല്‍ 2.5 ശതമാനവും വളരും. എന്നാല്‍ സാഹചര്യങ്ങളില്‍ വന്ന മാറ്റം 2018ലെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഉണര്‍വ് വരുത്തിയേക്കാം എന്നാണ് സൂചന. റിസ്‌ക് നിറഞ്ഞ സാഹചര്യങ്ങള്‍ കുറഞ്ഞുവരുന്നതാണോ പുതിയ നിഗമനത്തിലേക്ക് ഐഎംഎഫിനെ നയിച്ചതെന്ന് വ്യക്തമല്ല. റിപ്പോര്‍ട്ട് പുറത്തുവരുന്ന സാഹചര്യത്തില്‍ മാത്രമേ അത് പൂര്‍ണമായും തിരിച്ചറിയാന്‍ സാധിക്കൂ.

2015ലെ ആഗോള വ്യാപാര കണക്കുകള്‍ അനുസരിച്ച് കുറച്ച് മന്ദഗതിയിലായിരുന്നു വിവിധ രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥകള്‍. 2009ലെ ആഗോള മാന്ദ്യത്തിനു ശേഷം അന്താരാഷ്ട്ര തലത്തിലെ കയറ്റുമതിയില്‍ ആദ്യമായി ഇടിവുണ്ടായ വര്‍ഷം 2015 ആണെന്നാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായത്. എണ്ണ അധിഷ്ഠിത സമ്പദ് വ്യവസ്ഥകള്‍ക്ക് കാലിടറിയതോടെ സാമ്പത്തിക പാതയില്‍ കൂടുതല്‍ വഴുതലാണ് അനുഭവപ്പെടുന്നതെന്നായിരുന്നു ആ പഠനം പറഞ്ഞത്. അതുകൊണ്ടുതന്നെ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റിന്റെ പ്രസ്താവനയും പുറത്തുവരാനിരിക്കുന്ന അവരുടെ റിപ്പോര്‍ട്ടും പ്രസക്തമാകും എന്നു വേണം കരുതാന്‍.

അമേരിക്കയുടെ വളര്‍ച്ച ഇനി എങ്ങോട്ട് എന്ന പ്രശ്‌നവും ഉദിക്കുന്നുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംരക്ഷണവാദ നയങ്ങളും ബ്രെക്‌സിറ്റിന്റെ അനന്തരഫലങ്ങളും ഏതെല്ലാം മേഖലകളില്‍ എത്രമാത്രം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ അമേരിക്കയ്ക്ക് അനുകൂലമാണെന്നാണ് അവരുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കരുതുന്നത്. ആഗോള സമ്പദ് വ്യവസ്ഥയില്‍ കാര്യങ്ങള്‍ മെച്ചപ്പെടുന്നത് അമേരിക്കയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് ഇന്നലെ ജാനറ്റ് യെല്ലെന്‍ പറഞ്ഞത്. അടുത്ത കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ തരക്കേടില്ലാത്ത രീതിയില്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച അമേരിക്കയ്ക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ അനിശ്ചിതത്വത്തിലൂന്നിയ വികസന പദ്ധതികള്‍ ഇതിനോട് ചേര്‍ന്ന് പോകുന്നതാണോ എന്ന സംശയം ഉടലെടുക്കുന്നുമുണ്ട്. ട്രംപിന്റെ നയങ്ങളോട് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ എത്തരത്തില്‍ പ്രതികരിക്കും എന്നതാണ് ഉറ്റുനോക്കേണ്ട കാര്യം.

അതേസമയം, പുതിയ ലോകക്രമത്തിലേക്ക് ഇന്ത്യ കൂടുതല്‍ സംഭാവന നല്‍കും എന്നു വേണം കരുതാന്‍. വിവിധ മേഖലകളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യ. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ഒന്നുകൂടി ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതും ഇന്ത്യയുടെ ലോകവിഹിതം കൂട്ടിയേക്കും. അതിനോടൊപ്പം പുതിയ സാമ്പത്തിക പരിഷ്‌കരണ നയങ്ങളും ചരക്കു സേവന നികുതി പോലുള്ള സുപ്രധാന പദ്ധതികളും ഇന്ത്യയുടെ വളര്‍ച്ച ആഗോളതലത്തില്‍ തന്നെ ത്വരിതപ്പെടുത്താനാണ് സാധ്യത. വിവിധ കാരണങ്ങളാല്‍ ചൈനയുടെ വളര്‍ച്ചാ പ്രതീക്ഷകള്‍ അസ്തമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യക്കും മറ്റ് ലോകരാജ്യങ്ങള്‍ക്കും അത് വലിയ അവസരമാണ് തുറന്നിടുക.

Comments

comments

Categories: Editorial, Slider