ഡോക്‌ലാമില്‍ സമവായം; സൈനികര്‍ പിന്‍മാറും

ഡോക്‌ലാമില്‍ സമവായം; സൈനികര്‍ പിന്‍മാറും

തങ്ങളുടെ സൈനികര്‍ പെട്രോളിംഗ് തുടരുമെന്ന് ചൈന

ന്യൂഡെല്‍ഹി: ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തി. കഴിഞ്ഞ രണ്ടര മാസത്തോളമായി നീണ്ടുനിന്ന സംഘര്‍ഷാവസ്ഥ അവസാനിപ്പിച്ചുകൊണ്ട് ഇരു രാജ്യങ്ങളുടെയും സൈന്യം അതിര്‍ത്തിയില്‍ നിന്നും പിന്മാറുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. അടുത്തകാലത്തായി ഈ വിഷയത്തില്‍ ഇന്ത്യയും ചൈനയും നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ ഫലം കണ്ടതായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. ഡോക്‌ലാമില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്മാറാന്‍ തുടങ്ങിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഇന്ത്യ മാത്രമാണ് സൈന്യത്തെ പിന്‍വലിക്കുന്നതെന്നാണ് ചൈനയുടെ നിലപാടെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോക്‌ലാം മേഖലയില്‍ ചൈനീസ് സൈന്യം നടത്തുന്ന പട്രോളിംഗ് തുടരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും ചൈനയും ഭൂട്ടാനും അതിര്‍ത്തി പങ്കിടുന്ന ഡോക്‌ലാമിലേക്ക് ചൈന റോഡ് നിര്‍മാണം ആരംഭിച്ചതാണ് ഇന്ത്യയെയും ഭൂട്ടാനെയും പ്രകോപിപ്പിച്ചത്. 2012ലെ ഉടമ്പടി പ്രകാരം ട്രൈ ജംക്ഷനില്‍ എന്തെങ്കിലും തീരുമാനമെടുക്കണമെങ്കില്‍ മൂന്നു രാജ്യങ്ങളുടെയും അനുമതി ആവശ്യമാണ്. ട്രൈ ജംക്ഷനിലെ സോംപെല്‍റി ഭാഗത്ത് റോഡ് നിര്‍മാണം തുടങ്ങിയതാണു വിവാദത്തിനു തുടക്കം കുറിച്ചത്.

ഇന്ത്യയുമായി സൈനികമായും നയതന്ത്രപരമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഭൂട്ടാന്റെ അതിര്‍ത്തി സംരക്ഷണാര്‍ത്ഥമാണ് ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യ ഇടപെട്ടത്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയിലേക്ക് എളുപ്പത്തില്‍ കടന്നുകയറാന്‍ ചൈനയ്ക്ക് സാധ്യത നല്‍കുന്ന റോഡ് നിര്‍മാണത്തിനെതിരേ ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം കടന്നുകയറിയെന്ന നിലപാടാണ് ഇതിനു ബദലായി ചൈന ഉയര്‍ത്തിയത്.

ഒന്നരമാസത്തോളമായി പ്രശ്‌നപരിഹാരത്തിന് വിദേശകാര്യമന്ത്രാലയം ശ്രമം നടത്തിവരികയാണ്. ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ പ്രശ്‌നപരിഹാരത്തിന് തയാറല്ലെന്ന നിലപാടിലായിരുന്നു ചൈനീസ് അധികൃതര്‍. ചൈന അതിക്രമിച്ചു കയറി റോഡ് നിര്‍മാണം നടത്തിയത് തടയുകയായിരുന്നുവെന്ന് ഇന്ത്യയും ആരോപിച്ചു. ഇതേ തുടര്‍ന്ന് ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം പോലും വഷളാവുന്ന തരത്തില്‍ ഇരു സൈനിക ഗ്രൂപ്പുകളും അതിര്‍ത്തിയില്‍ മുഖാമുഖം തുടര്‍ന്നു.

ഡോക്‌ലാം വിഷയത്തില്‍ വിവിധ തലത്തില്‍ നിന്നുള്ള ആശങ്കകള്‍ മുന്‍ നിര്‍ത്തി കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്രപരമായ ആശയവിനിമയം ശക്തിപ്പെടുത്തിയെന്നും അതിന്റെ ഫലമായി ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബര്‍ ആദ്യ വാരം ചൈനയിലെ ഷിയാമെനില്‍ ബ്രിക്‌സ് (ബ്രിട്ടന്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടി നടക്കാനിരിക്കെയാണ് ഡോക്‌ലാം തര്‍ക്കത്തില്‍ കൂട്ടായ്മയിലെ പ്രമുഖ രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മില്‍ സമവായമായിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories