ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ക്കെതിരെയുള്ള പരാതികള്‍ വര്‍ധിച്ചു

ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ക്കെതിരെയുള്ള പരാതികള്‍ വര്‍ധിച്ചു

കമ്പനികളെ നെയിം ആന്‍ഡ് ഷെയിം വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ക്യുസിഐ ശുപാര്‍ശ

ന്യൂഡെല്‍ഹി: ഉപഭോക്താക്കള്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ സര്‍ക്കാരിനു നല്‍കിയ പരാതികള്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടിയതായി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ(ക്യുസിഐ)റിപ്പോര്‍ട്ട്. ഇത്തരം കമ്പനികളെ നെയിം ആന്‍ഡ് ഷെയിം വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ക്യുസിഐ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആകെ 88 മന്ത്രാലയങ്ങളിലായി 12 ലക്ഷത്തോളം പരാതികളാണ് കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിനു ലഭിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 8.7 ലക്ഷം കൂടുതലാണിത്.

എയര്‍ ഇന്ത്യ സേവനങ്ങളെപ്പറ്റിയാണ് വ്യോമയാന മന്ത്രാലയത്തിന് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. നിയമ വിരുദ്ധമായി നടക്കുന്ന ഗോവധം സംബന്ധിച്ചാണ് പരിസ്ഥിതി മന്ത്രാലയത്തിനു ലഭിച്ച പരാതികളില്‍ അധികവും. ഡിജിറ്റല്‍ സെറ്റ് ഓഫ് ബോക്‌സ് വിഷയത്തിലാണ് ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനു ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും. എല്ലാ പോണ്‍ സൈറ്റുകളും നിരോധിക്കണമെന്ന ആവശ്യവും പൗരന്‍മാര്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഉല്‍പ്പന്നത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കാത്തത്, റീഫണ്ട് നല്‍കാന്‍ വിസമ്മതിക്കുക, ഡെലിവറി-എക്‌സ്‌ചേഞ്ച് നയങ്ങള്‍, കൃത്യമായ മാനദണ്ഡങ്ങളില്ലാത്ത വില നിലവാരവും ഡിസ്‌കൗണ്ടും, നിലവാരമില്ലാത്ത ഉപഭോക്തൃ സേവനം എന്നിവയുമായി ബന്ധപ്പെട്ടാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ ലഭിച്ചിരിക്കുന്ന പരാതികള്‍. ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് കൃത്യമായി ഒരു നയം സ്വീകരിക്കാത്തതിനാണ് ഇത്തരം പരാതികള്‍ വര്‍ധിക്കുന്നതെന്നാണ് ക്യുസിഐയുടെ അഭിപ്രായം. ഉപഭോക്താക്കളുടെ പരാതികള്‍ ഏറ്റവും കൂടുതല്‍ തീര്‍പ്പാകാതെ കിടക്കുന്ന ഇ-കൊമേഴ്‌സ് കമ്പനികളെ നെയിം ആന്‍ഡ് ഷെയിം വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ക്യുസിഐ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പരാതികള്‍ വിശകലനം ചെയ്തതിനുശേഷം ഭാവിയില്‍ പരാതികളുടെ എണ്ണം കുറയ്ക്കുന്നതിന് ഇവയുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി മാറ്റങ്ങള്‍ വരുത്തണമെന്നാണ് പഠന റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്. ഗോഹത്യാ പരാതികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആധുനിക സാങ്കേതികവിദ്യയും ഫയര്‍വാള്‍ സുരക്ഷയും ഉപയോഗിച്ച് പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നും റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിന് എയര്‍ സേവ ആപ്ലിക്കേഷനെ വിമാന യാത്രയുടെ എല്ലാ വിവരങ്ങളും അറിയാന്‍ കഴിയുന്ന ഉത്തമമായ ഉറവിടമായി ഉയര്‍ത്തിയെടുക്കണമെന്നും ക്യുസിഐ നിര്‍ദ്ദേശിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy