എഎസ്‌കെ ഗ്രൂപ്പ് വിവിധ ഭവന പദ്ധതികളില്‍ ആയിരം കോടി നിക്ഷേപിക്കും

എഎസ്‌കെ ഗ്രൂപ്പ് വിവിധ ഭവന പദ്ധതികളില്‍ ആയിരം കോടി നിക്ഷേപിക്കും

ഇടത്തരം-ചെലവുകുറഞ്ഞ ഭവന പദ്ധതികളിലാണ് നിക്ഷേപം നടത്തുന്നത്

ന്യൂ ഡെല്‍ഹി : ധനകാര്യ സേവന കമ്പനിയായ എഎസ്‌കെ ഗ്രൂപ്പ് ഈ സാമ്പത്തിക വര്‍ഷം വിവിധ ഭവന പദ്ധതികളില്‍ ആയിരം കോടി രൂപയുടെ നിക്ഷേപം നടത്തും. സ്വകാര്യ ഓഹരി നിക്ഷേപങ്ങള്‍ക്കാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഎസ്‌കെ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. റിയല്‍ എസ്‌റേറ്റ് നിയമമായ റെറ, ചരക്ക് സേവന നികുതി എന്നിവ പ്രാബല്യത്തില്‍വന്നശേഷം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ അവസരങ്ങളാണ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.

സ്വകാര്യ ഓഹരി നിക്ഷേപമായി 1,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തുമെന്ന് എഎസ്‌കെ പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ അമിത് ഭഗത് പറഞ്ഞു. ഇടത്തരം-ചെലവുകുറഞ്ഞ ഭവന പദ്ധതികളിലാണ് നിക്ഷേപം നടത്തുക.

റിയല്‍ എസ്റ്റേറ്റ് ഡെഡിക്കേറ്റഡ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും മറ്റുമായി എഎസ്‌കെ ഗ്രൂപ്പ് തുടങ്ങിയ സംരംഭമാണ് എഎസ്‌കെ പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്. ഡെല്‍ഹി-ദേശീയ തലസ്ഥാന മേഖല, മുംബൈ, പുണെ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ ആറ് നഗരങ്ങളിലെ ഭവന പദ്ധതികളിലാണ് എഎസ്‌കെ പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് പ്രധാനമായും നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ആറ്-ഏഴ് വര്‍ഷങ്ങളിലായി റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളില്‍ 3,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഗ്രൂപ്പിന് കഴിഞ്ഞു

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 300 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി ഭഗത് അറിയിച്ചു. ഈ വര്‍ഷം മെയ് മാസത്തില്‍ എടിഎസ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ നോയ്ഡയിലെ മിക്‌സ്ഡ്-യൂസ് ഡെവലപ്‌മെന്റ് പ്രോജക്റ്റായ നൈറ്റ് ബ്രിഡ്ജില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തേയ്ക്ക് ഇതോടെയാണ് എഎസ്‌കെ ഗ്രൂപ്പ് കടന്നുവന്നത്.

കഴിഞ്ഞ ആറ്-ഏഴ് വര്‍ഷങ്ങളിലായി റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളില്‍ 3,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഗ്രൂപ്പിന് കഴിഞ്ഞു. നിക്ഷേപങ്ങളിന്‍മേല്‍ പ്രോജക്റ്റ് തലത്തില്‍ 18-30 ശതമാനം റിട്ടേണ്‍ ലഭിച്ചതോടെ ഈ കാലയളവില്‍ ആകെ ആയിരം കോടി രൂപയുടെ എക്‌സിറ്റും നടത്തിയിരുന്നു.

ഇതുവരെ 535 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. 2018 മാര്‍ച്ച് മാസത്തോടെ ഇത് ആയിരം കോടി രൂപയിലെത്തും.

Comments

comments

Categories: Business & Economy