1949 ടൈപ്പ് 2 വാനിനെ അടിസ്ഥാനമാക്കി ഫോക്‌സ്‌വാഗണ്‍ ID BUZZ വരുന്നു

1949 ടൈപ്പ് 2 വാനിനെ അടിസ്ഥാനമാക്കി ഫോക്‌സ്‌വാഗണ്‍ ID BUZZ വരുന്നു

ഇലക്ട്രിക്, ലെവല്‍ 3 ഓട്ടോണമസ് വാഹനമായിരിക്കും ഐഡി ബസ് എന്ന മൈക്രോബസ്

ന്യൂ ഡെല്‍ഹി : വന്‍ ജനപ്രീതി നേടിയ 1949 ടൈപ്പ് 2 വാനിനെ അടിസ്ഥാനമാക്കി ഐഡി ബസ് എന്ന മൈക്രോബസ് ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കും. പുതു തലമുറ മൈക്രോബസ് എന്ന് ഫോക്‌സ്‌വാഗണ്‍ വിശേഷിപ്പിക്കുന്ന ഐഡി ബസ്സിനെ ഈ വര്‍ഷമാദ്യം നടന്ന ഡിട്രോയിറ്റ് മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് രൂപത്തില്‍ ആദ്യം കണ്ടത്. ഐഡി ബസ് കണ്‍സെപ്റ്റ് മാത്രമാണെന്നായിരുന്നു ഫോക്‌സ്‌വാഗണിന്റെ നിലപാട്. എന്നാല്‍ വാഹനപ്രേമികളുടെ നിരന്തര അഭ്യര്‍ത്ഥനയെതുടര്‍ന്ന് ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ മുന്‍ തീരുമാനം മാറ്റിയിരിക്കുകയാണ്. ഐഡി ബസ് കണ്‍സെപ്റ്റ് ഫോക്‌സ്‌വാഗണ്‍ യാഥാര്‍ത്ഥ്യമാക്കും.

2022 ല്‍ യൂറോപ്പില്‍ മൈക്രോ ബസ് പുറത്തിറക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ്, ചൈന വിപണികളില്‍ പിന്നീട് അവതരിപ്പിക്കും. ഇലക്ട്രിക്, ഓട്ടോണമസ് ഡ്രൈവിംഗ് വാഹനമായിരിക്കും എന്നതാണ് ഐഡി ബസ്സിന്റെ ഏറ്റവും വലിയ സവിശേഷത. വാഹനത്തിന്റെ സ്‌റ്റൈലിംഗ് മാത്രമായിരിക്കും 1949 ലേത്. വാനിലെ എല്ലാ സൗകര്യങ്ങളും 2050 കാലത്തേതായിരിക്കും.

പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് അഞ്ച് സെക്കന്‍ഡ് സമയം മതി. ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 430 കിലോമീറ്റര്‍ സഞ്ചരിക്കാം

ലെവല്‍ 3 ഓട്ടോണമസ് ഡ്രൈവിംഗ്, ഓള്‍-വീല്‍-ഡ്രൈവ് സവിശേഷതകളുള്ള വാഹനത്തിന് ആകെ 347 എച്ച്പി !! പവര്‍ നല്‍കുന്നതിന് രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഉണ്ടായിരിക്കും. ഇലക്ട്രിക് പ്രോപ് ഷാഫ്റ്റിലൂടെയായിരിക്കും നാല് വീലുകള്‍ക്കും കരുത്ത് പകരുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് ഈ ഇലക്ട്രിക്, ഓട്ടോണമസ് വാനിന് അഞ്ച് സെക്കന്‍ഡ് സമയം മതിയെന്ന് ഫോക്‌സ്‌വാഗണ്‍ അവകാശപ്പെടുന്നു. മണിക്കൂറില്‍ 160 കിലോമീറ്ററായി ടോപ് സ്പീഡ് പരിമിതപ്പെടുത്തിയിട്ടുണ്ട്.

111 കിലോവാട്ട് അവര്‍ ബാറ്ററി ഉപയോഗിക്കുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ച് 430 കിലോമീറ്ററാണ്. അതായത് ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 430 കിലോമീറ്റര്‍ സഞ്ചരിക്കാം. 4,922 മില്ലി മീറ്റര്‍ നീളം വരുന്ന വാനില്‍ ഉപയോക്താവ് തെരഞ്ഞെടുക്കുന്ന ഇന്റീരിയര്‍ ടൈപ്പ് അനുസരിച്ച് എട്ട് പേര്‍ക്ക് വരെ യാത്ര ചെയ്യാം. വാഹനത്തിന് ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകള്‍ ഉണ്ടായിരിക്കില്ല. പകരം എക്‌സ്റ്റേണല്‍ കാമറ ഉപയോഗിക്കും. ഈ കാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ സാധാരണ ഒആര്‍വിഎം സ്ഥാപിക്കുന്ന സ്ഥലത്തെ ഇ-മിറര്‍ സ്‌ക്രീനില്‍ കാണാം.

ഫോക്‌സ്‌വാഗണിന്റെ ‘ഇലക്ട്രിക് 2025’ പദ്ധതിയുടെ ഭാഗമായാണ് ഐഡി ബസ് നിര്‍മ്മിക്കുന്നത്. ‘2025’ പദ്ധതിക്കായി ആകെ 7.5 ബില്യണ്‍ പൗണ്ടിന്റെ (62,000 കോടി രൂപ) നിക്ഷേപമാണ് ഫോക്‌സ്‌വാഗണ്‍ നടത്തുന്നത്. 2025 ഓടെ ഐഡി ബസ് കൂടാതെ 30 പൂര്‍ണ്ണ-ഇലക്ട്രിക് കാര്‍ മോഡലുകള്‍ ജര്‍മ്മന്‍ കമ്പനി വിപണിയിലെത്തിക്കും.

Comments

comments

Categories: Auto