ട്രാം സര്‍വീസിന് ബ്രിട്ടനില്‍ സ്വീകാര്യതയേറുന്നു

ട്രാം സര്‍വീസിന് ബ്രിട്ടനില്‍ സ്വീകാര്യതയേറുന്നു

അന്തരീക്ഷ മലിനീകരണം പരമാവധി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി യത്‌നിക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. വായു, ശബ്ദ മലിനീകരണം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി ഗതാഗത രംഗത്തും വന്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. ഇംഗ്ലണ്ടില്‍ 19-ാം നൂറ്റാണ്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന ട്രാം സര്‍വീസിന്റെ തിരിച്ചുവരവിനെ ഈ പശ്ചാത്തലത്തിലാണ് വീക്ഷിക്കേണ്ടത്. ഇംഗ്ലണ്ടില്‍ മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സിലും, ജര്‍മനിയിലും ട്രാം സര്‍വീസിനെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കമാണ് കാണാനാവുന്നത്.

വിക്ടോറിയന്‍ യുഗമെന്ന് അറിയപ്പെടുന്ന 1837-1901 കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ പൊതുഗതാഗത രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ട്രാം സര്‍വീസുകള്‍. ഓട്ടോമൊബീല്‍ വ്യവസായം വിപ്ലവകരമായ വിധം വളര്‍ച്ച കൈവരിച്ച 20-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടങ്ങളില്‍ ബ്രിട്ടനില്‍ ഇലക്ട്രിക് ട്രാം സേവനം അവസാനിപ്പിക്കുകയും ചെയ്തു.

ഓട്ടോമൊബീല്‍ വ്യവസായം ശക്തമായി മുന്നേറുമ്പോഴും ട്രാം സര്‍വീസിന്റെ ഗുണം മനസിലാക്കി അതിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നഗരങ്ങള്‍.

ഇംഗ്ലണ്ടില്‍ കഴിഞ്ഞ 25 വര്‍ഷമായി ട്രാം സര്‍വീസ് വിജയകരമായി മുന്നേറുന്നുണ്ട്. 1992-ല്‍ മാഞ്ചെസ്റ്റര്‍ മെട്രോലിങ്ക് പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് ബ്രിട്ടനില്‍ ട്രാം സര്‍വീസിസിനു പുനര്‍ജ്ജീവന്‍ ലഭിച്ചത്. ഇപ്പോള്‍ ബ്രിട്ടനിലെ നിരവധി നഗരങ്ങളാണ് ഇലക്ട്രിക് ട്രാം സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ തയാറെടുക്കുന്നത്.

ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളില്‍ മലിനീകരണമില്ലാതെ, ശബ്ദമില്ലാതെ, വിശ്വാസയോഗ്യമായി ആശ്രയിക്കാവുന്ന പൊതുഗതാഗത സംവിധാനമാണെന്നതാണ് ട്രാം സര്‍വീസിനെ സ്വീകാര്യതയുള്ളതാക്കി മാറ്റിയിരിക്കുന്ന ഘടകം. അതേസമയം ട്രാം സര്‍വീസ് പദ്ധതി ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ പേരു ദോഷവും കേള്‍പ്പിച്ചിട്ടുണ്ടെന്നത് ഈ ഗതാഗതസംവിധാനത്തിനു വേണ്ടി വാദിക്കുന്നവര്‍ക്കു തിരിച്ചടിയായിട്ടുണ്ട്.

2014-ല്‍ എഡിന്‍ബറോയില്‍ പ്രവര്‍ത്തനമാരംഭിച്ച ട്രാം പദ്ധതി, ഇത്തരത്തില്‍ ദുഷ്‌പേര് കേള്‍പ്പിച്ച ഒന്നായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്ന് വര്‍ഷം അധികമെടുത്തും രണ്ടിരട്ടി തുക ചെലവഴിച്ചുമാണു പദ്ധതി പൂര്‍ത്തീകരിച്ചത്. ഈ മാസം ബ്രിട്ടനിലെ നാഷണല്‍ ഓഡിറ്റ് ഓഫീസ് പുറത്തുവിട്ട കണക്കുപ്രകാരം, ഷെഫീല്‍ഡിനെയും റോഥര്‍ഹാമിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രാം പദ്ധതി ചെലവ് ബജറ്റില്‍ നീക്കിവച്ച തുകയേക്കാള്‍ അഞ്ച് ഇരട്ടിയായെന്നും വെളിപ്പെടുത്തുകയുണ്ടായി. ഇത്തരം റിപ്പോര്‍ട്ടുകള്‍ ട്രാം പദ്ധതിക്കു കളങ്കമേല്‍ക്കുന്നതായിരുന്നു. പക്ഷേ യൂറോപ്പിലാകമാനം നിലവിലുള്ള ട്രാം ശൃംഖലകളിലൂടെ ചരക്കുഗതാഗത ബിസിനസ് ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ടെന്നതും ഒരു വസ്തുതയാണ്.

Comments

comments

Categories: FK Special, Slider