1000ന്റെ അസാധുനോട്ടുകള്‍ 99% തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്

1000ന്റെ അസാധുനോട്ടുകള്‍ 99% തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്

ആര്‍ബിഐ തന്നെ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിലൂടെ വിപണിയില്‍ നിന്ന് പിന്‍വലിച്ച 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരികെ എത്തിയതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തന്നെ വിവിധ കണക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2017 മാര്‍ച്ച് അവസാനത്തെ കണക്ക് പ്രകാരം 8925 കോടി രൂപ മൂല്യമുള്ള 1000 ത്തിന്റെ നോട്ടുകള്‍ വിപണിയില്‍ ശേഷിക്കുന്നുവെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്. ഇത് പൊതുജനത്തിന്റെ പക്കലോ, ബാങ്കുകളിലോ, ട്രഷറികളിലോ ഒക്കെയായി ശേഷിക്കുന്ന നോട്ടുകളുടെ മൊത്തം മൂല്യമാണ്.

നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപന കാലത്ത് 6.86 ലക്ഷം കോടിയുടെ 1000ത്തിന്റെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നുവെന്നാണ് ഈ വര്‍ഷം ഫിബ്രവരിയില്‍ ധനകാര്യ സഹമന്ത്രി തന്നെ ലോക്‌സഭയില്‍ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ കേവലം 1.3 ശതമാനം 1000 നോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ വിപണിയില്‍ അവശേഷിക്കുന്നത്. 98.7 ശതമാനം 1000ത്തിന്റെ നോട്ടുകളും ആര്‍ബിഐയില്‍ തന്നെ തിരികെ എത്തിയിരിക്കുന്നു. അന്തിമമായ വിശകലനത്തില്‍ ബാങ്കുകളില്‍ നിന്ന് എത്തുന്ന കൂടുതല്‍ നോട്ടുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് ഉയരാനാണ് സാധ്യത.

പുതിയ നോട്ടുകള്‍ കൂടി അവതരിപ്പിച്ചിട്ടുള്ളതിനാന്‍ 500 രൂപ നോട്ടിന്റെ കാര്യത്തില്‍ ഇത്തരമൊരു കണക്കുകൂട്ടല്‍ സാധ്യമല്ല. എന്നാല്‍ 1000ത്തിന്റെ നോട്ടുകളില്‍ 99 ശതമാനവും തിരികെ എത്തിയത് ശരിയാണെങ്കില്‍ 500 രൂപ നോട്ടിന്റെ കാര്യത്തിലും ഇതിനു സമാനമായിരിക്കും കാര്യങ്ങളെന്നാണ് ജെഎന്‍യുവിലെ ഇക്കണോമിക്‌സ് പ്രഫസര്‍ സുരാജിത് മസുംദാര്‍ വിലയിരുത്തുന്നത്. കറന്‍സിയായി സൂക്ഷിച്ച കള്ളപ്പണം വലിയ തോതില്‍ നിര്‍വീര്യമാക്കാന്‍ നോട്ട് അസാധുവാക്കലിലൂടെ സാധിച്ചിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മസുംദാര്‍ പറയുന്നു.

നോട്ട് അസാധുവാക്കലിന് ശേഷം തിരികെ എത്തിയ അസാധു നോട്ടുകളുടെ മൂല്യം വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരോ റിസര്‍വ് ബാങ്കോ ഇതുവരെ തയാറാകാത്തത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കുന്ന ഘട്ടത്തിലാണ് തിരിച്ചെത്തിയ 1000 രൂപ നോട്ടുകളുടെ കണക്കുകള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് പുറത്തുവന്നത്. അസാധു നോട്ടുകള്‍ എണ്ണിക്കഴിഞ്ഞിട്ടില്ലെന്നാണ് ജൂണില്‍ ആര്‍ബിഐ പറഞ്ഞത്. നോട്ട് അസാധുവാക്കലിന്റെ ആദ്യ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ ഫലവത്തായില്ല എന്നു വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories

Related Articles