ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കണമെന്ന് നിതി ആയോഗ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കണമെന്ന് നിതി ആയോഗ്

നിതി ആയോഗിന്റെ മൂന്ന് വര്‍ഷത്തെ കര്‍മ്മ പദ്ധതി പ്രകാശനം ചെയ്തു

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 24 മണിക്കൂറും വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പാക്കണമെന്ന് നിതി ആയോഗ്. മാത്രമല്ല, ഡീസല്‍-പെട്രോള്‍ വില നിര്‍ണ്ണയത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും നൂറ് സ്മാര്‍ട്ട് സിറ്റികളില്‍ സിറ്റി ഗ്യാസ് വിതരണം നടത്താനും നടപടി സ്വീകരിക്കണം. നിതി ആയോഗിന്റെ മൂന്ന് വര്‍ഷത്തെ ആക്ഷന്‍ അജണ്ടയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രകാശനം ചെയ്ത രേഖ, വൈദ്യുതി ഉപയോഗിച്ച് പാചകം ചെയ്യാനും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഓരോ കുടുംബത്തിനും മത്സരാധിഷ്ഠിത വിലയില്‍ വൈദ്യുതിയും പെട്രോളും ഡീസലും ഗ്യാസും ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും നിതി ആയോഗ് ശുപാര്‍ശ ചെയ്യുന്നു.

വൈദ്യുതി ഉപയോഗിച്ച് പാചകം ചെയ്യാനും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കണം

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഊര്‍ജ്ജ മേഖല അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുമെന്ന് ആക്ഷന്‍ അജണ്ട പറഞ്ഞുവെയ്ക്കുന്നു. വലിയ മേഖലയായതുകൊണ്ടുതന്നെ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഊര്‍ജ്ജ മേഖല നിസ്തുല പങ്കാണ് വഹിക്കുന്നത്. അടുത്ത പതിനഞ്ച് വര്‍ഷങ്ങളില്‍ 8 ശതമാനത്തിലധികമെന്ന വളര്‍ച്ചാ നിരക്ക് ഇന്ത്യ കൈവരിക്കുമെങ്കില്‍ രാജ്യത്തെ ഊര്‍ജ്ജ ആവശ്യങ്ങള്‍ പല മടങ്ങ് വര്‍ധിക്കുമെന്ന് നിതി ആയോഗ് ചൂണ്ടിക്കാട്ടി. 

Comments

comments

Categories: Auto