വ്യക്തിസ്വാതന്ത്ര്യമാണ് പ്രധാനം

വ്യക്തിസ്വാതന്ത്ര്യമാണ് പ്രധാനം

ഒരു വ്യക്തിയുടെ മൗലിക അവകാശമാണ് സ്വകാര്യത. അതില്‍ ഇനി യാതൊരുവിധ സംശയവുമില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ സുപ്രീം കോടതി വിധി ഉചിതവും പ്രസക്തവുമാണ്, പ്രത്യേകിച്ചും എല്ലാത്തിനെയും ദേശീയതയുമായി കൂട്ടിയിണക്കി കാണുന്ന ഈ സാഹചര്യത്തില്‍

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് സ്വകാര്യത പൗരന്റെ മൗലിക അവകാശമാണെന്നാണ് സുപ്രീം കോടതി ചരിത്രപ്രധാനമായ വിധിയിലൂടെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വ്യക്തിഗത സ്വാതന്ത്ര്യവും സ്വകാര്യതയും എത്രമാത്രം പ്രധാനമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കോടതിയുടെ വിധി. ആധാര്‍ വിവിധതലങ്ങളില്‍ വ്യാപിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളെ വിധി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

സ്വകാര്യതയെ ചോദ്യം ചെയ്യുന്ന ഒരു നിയമവും ഇനി കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കില്ല. ആധാര്‍ സ്വകാര്യതയുടെ ലംഘനമല്ലെന്ന് സര്‍ക്കാരിന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തേണ്ട സാഹചര്യവും വന്നേക്കാം. സ്വകാര്യതയ്ക്ക് മേല്‍ നിയന്ത്രണങ്ങളാകാമെന്ന വാദങ്ങള്‍ക്ക് ഒരു പുരോഗമന സമൂഹത്തില്‍ എത്രമാത്രം പ്രസക്തിയുണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്. എന്തു നിയമം കൊണ്ടുവന്നാലും അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ഹനിക്കുന്നതാകരുത്. ആ അര്‍ത്ഥത്തില്‍ ഈ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ സുപ്രധാന ഏടാണ്. മുത്തലാഖ് സംബന്ധിച്ചും സ്വകാര്യത സംബന്ധിച്ചും സുപ്രധാനമായ രണ്ട് വിധികളാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. മൗലിക അവകാശങ്ങളുടെ കാവലാളാണ് സുപ്രീം കോടതിയെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ വിധികള്‍.

ഒരു വ്യക്തിയുടെ ശരീരത്തിനുമേലുള്ള പൂര്‍ണ അവകാശം സ്റ്റേറ്റിനല്ല മറിച്ച് ആ വ്യക്തിക്ക് തന്നെയാണ്. ഈ പ്രത്യയശാസ്ത്രത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. ഒരു വ്യക്തിയുടെ സ്വകാര്യത നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണെന്ന സങ്കല്‍പ്പങ്ങള്‍ തീര്‍ത്തും പിന്തിരിപ്പനാണ്. കമ്യൂണിസ്റ്റ് ചൈനയ്‌ക്കോ ഫാസിസ്റ്റ് ഉത്തര കൊറിയക്കോ നാസി ജര്‍മനിക്കോ നടപ്പാക്കാം അത്. ജനാധിപത്യ ഇന്ത്യക്ക് ചേരില്ല. അതുകൊണ്ടുതന്നെ സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യവും എല്ലാ കാലത്തും സംരക്ഷിക്കപ്പെടണം. കപട ദേശീയതയുടെ പേര് പറഞ്ഞ് അതിന്മേല്‍ ഒരിക്കലും ആരും കടന്നുകയറ്റം നടത്തരുത്.

സ്വവര്‍ഗ്ഗരതിക്കാരുടെയും ട്രാന്‍ഡ്‌ജെന്‍ഡറുകളുടെയും ലൈംഗിക സവിശേഷതകള്‍ ഇനി ആര്‍ക്കും തടയാന്‍ സാധിക്കില്ല എന്നതുകൂടി ഈ വിധിയിലൂടെ വായിച്ചെടുക്കേണ്ടിവരും. ഒരു വ്യക്തിയുടെ ശരീരത്തിന്റെ പൂര്‍ണ അവകാശം ആ വ്യക്തിക്ക് ആകുമ്പോള്‍ അയാളുടെ ലൈംഗിക സ്വഭാവസവിശേഷതയും അയാള്‍ക്ക് നിശ്ചയിക്കാവുന്ന അവസ്ഥ വരും. സ്വകാര്യതയുടെ തലത്തില്‍ പല നിയമങ്ങള്‍ക്കും ഒരു പക്ഷേ പുനര്‍വായന വന്നേക്കാം. എന്തെല്ലാമാണ് ഇതിന്റെ വിവിധ തലങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്നത് എന്നതിന് പൂര്‍ണ വ്യക്തത കൈവന്നിട്ടില്ല. അതേസമയം, വ്യക്തിയാണ് ഭരണഘടനയുടെ കേന്ദ്ര ബിന്ദുവെന്ന സുപ്രീം കോടതിയുടെ വിലയിരുത്തല്‍ വളരെ പ്രസക്തമാണ്. സ്വകാര്യതയ്ക്ക് വ്യക്തിസ്വാതന്ത്ര്യവുമായി വേര്‍പിരിക്കാനാകാത്ത ബന്ധമാണുള്ളതെന്നാണ് കോടതി നിരീക്ഷിച്ചത്. ഏതൊരു പുരോഗമന സമൂഹത്തിന്റെയും അടിസ്ഥാനശിലയാണത്. വ്യക്തിസ്വാതന്ത്ര്യത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തിനും ദേശീയ സങ്കല്‍പ്പങ്ങള്‍ക്കും മാത്രമേ എല്ലാ കാലത്തും പ്രസക്തിയുണ്ടാവുകയുള്ളൂ.

അതുകൊണ്ടുതന്നെ സ്വകാര്യത മൗലിക അവകാശമല്ല എന്ന ചിന്താഗതി ഏത് രാഷ്ട്രീയ പാര്‍ട്ടി മുന്നോട്ടുവെച്ചാലും അത് തള്ളിക്കളയേണ്ടതാണ്. അതില്‍ യാതൊരുവിധ സംശയവുമില്ല. അത് ജനാധിപത്യ വിരുദ്ധവും ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ സാക്ഷ്യപ്പെടുത്തലുമാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ പ്രസ്ഥാനങ്ങള്‍ ഒരു കാരണവശാലും അത് ഏറ്റുപിടിക്കരുത്. അതേസമയം, വിധിയെ ആധാര്‍ എന്ന സംവിധാനത്തെ അടച്ചാക്ഷേപിക്കാനുള്ള വടിയായി കാണുകയും ചെയ്യരുത്. ആധാര്‍ സംവിധാനം കുറച്ചുകൂടി കാര്യക്ഷമമായും സുരക്ഷയോടും നടപ്പാക്കാന്‍ ഈ വിധി വഴിവെക്കുമെന്ന കാഴ്ച്ചപ്പാടാണ് വേണ്ടത്. ആധാറിന് വേണ്ടി ആരുടെയും സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കണം. വെറുതെ ജനങ്ങളുടെ വിവരം ചോര്‍ത്താന്‍ ഇപ്പോഴത്തെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനമല്ല ആധാര്‍. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ടുവെച്ച ക്രിയാത്മക പദ്ധതികളിലൊന്നാണത്. അതിന്റെ സാധ്യതകള്‍ മനസിലാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി വ്യാപകമാക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ മികവുറ്റ രീതിയിലും അടിച്ചേല്‍പ്പിക്കല്‍ സ്വഭാവം ഇല്ലാതെയും അത് നടപ്പാക്കാനുള്ള ശ്രമമാണ് വേണ്ടത്.

Comments

comments

Categories: Editorial, Slider