ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ എന്തുകൊണ്ട് ഭീഷണിയാകുന്നു ?

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ എന്തുകൊണ്ട് ഭീഷണിയാകുന്നു ?

ഡോക്‌ലാം വിഷയത്തിലുള്ള ഇന്ത്യ-ചൈന തര്‍ക്കം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ കാര്യമായി ബാധിച്ചേക്കും. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയതോടെ അവരെ നിയന്ത്രിക്കേണ്ടത് അനിവാര്യതയായി മാറിയിരിക്കുകയാണ്

ഇന്ത്യ- ചൈന ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നത് ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ തലവേദനയാകുമെന്നത് ഏകദേശം ഉറപ്പായിരിക്കുകയാണ്. മിക്ക ഇന്ത്യക്കാരുടെയും കയ്യിലുള്ളത് ചൈനീസ് ഹാന്‍ഡ്‌സെറ്റുകളാണ്. അതാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ നിര്‍ണായകമാകാന്‍ പോകുന്നത്. ചൈനീസ് ബ്രാന്‍ഡുകള്‍ രഹസ്യം ചോര്‍ത്തുന്നതായുള്ള ആരോപണങ്ങള്‍ ഏറെക്കാലമായി നിലവിലുണ്ടെങ്കിലും പലതിനും ആധികാരിക ഭാവങ്ങള്‍ കൈവരുന്നത് അടുത്ത കാലത്താണ്.

ഇന്ത്യക്കാരുടെ യൂസര്‍ ഡാറ്റ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ചൈനയിലേക്ക് അയക്കുന്നുണ്ടെന്ന് ചില പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയതാണ് പുതിയ വിവരം. യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ നടത്തിയ ഗവേഷണ പഠനത്തിലും ഇത് വ്യക്തമായതായാണ് കഴിഞ്ഞ ദിവസം ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെത്തുടര്‍ന്നാണ് ചൈനീസ് ബ്രാന്‍ഡുകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയാറാകുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിത്തുടങ്ങിയിട്ടുമുണ്ട്.

ഇന്ത്യന്‍ യൂസര്‍മാരുടെ ഡാറ്റ വാണിജ്യപരമായ ലക്ഷ്യങ്ങള്‍ക്കും രാഷ്ട്രീയപരമായ ലക്ഷ്യങ്ങള്‍ക്കും ചൈനയ്ക്ക് ഉപയോഗപ്പെടുത്താം. ഇത് തിരിച്ചറിഞ്ഞാണ് ഇലക്ട്രോണിക്‌സ് മന്ത്രാലയം അടുത്തിടെ 21 സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളോട് അവരുടെ പ്രവര്‍ത്തന രീതിയുടെ വിശദാംശങ്ങളെല്ലാം ചോദിച്ചത്. രാജ്യത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ എന്തായാലും നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്. അതിനുശേഷം ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളോട് ഇന്ത്യയില്‍ സര്‍വര്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെടും. നിലവില്‍ മിക്ക കമ്പനികളുടെയും സര്‍വറുകള്‍ രാജ്യത്തിന് പുറത്താണ്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബയുടെ യുസി ബ്രൗസര്‍ സര്‍ക്കാരിന്റെ നിരീക്ഷണ പട്ടികയിലാണെന്ന വാര്‍ത്തകളുമുണ്ട്. ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ഒരു പക്ഷേ ബ്രൗസറിന് ഇന്ത്യയില്‍ നിരോധനവും നേരിട്ടേക്കാം.

പേടിഎമ്മിലൂടെയും സ്‌നാപ്ഡീലിലൂടെയും മറ്റും ആലിബാബ ഇന്ത്യയില്‍ നടത്തിയ വന്‍ നിക്ഷേപങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഗൂഗിള്‍ ക്രോം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും ജനകീയതയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രൗസറാണ് യുസി.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 54 ശതമാനവും കൈയടക്കിവച്ചിരിക്കുന്നത് ഷഓമി, ലെനോവോ, ഒപ്പോ, വിവോ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളാണ്. അതുകൊണ്ടു തന്നെ ചൈനീസ് കമ്പനികള്‍ക്കെതിരെ നടപടിയുണ്ടായാല്‍ അത് വിപണിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്. തദ്ദേശീയ ഇന്ത്യന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കണമെന്നും ചൈനീസ് കമ്പനികളെ പരമാവധി ബഹിഷ്‌കരിക്കണമെന്നുമുള്ള കാംപെയ്‌നുകളും ശക്തമാണ്. നിലവില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിനാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിഹിതമുള്ളത്. എന്നാല്‍ സാംസംഗിന്റെ വിപണിവിഹിതത്തില്‍ കുറവ് വരുന്നുണ്ടെന്നാണ് ഐഡിസി അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ വിപണിവിഹിതം 28 ശതമാനമായിരുന്നത് രണ്ടാം പാദമായപ്പോള്‍ 24 ശതമാനമായി കുറഞ്ഞു. തൊട്ടുപുറകില്‍ അതിവേഗവളര്‍ച്ച കൈവരിച്ച് മുന്നേറുന്നത് ചൈനയുടെ ഷഓമിയാണ്.

ഡോക്‌ലാം വിഷയത്തിലുള്ള ഇന്ത്യ-ചൈന തര്‍ക്കം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ കാര്യമായി ബാധിച്ചേക്കും. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയതോടെ അവരെ നിയന്ത്രിക്കേണ്ടത് അനിവാര്യതയായി മാറിയിരിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഒരു വ്യാപാര യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കുമെന്നാണ് പല നയതന്ത്ര വിദഗ്ധരുടെയും വിലയിരുത്തല്‍.

Comments

comments

Categories: Editorial, Slider