വിശാല്‍ സിക്ക എച്ച്പി സിടിഒ ആയി ചുമതലയേല്‍ക്കുമെന്ന് സൂചന

വിശാല്‍ സിക്ക എച്ച്പി സിടിഒ ആയി ചുമതലയേല്‍ക്കുമെന്ന് സൂചന

ബെംഗളൂരു: എച്ച്പി എന്റര്‍പ്രൈസസിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായി ഇന്‍ഫോസിസിസ് മുന്‍ സിഇഒ വിശാല്‍ സിക്ക ചുമതയേല്‍ക്കാന്‍ സാധ്യത. ഇന്‍ഫോസിസ് സിഇഒ പദവി വിട്ടെങ്കിലും സിക്കയ്ക്കു മുന്നില്‍ കാര്യങ്ങള്‍ അത്ര നിരാശാജനകമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്‍ഫോസിസിന്റെ തലപ്പത്തു നിന്നും സ്വയം പടിയിറങ്ങുന്നതായി വിശാല്‍ സിക്ക പ്രഖ്യാപിച്ചത്. അധികാരമേറ്റതു മുതലുള്ള വിമര്‍ശനങ്ങളില്‍ മനം മടുത്താണ് രാജിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എച്ച്പി എന്റര്‍പ്രൈസസില്‍ പുതിയ പദവി ഏറ്റെടുക്കുമോ എന്നതു സംബന്ധിച്ച് വിശാല്‍ സിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

മാതൃസ്ഥാപനമായ ഹ്യൂലെറ്റ് പക്കാര്‍ഡില്‍ നിന്നും വിഭജിച്ച് 2015ലാണ് എച്ച്പി എന്റര്‍പ്രൈസസ് സ്വതന്ത്ര കമ്പനിയായത്. ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് ജീവനക്കാരാണ് എച്ച്പിക്കുള്ളത്. പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ക്കും പ്രിന്ററുകള്‍ക്കും പുറമെ ഡാറ്റ സെന്ററുകളിലേക്ക് ആവശ്യമായ ഹാര്‍ഡ്‌വെയറുകളുടെയും സോഫ്റ്റ് വെയറുകളുടെയും വില്‍പ്പനയും എച്ച്പി എന്റര്‍പ്രൈസസ് നടത്തുന്നുണ്ട്. എച്ച്പി സിടിഒ ആയിരുന്ന മാര്‍ട്ടിന്‍ ഫിന്‍ക് കഴിഞ്ഞ വര്‍ഷം രാജിവെച്ചിരുന്നു. മാര്‍ട്ടിന്‍ ഫിന്‍കിനു പകരക്കാരനെ കണ്ടെത്താന്‍ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

എച്ച്പി എന്റര്‍പ്രൈസസിന്റെ ഒഴിഞ്ഞുകിടക്കുന്ന ചീഫ് ടെക്‌നോളജി ഓഫീസര്‍ പദവി വിശാല്‍ സിക്കയ്ക്ക് വാഗ്ദാനം ചെയ്തതായാണ് പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഡോക്റ്ററേറ്റ് നേടിയ സിക്ക ജര്‍മന്‍ എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ സാപിന്റെ സിടിഒ ആയിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് സാപില്‍ നിന്നുമാണ് സിക്ക ഇന്‍ഫോസിസിന്റെ അമരക്കാരനായി ചുമതലയേറ്റത്. ഇന്‍ഫോസിസിനു ശേഷം എന്ത് എന്നതു സംബന്ധിച്ച് ഉറച്ച ഒരു തീരുമാനമെടുത്തിട്ടില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച വിശാല്‍ സിക്ക പ്രതികരിച്ചത്. കുടുംബത്തോടൊപ്പം കുറച്ചുകാലം ചെലവഴിച്ചേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍, വിശാല്‍ സിക്ക എച്ച്പി വാഗ്ദാനം ചെയ്യുന്ന ചുമതലയേറ്റെടുക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy