സെപ്റ്റംബറില്‍ എത്തും വിര്‍ജിന്‍ മൊബീല്‍

സെപ്റ്റംബറില്‍ എത്തും വിര്‍ജിന്‍ മൊബീല്‍

ഉപഭോക്തൃ സൗഹൃദമായ നിരവധി ഓഫറുകളുമായി വിര്‍ജിന്‍ മൊബീല്‍ യുഎഇയുടെ മനം കവരുമെന്നാണ് പ്രതീക്ഷിക്കുന്നത്

ദുബായ്: യുഎഇയുടെ മൊബീല്‍ ഉപഭോക്താക്കളുടെ മുമ്പില്‍ വര്‍ഷങ്ങളായി രണ്ട് ബ്രാന്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എത്തിസലാത്തും എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷന്‍ കമ്പനിയും (ഡു). എന്നാല്‍ അടുത്ത മാസം വിര്‍ജിന്‍ മൊബീല്‍സ് ഔദ്യോഗികമായി വിപണിയിലേക്ക് എത്തുന്നതോടെ യുഎഇയുടെ മൊബീല്‍ സേവന മേഖലയില്‍ മത്സരം കടുക്കും. യുഎഇയിലെ മൊബീല്‍ ഉപഭോക്താക്കള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയാണ് വിര്‍ജിന്‍ മൊബീല്‍ മത്സര രംഗത്തേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. ലോകപ്രശസ്ത സംരംഭകന്‍ റിച്ചാര്‍ഡ് ബ്രാന്‍ഡ്‌സന്റെ നേതൃത്വത്തിലുള്ള വിര്‍ജിന്‍ ഗ്രൂപ്പിന്റെ ഭാഗമാണ് വിര്‍ജിന്‍ മൊബീല്‍.

ഉപഭോക്തൃ സൗഹൃദ ഓഫറുകളുമായി പുത്തന്‍ കമ്പനി യുഎഇയുടെ മനം കവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയില്‍ ഡുവിന്റെ ഉടമസ്ഥതയില്‍ തന്നെയാണ് കമ്പനി പ്രവര്‍ത്തിക്കുകയെങ്കിലും വ്യത്യസ്ത നിരക്കുകളും പാക്കേജുകളുമായി പ്രത്യേക ബ്രാന്‍ഡായിട്ടായിരിക്കും വിര്‍ജിന്‍ മൊബീല്‍സ് ഉപഭോക്താക്കളിലേക്ക് എത്തുക. യുഎഇ ഇതുവരെ കാണാത്ത ഫ്‌ളെക്‌സിബിളിറ്റി ഓഫര്‍ ചെയ്യുന്ന പുതിയ സേവനം പ്രധാനമായും ലക്ഷ്യം വെക്കുന്നത് യുവാക്കളെയാണ്.

ഡാറ്റ, മിനിറ്റ്, എസ്എംഎസ് എന്നിവയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സേവനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്ലാന്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് വിര്‍ജിന്‍ മൊബീല്‍സ് ഒരുക്കുന്നത്. അത് കൂടാതെ സേവനം പരീക്ഷിച്ച് നോക്കാനും താല്‍പ്പര്യം ഇല്ലെങ്കില്‍ ഏത് സമയം വേണമെങ്കിലും റദ്ദാക്കാനും ഇതിലൂടെ സാധിക്കുമെന്ന് വിര്‍ജിന്‍ മൊബീലിന്റെ പുതിയ വെബ്‌സൈറ്റില്‍ പറയുന്നു.

ലോകപ്രശസ്ത സംരംഭകനായ റിച്ചാര്‍ഡ് ബ്രാന്‍ഡ്‌സന്റെ വിര്‍ജിന്‍ ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് വിര്‍ജിന്‍ മൊബീല്‍. 400ഓളം കമ്പനികളുള്ള ഗ്രൂപ്പില്‍ മികച്ച പ്രകടനമാണ് വിര്‍ജിന്‍ മൊബീലിന്റേത്

സൗദി അറേബ്യയിലെ ജനസംഖ്യയിലെ വലിയ വിഭാഗം വരുന്ന യുവാക്കളെ ലക്ഷ്യം വെച്ചുകൊണ്ടാണ് സൗദിയില്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. യുവാക്കളേയും ബ്രാന്‍ഡ് അവബോധമുള്ള ആളുകളെയും ലക്ഷ്യംവെച്ചുകൊണ്ടുതന്നെയാണ് വിര്‍ജിന്‍ യുഎഇയിലേക്കും കടക്കുന്നത്.

പുതിയ ഉപഭോക്താക്കള്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ സിം കാര്‍ഡ് എത്തിച്ചുകൊടുക്കുമെന്ന ഉറപ്പാണ് കമ്പനി നല്‍കുന്നത്. വിര്‍ജിന്‍ മൊബീലിന്റെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ എക്കൗണ്ട് ആരംഭിച്ചാല്‍ ഉപഭോക്താക്കള്‍ എവിടെയാണെങ്കിലും അവിടേക്ക് കമ്പനിയുടെ ടീം എത്തി പുതിയ സിം കാര്‍ഡ് നല്‍കുകയും അവിടെ വെച്ചുതന്നെ സിം പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുമെന്നും കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

സേവനങ്ങളുടെ ഉപഭോഗം അനുസരിച്ച് മാസാമാസം പാക്കേജ് മാറ്റാനുള്ള അവസരം കമ്പനി നല്‍കുന്നുണ്ട്. എന്നാല്‍ പാക്കേജുകളുടെ നിരക്കിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. വരുമാനം വെട്ടിക്കുറച്ചുകൊണ്ടുള്ള ഓഫറുകള്‍ക്ക് എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷന്‍സ് കമ്പനി തയാറാവില്ലെന്നാണ് വിലയിരുത്തല്‍. കമ്പനി ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നത് സെപ്റ്റംബറില്‍ ആണെങ്കിലും ഇപ്പോഴും സേവനങ്ങള്‍ ലഭ്യമാണ്.

Comments

comments

Categories: Arabia