സ്വകാര്യതയ്ക്കുള്ള അവകാശങ്ങളില്‍ ട്രായ് വിശ്വസിക്കുന്നു: ആര്‍ എസ് ശര്‍മ

സ്വകാര്യതയ്ക്കുള്ള അവകാശങ്ങളില്‍ ട്രായ് വിശ്വസിക്കുന്നു: ആര്‍ എസ് ശര്‍മ

ഡാറ്റ സംരക്ഷണം സംബന്ധിച്ച് ഓഗസ്റ്റ് 9ന് ട്രായ് കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയിരുന്നു

ന്യൂഡെല്‍ഹി: ഓരോ വ്യക്തിയുടെയും സ്വകാര്യതയ്ക്കുള്ള അവകാശങ്ങളില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വിശ്വസിക്കുന്നുണ്ടെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ. ഡാറ്റ സുരക്ഷ, സ്വകാര്യത, ഉടമസ്ഥത എന്നിവ സംബന്ധിച്ച് ഈ മാസം ആദ്യം കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയതിന്റെ കാരണം ഇതാണെന്നും ശര്‍മ പറഞ്ഞു.

സ്വകാര്യത ഓരോ വ്യക്തിക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ശര്‍മയുടെ പ്രതികരണം. എന്നാല്‍, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നേരിട്ടുള്ള പ്രതികരണം ശര്‍മ നടത്തിയിട്ടില്ല. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തില്‍ അന്തര്‍ലീനമാണെന്നായിരുന്നു കോടതി നിരീക്ഷണം. ഇന്ന്, ലോകത്തുള്ള പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഡാറ്റ ഉടമസ്ഥതയെന്നും അന്തരാഷ്ട്ര സംഘടനകള്‍ ഇത് അംഗീകരിക്കുന്നുണ്ടെന്നും ശര്‍മ ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ ഡാറ്റ സംരക്ഷണവും ഉടമസ്ഥതയും സംബന്ധിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നാണ് ശര്‍മയുടെ അഭിപ്രായം. വ്യക്തിഗത വിവരങ്ങളുടെ മൂല്യവും അത് പങ്കിടുന്നതിന്റെ പ്രത്യാഘാതവും സംബന്ധിച്ച് സാധാരണഗതിയില്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമായ ധാരണയുണ്ടാകാറില്ലെന്നും ഇത്തരം ഡാറ്റകള്‍ വിവിധ സേവനദാതാക്കള്‍ പ്രയോജനപ്പെടുത്തുന്നതായും ശര്‍മ കൂട്ടിച്ചേര്‍ത്തു.

മൊബീല്‍ വരിക്കാര്‍ക്ക് ഡാറ്റ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 9നാണ് ട്രായ് കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയത്. മൊബീല്‍ വരിക്കാരുടെ ഡാറ്റ അവകാശങ്ങള്‍ തൃപ്തികരമായ വിധം സംരംക്ഷിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനും വിവിധ ഡിജിറ്റല്‍ സേവനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഡാറ്റ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനുമായാണ് കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയത്..

Comments

comments

Categories: Slider, Top Stories

Related Articles