സുപ്രീംകോടതി വിധി ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് തിരിച്ചടിയായേക്കും

സുപ്രീംകോടതി വിധി ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് തിരിച്ചടിയായേക്കും

ബിഎന്‍ ശ്രീകൃഷ്ണ സമിതി റിപ്പോര്‍ട്ട് നിര്‍ണായകം

ബെംഗളുരു: സ്വകാര്യത ഒരു വ്യക്തിയുടെ മൗലീകാവകാശമാണെന്ന ചരിത്ര വിധി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. സ്വകാര്യ വിവരം ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ വായ്പാ, പേമെന്റ് സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും ഈ വിധി എങ്ങിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് വ്യവസായ വിദഗ്ധര്‍. ഡാറ്റ പങ്കിടുന്നതിനും വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സമ്മതം സ്വീകരിക്കുന്നതിലും കമ്പനികള്‍ക്ക് ഭാരിച്ചഉത്തരവാദിത്വമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സുപ്രീംകോടതി മുന്‍ ജഡ്ജി ബിഎന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തില്‍ അടുത്തിടെ ഡാറ്റ സംരക്ഷണ ചട്ടക്കൂട് നിര്‍മിക്കുന്നതിനായി ഒരു സമിതിയെ രൂപീകരിച്ചിരുന്നു.

ഡാറ്റ നല്‍കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉപയോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനും അത്തരം ഡാറ്റ ഉപയോഗിക്കാനുള്ള ഉദ്ദേശ്യം നിജപ്പെടുത്തുന്നതിനും ഡാറ്റ ശേഖരണം നടത്തുന്ന കമ്പനികള്‍ക്കായി ഒരു പുതിയ നിയമം ആവശ്യമാണെന്നാണ് നിയമ സ്ഥാപനമായ നിഷിത് ദേശായി അസോസിയേറ്റ്‌സിലെ കോര്‍പ്പറേറ്റ് അഭിഭാഷകനായ വൈഭവ് പരിഖ് പറയുന്നത്.

ഉപയോക്താക്കളുടെ ഡാറ്റ യുബറിന് അറിയാമെന്നും, ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് അറിയാമെന്നും വ്യക്തികളുടെ ഷോപ്പിംഗ് ശീലങ്ങളെക്കുറിച്ച് ആലിബാബക്ക് അറിയാമെന്നും തങ്ങളുടെ യാത്രക്കാര്‍ എവിടെ സഞ്ചരിക്കുന്നുവെന്നത് സംബന്ധിച്ച് എയര്‍ബിഎന്‍ബിക്ക് വ്യക്തതയുണ്ടെന്നും സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പരിശോധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത് ബിഎന്‍ ശ്രീകൃഷ്ണ സമിതിക്ക് വിടുകയായിരുന്നു.

ഇത്തരം വിവരങ്ങള്‍ സ്വകാര്യ സംരംഭങ്ങള്‍ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും പരിധി നിശ്ചയിക്കേണ്ട സാഹചര്യം മുന്‍പില്ലാത്ത തരത്തില്‍ ഉയര്‍ന്നുവരുന്ന കാര്യവും ബെഞ്ച് പരാമര്‍ശിച്ചിരുന്നു.
ഡാറ്റകളുടെ ഉപയോഗം സംബന്ധിച്ച് ശ്രീകൃഷ്ണ സമിതിയുടെ നിലപാട് എന്താണെന്നാണ് സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായി വ്യക്തിഗത വിവരങ്ങളെ ആശ്രയിക്കുന്ന കമ്പനികള്‍ ഉറ്റുനോക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നും തങ്ങള്‍ ശേഖരിക്കുന്ന ഡാറ്റയില്‍ യാതൊരു നിയന്ത്രണവുമുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും മെസേജുകള്‍, സോഷ്യല്‍ മീഡിയ ഡാറ്റ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളെ ആശ്രയിച്ചാണ് തങ്ങളുടെ വായ്പ കൊടുക്കല്‍ നടപടിക്രമങ്ങള്‍ ഉള്ളതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ പ്രദാനം ചെയ്യുന്ന ഒരു കമ്പനിയുടെ സ്ഥാപകന്‍ പറയുന്നു.

ഓണ്‍ലൈനിലെ ടാര്‍ഗറ്റ് പരസ്യങ്ങളെ സ്വകാര്യത സംബന്ധിച്ച പുതിയ വിധി ബാധിച്ചേക്കാമെന്നാണ് എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്. ഇന്റര്‍നെറ്റില്‍ ഉപഭോക്താവിന്റെ സ്വഭാവം പരിശോധിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത്. ഉപയോക്താക്കള്‍ അവരുടെ ഡാറ്റ മറ്റുള്ളവരുമായി പങ്കിടുന്നതിന് ശക്തമായ വ്യവസ്ഥകള്‍ ശ്രീകൃഷ്ണ കമ്മിറ്റി മുന്നോട്ടുവെക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Comments

comments

Categories: Slider, Top Stories