പുതിയ 50,200 രൂപ നോട്ടുകള്‍ പ്രാബല്യത്തില്‍, എടിഎമ്മില്‍ ഉടനെത്തില്ല

പുതിയ 50,200 രൂപ നോട്ടുകള്‍ പ്രാബല്യത്തില്‍, എടിഎമ്മില്‍ ഉടനെത്തില്ല

ന്യുഡെല്‍ഹി: പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. നോട്ട് അസാധുവാക്കല്‍ രാജ്യത്ത് സൃഷ്ടിച്ച ചില്ലറ പ്രതിസന്ധിയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ 200 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. ചെറിയ തുകയ്ക്കുള്ള കറന്‍സി നോട്ടുകളുടെ ക്ഷാമം 200 രൂപ നോട്ടുകള്‍ കൂടി വിപണിയിലെത്തുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് ആര്‍ബിഐ അധികൃതര്‍ വ്യക്തമാക്കുന്നത്.

ആദ്യഘട്ടത്തില്‍ വളരെ കുറച്ച് പുതിയ നോട്ടുകള്‍ മാത്രമാണ് വിതരണത്തിനെത്തുക. പുതിയ 200 രൂപ നോട്ടുകള്‍ എടിഎം വഴി ഉടന്‍ ലഭിക്കില്ല. പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ എടിഎമ്മില്‍ മാറ്റം വരുത്തേണ്ടതിനാലാണിത്. പകരം ആര്‍ബിഐയുടെ മേഖലാ ഓഫീസുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചില ബാങ്കുകളില്‍ നിന്നും മാത്രമാണ് നോട്ടുകള്‍ ലഭിക്കുകയെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപമാണ് 200 രൂപ നോട്ടിലെ മുഖ്യഘടകം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയ കറന്‍സിയില്‍ സ്വഛ് ഭാരത് സന്ദേശവും ലോഗോയും ഉണ്ട്.

അന്ധര്‍ക്ക് തിരിച്ചറിയാന്‍ പ്രത്യേക അടയാളവും അശോകചക്രത്തിന്റെ എംബ്ലവും പുതിയ നോട്ടിലുണ്ട്. ദേവനാഗരി ലിപിയിലും 200 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ധനകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് പുതിയ 200 രൂപ നോട്ടുകള്‍ അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

Comments

comments

Categories: Slider, Top Stories