മാറ്റമില്ലാതെ ഡിപി വേള്‍ഡിന്റെ ആദ്യ പകുതിയിലെ ലാഭം

മാറ്റമില്ലാതെ ഡിപി വേള്‍ഡിന്റെ ആദ്യ പകുതിയിലെ ലാഭം

ഡിപി വേള്‍ഡിന്റെ ആദ്യ പകുതിയിലെ വരുമാനം 9.6 ശതമാനം വര്‍ധിച്ച് 2.29 ബില്യണ്‍ ഡോളറില്‍ എത്തി

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പോര്‍ട്ട് ഓപ്പറേറ്റര്‍മാരില്‍ ഒന്നായ ഡിപി വേള്‍ഡിന്റെ ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ അറ്റ ലാഭത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല. ജൂണ്‍ 30 വരെയുള്ള ആറ് മാസത്തില്‍ 606 മില്യണ്‍ ഡോളറിന്റെ അറ്റ ലാഭമാണ് നേടിയതെന്ന് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അതേ കാലഘട്ടത്തിലെ കമ്പനിയുടെ ലാഭം 608 മില്യണ്‍ ഡോളറായിരുന്നു.

ആദ്യ പകുതിയില്‍ മികച്ച വളര്‍ച്ച കാഴ്ചവെച്ച പ്രധാന മാര്‍ക്കറ്റുകളിലെ മൂലധന ചെലവിലേക്ക് 595 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കമ്പനി പറഞ്ഞു

ഡിപി വേള്‍ഡിന്റെ ആദ്യ പകുതിയിലെ വരുമാനം 9.6 ശതമാനം വര്‍ധിച്ച് 2.29 ബില്യണ്‍ ഡോളറില്‍ എത്തി. ആറ് മാസത്തില്‍ ഗ്രോസ് കണ്ടെയ്‌നര്‍ വോളിയത്തില്‍ 8.2 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി ജൂലൈയില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. അടുത്ത പകുതിയില്‍ മികച്ച മുന്നേറ്റമുണ്ടാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിപി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സുലായെം പറഞ്ഞു.

ആദ്യ പകുതിയില്‍ മികച്ച വളര്‍ച്ച കാഴ്ചവെച്ച പ്രധാന മാര്‍ക്കറ്റുകളിലെ മൂലധന ചെലവിലേക്ക് 595 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കമ്പനി പറഞ്ഞു. 170 മില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലും പ്രഖ്യാപിച്ചു. ജൂണില്‍ കമ്പനിയുടെ സഹസ്ഥാപനമായി പി ആന്‍ഡ് ഒ മാരിടൈം സ്പാനിഷ് മാരിടൈം സേവനങ്ങളുടെ ഓപ്പറേറ്ററായ റെയ്‌സറിനെ ഏറ്റെടുത്തിരുന്നു.

Comments

comments

Categories: Arabia