എന്‍പിസിഐയെ നിഷ്പക്ഷ ഏജന്‍സിയാക്കി മാറ്റണമെന്ന് പേമെന്റ് കമ്പനികള്‍

എന്‍പിസിഐയെ നിഷ്പക്ഷ ഏജന്‍സിയാക്കി മാറ്റണമെന്ന് പേമെന്റ് കമ്പനികള്‍

ന്യൂഡെല്‍ഹി: രാജ്യത്തെ റീട്ടെയില്‍ പേയ്‌മെന്റ് സംവിധാനങ്ങളെ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷ(എന്‍പിസിഐ)നെ നിഷ്പക്ഷ ഏജന്‍സിയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പേമെന്റ് കമ്പനികള്‍ രംഗത്ത്. പ്രമുഖ പേമെന്റ് കമ്പനികളായ പേടിഎമ്മിന്റെ മേധാവി വിജയ് ശേഖര്‍ ശര്‍മ്മയും ഫോണ്‍പേയുടെ മേധാവി സമീര്‍ നിഗവും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിന് മുന്നിലും ഉന്നയിച്ചിട്ടുണ്ട്. ബാങ്കുകള്‍ക്കും സ്വകാര്യ ടെക് കമ്പനികള്‍ക്കും ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിലുള്ള മുന്നോട്ട്‌പോകല്‍ സുഗമമാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

എന്‍പിസിഐയുടെ പിന്തുണയോടെ ഭീം ആപ്പ് പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച ആശങ്കകളും പേമെന്റ് കമ്പനികള്‍ ഉയര്‍ത്തിയിട്ടുണ്ട്. വതല്‍ കമ്മിറ്റി നിര്‍ദേശപ്രകാരം ഭീം ആപ്പിലെ കാഷ്ബാക്ക്, ബോണസ് എന്നിവയ്ക്കായി മാത്രം 500 കോടി രൂപ മുടക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തിലും സ്വകാര്യ പേമെന്റ് കമ്പനികള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

നോട്ട് നിരോധനത്തിനു ശേഷം ഭീം ആപ്പിന്റെ വ്യാപക പ്രചരണം ആരംഭിച്ച എന്‍പിസിഐ ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായി ഡിസ്‌കൗണ്ടുകളും കാഷ്ബാക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്തിരുന്നു. റഫറല്‍ ബോണസ്, ക്യാഷ്ബാക്ക് സ്‌കീമുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 495 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. എല്ലാ യുപിഐ ആപ്പുകള്‍ക്കുമില്ലാതെ എന്തുകൊണ്ട് ഭീം ആപ്പിന് മാത്രം എന്‍പിസിഐ കാഷ്ബാക്ക് ഓഫറുകള്‍ പോലുള്ളവ നല്‍കുന്നുവെന്നാണ് പേമെന്റെ കമ്പനികള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം.

എന്‍പിസിഐ യുടെ 57 ശതമാനം ഓഹരികള്‍ പൊതുമേഖലാ ബാങ്കുകളുടെ കൈവശമാണ്. 17 ശതമാനം ഓഹരികള്‍ സ്വകാര്യ ബാങ്കുകളുടെ കൈവശവുമുണ്ട്. 56 ബാങ്കുകള്‍ക്ക് നിലനില്‍ എന്‍പിസിഐ യില്‍ പങ്കാളിത്തമുണ്ട്. എന്‍പിസിഐ വൈവിധ്യമാര്‍ന്ന ഓഹരി ഉടമസ്ഥതയിലേക്ക് നീങ്ങുകയാണെന്നും ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിലെ അതിന്റെ പ്രധാന പങ്ക് എന്‍പിസിഐയുടെ ഉടമസ്ഥത ഘടനയുമായി വൈരുദ്ധ്യമുണ്ടാക്കുന്നുവെന്നും കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ രത്തന്‍ വതല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാങ്കുകള്‍ക്ക് മാത്രമായി യുപിഐ നല്‍കാനുള്ള എന്‍സിപിഐയുടെ തീരുമാനമാണ് മറ്റൊരു പ്രധാന പ്രശ്‌നം. മൊബൈല്‍ ഫോണ്‍ വഴി പണം എളുപ്പത്തില്‍ കൈമാറ്റം ചെയ്യാനുള്ള നൂതനമായ സംവിധാനമാണു യുനൈറ്റഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് അഥവാ യുപിഐ. ബാങ്കിംഗ് ഇതര പേമെന്റ് കമ്പനികള്‍ക്കും യുപിഐ സംവിധാനം തുറന്ന്‌കൊടുക്കണമെന്ന് വതല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതേ ആവശ്യം നിരവധി പേമെന്റ് കമ്പനികളും ഉന്നയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വ്യാപാരികളുടെ ഡിസ്‌കൗണ്ട് നിരക്ക് കുറയ്‌ക്കേണ്ടത് ആവശ്യമാണെന്നും പേമെന്റ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Top Stories