ഓണ്‍ലൈന്‍ നിയമനങ്ങളില്‍ 2% വളര്‍ച്ച് നേടിയതായി നൗക്രി റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ നിയമനങ്ങളില്‍ 2% വളര്‍ച്ച് നേടിയതായി നൗക്രി റിപ്പോര്‍ട്ട്

1928 എന്ന തലത്തിലാണ് ജൂലൈ മാസത്തെ നൗക്രി ജോബ്‌സ്പീക്ക് സൂചിക.

ന്യൂഡെല്‍ഹി: ജൂലൈയില്‍ നടന്നിട്ടുള്ള ഓണ്‍ലൈന്‍ നിയമന പ്രവര്‍ത്തനങ്ങളില്‍ രണ്ട് ശതമാനം വാര്‍ഷിക വളര്‍ച്ച അനുഭവപ്പെട്ടതായി നൗക്രി സര്‍വെ റിപ്പോര്‍ട്ട്. ഐടി-സോഫ്റ്റ്‌വെയര്‍ മേഖല കേന്ദ്രീകരിച്ച് നടന്നിട്ടുള്ള നിയമനങ്ങളാണ് ജൂലൈ മാസത്തെ നേട്ടത്തില്‍ കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമീപ കാലത്ത് ഇന്ത്യന്‍ ഐടി മേഖലയില്‍ ഉയര്‍ന്നുവന്ന വെല്ലുവിളികള്‍ പല കമ്പനികളെയും കൂട്ടത്തോടെയുള്ള പിരിച്ചുവിടല്‍ നടപടികളിലേക്ക് നയിച്ചിരുന്നു. മുന്‍ പാദത്തിലും ഇത്തരത്തില്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഐടി കമ്പനികള്‍ തൊഴിലാളികളുടെ എണ്ണം വെട്ടികുറച്ചിട്ടുണ്ട്.

എന്നാല്‍, കഴിഞ്ഞ മാസം ഐടി-സോഫ്റ്റ്‌വെയര്‍ രംഗത്ത് നടന്നിട്ടുള്ള നിയമനങ്ങളില്‍ ഒന്‍പത് ശതമാനം വാര്‍ഷിക വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് നൗക്രി ഡോട്ട് കോം സര്‍വെ വ്യക്തമാക്കുന്നത്. നൗക്രി ജോബ്‌സ്പീക്ക് സൂചികയില്‍ മുന്‍ വര്‍ഷവുമായി തകാരതമ്യം ചെയ്യുമ്പോള്‍ രണ്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് തൊഴില്‍ വിപണി കരുത്താര്‍ജിക്കുന്നതിന്റെ സൂചനയായാണ് സര്‍വെ വിലയിരുത്തുന്നത്. 1928 എന്ന തലത്തിലാണ് ജൂലൈ മാസത്തെ നൗക്രി ജോബ്‌സ്പീക്ക് സൂചിക.

ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ), ഓട്ടോമൊബീല്‍സ് തുടങ്ങിയ പ്രധാന മേഖലകളിലെ നിയമനങ്ങളില്‍ യഥാക്രമം ഏഴ് ശതമാനം, 17 ശതമാനം, അഞ്ച് ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ചയുണ്ടാണ്. മുന്‍ വര്‍ഷം ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോഴുള്ള വര്‍ധനയാണിത്.

അതേസമയം, ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്), കെപിഒ (നോളജ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്) രംഗത്തെ നിയമന പ്രവര്‍ത്തനങ്ങളില്‍ ഇതേ കാലയളവില്‍ 17 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്ന് സര്‍വെ വ്യക്തമാക്കുന്നു. ഐടി മേഖലയിലെ നിയമനങ്ങള്‍ വര്‍ധിച്ചതിന്റെ ഫലമായി തൊഴില്‍ വിപണിയിലുണ്ടായ ഉണര്‍വ് ശുഭസൂചനയാണെന്നും, ഈ ആവേശം തുര്‍ന്നുള്ള കുറച്ചു മാസങ്ങളില്‍ കൂടി പ്രതീക്ഷിക്കാമെന്നും നൗക്രി ഡോട്ട് കോം ചീഫ് സെയ്ല്‍സ് ഓഫീസര്‍ വി സുരേഷ് പറഞ്ഞു. സര്‍വെയില്‍ ഉള്‍കൊള്ളിച്ച 13 പ്രധാന നഗരങ്ങളില്‍ ഒന്‍പത് നഗരങ്ങളിലെയും നിയമന പ്രവര്‍ത്തനങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാന നഗരമായ ഡെല്‍ഹി, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ടെക്‌നോളജി ഹബ്ബായ ബെംഗളൂരു എന്നിവിടങ്ങളില്‍ യഥാക്രമം 12 ശതമാനം, 17 ശതമാനം, 12 ശതമാനം എന്നിങ്ങനെയാണ് നിയമന പ്രവര്‍ത്തനങ്ങളില്‍ ജൂലൈ മാസം അനുഭവപ്പെട്ട വളര്‍ച്ച. അതേസമയം ചെന്നൈയില്‍ നടന്നിട്ടുള്ള നിയമനങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞു. ഹൈദരാബാദ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള നിയമനങ്ങളില്‍ 19 ശതമാനത്തിന്റെ റെക്കോഡ് വളര്‍ച്ചയാണുണ്ടായത്.

ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലയിലെ തൊഴിലവസരങ്ങളില്‍ 28 ശതമാനം വര്‍ധനയാണ് ജൂലൈയിലുണ്ടായത്. എന്നാല്‍, എച്ച്ആര്‍/ അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് തൊഴിലവസരങ്ങളില്‍ രണ്ട് ശതമാനം കുറവുണ്ടായി. എട്ട് മുതല്‍ 12 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ആവശ്യമായ മുതിര്‍ന്ന തലത്തിലേക്കുള്ള നിയമനങ്ങളില്‍ നാല് ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കി. എന്‍ട്രി ലെവല്‍ തൊഴിലവസരങ്ങളില്‍ ഒരു ശതമാനവും ജൂനിയര്‍ ലെവല്‍ തസ്തികകളിലെ നിയമനങ്ങളില്‍ രണ്ട് ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. 16 വര്‍ഷമോ അതിനു മുകളിലോ പ്രവൃത്തി പരിചയം യോഗ്യതയായ സീനിയര്‍ മാനേജ്‌മെന്റ് തലങ്ങളിലേക്കുള്ള അവസരങ്ങളില്‍ ഒരു ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വിശദീകരിച്ചു.

Comments

comments

Categories: More