വരുന്നത് സ്ഥിരത ഉറപ്പാക്കാന്‍; ദൗത്യം പൂര്‍ത്തിയായാല്‍ മടങ്ങും: നിലേക്കനി

വരുന്നത് സ്ഥിരത ഉറപ്പാക്കാന്‍; ദൗത്യം പൂര്‍ത്തിയായാല്‍ മടങ്ങും: നിലേക്കനി

നിലേക്കനിക്ക് മുന്നിലുള്ളത് വന്‍ വെല്ലുവിളികള്‍

ബെംഗളുരു: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇന്‍ഫോസിസിനെ നയിക്കാനും കമ്പനിക്ക് നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാനുമായുള്ള നന്ദന്‍ നിലേക്കനിയുടെ തിരിച്ചുവരവിനെ ഉറ്റുനോക്കുകയാണ് ഐടി മേഖല. സമീപകാലത്തെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ തിരിച്ചുവരവായാണ് നിലേക്കനിയുടെ വരവ് വിലയിരുത്തപ്പെുന്നത്. 2011ല്‍ ഇന്‍ഫോസിസ് തലപ്പത്ത് നിന്ന് പടിയിറങ്ങിയ എന്‍ ആര്‍ നാരായണ മൂര്‍ത്തി 2013ല്‍ കമ്പനിയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിന് സമാനമായ തിരിച്ചു വരവാണ് നിലേക്കനിയുടേത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ ക്ഷണപ്രകാരം ആധാര്‍ കാര്‍ഡ് ദൗത്യത്തിനായി 2009ലാണ് നിലേക്കനി ഇന്‍ഫോസിസ് വിട്ടത്.

ഇന്‍ഫോസിസില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും ഉന്നത നിലവാരത്തിലുള്ള കോര്‍പ്പറേറ്റ് ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും നന്ദന്‍ നിലേക്കനി ഇന്‍ഫോസിസ് ജീവനക്കാരുമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ വ്യക്തമാക്കി. തന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഇന്‍ഫോസിസില്‍ തുടരില്ല. സിഇഒ ആകാനല്ല, എക്‌സിക്യൂട്ടിവ് ചെയര്‍മാനായാണ് തിരികെയെത്തിയിരിക്കുന്നതെന്ന് ഓര്‍മിപ്പിച്ച നിലേക്കനി പുതിയ സിഇഒ യെ കണ്ടെത്തുന്നത് കമ്പനിക്ക് ശ്രമകരമാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ ക്ലൈന്റുകളോടും ഇടപാടുകളിലും നിയമപരമായ ഉത്തരവാദിത്തം താന്‍ പുലര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിരക്കകത്തും പുറത്തും സിഇഒ സ്ഥാനത്തിനായി നിരവധി സാധ്യതകളുണ്ട്. ഈ ഘട്ടത്തില്‍ അതു സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത് അനുചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജി വെച്ച ആര്‍ ശേഷസായിക്ക് പകരക്കാരാനായി ബോര്‍ഡ് മേധാവിത്വത്തിലെത്തുന്ന നിലേക്കനി പുതിയ തുടക്കമാണ് മടങ്ങിവരവില്‍ ആഗ്രഹിക്കുന്നതെന്നും ഇന്‍ഫോസിസ് തലപ്പത്തേക്കുള്ള നന്ദന്‍ നിലേക്കനിയുടെ യാത്രയിലെ തടസങ്ങള്‍ മാറ്റുന്നതിനായി ബോര്‍ഡിലെ ചില അംഗങ്ങള്‍ രാജി വെച്ചേക്കുമെന്നും കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്വതന്ത്ര ഡയറക്ടര്‍മാരായ ജെഫ്രി എസ്. ലേമാന്‍, ജോണ്‍ എറ്റ്‌ചെമെന്‍ഡി എന്നിവര്‍ കമ്പനി ബോര്‍ഡില്‍ നിന്ന് ഒഴിഞ്ഞത്. സഹ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ രവി വെങ്കടേശന്‍ സ്വതന്ത്ര ഡയറക്റ്ററായി തുടരും. ഇടക്കാല സിഇഒയും എംഡിയുമായി യു ബി പ്രവിണ്‍ റാവു കമ്പനിയില്‍ തുടരും. കഴിഞ്ഞ വെള്ളിയാഴ്ച സിഇഒ സ്ഥാനമൊഴിഞ്ഞ വിശാല്‍ സിക്ക 2018 മാര്‍ച്ച് വരെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി തുടരുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ 150 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐടി മേഖലയിലെ വമ്പന്മാരായ ഇന്‍ഫോസിസിന്റെ മേധാവി സ്ഥാനത്തേക്കുള്ള നിലേക്കനിയുടെ തിരിച്ചുവരവ് നിലവില്‍ പ്രതിസന്ധിയിലായ കമ്പനിയെ എങ്ങിനെ സ്വാധീനിക്കുമെന്നാണ് ഐടി വ്യവസായം നോക്കുന്നത്. വിശാല്‍ സിക്കയുടെ അപ്രതീക്ഷിത രാജിയെ തുടര്‍ന്ന് ഇന്‍ഫോസിസ് നേരിടുന്ന പ്രതിസന്ധികള്‍ക്കു പുറമെ ഇന്ത്യന്‍ ഐടി സേവന കമ്പനികള്‍ പൊതുവില്‍ അഭിമുഖീകരിക്കുന്ന മന്ദഗതിയിലുള്ള വളര്‍ച്ചാ ഭീഷണിയും നിലേക്കനിക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.

പുതിയ സിഇഒയെ കണ്ടെത്തുകയെന്നതാണ് അദ്ദേഹത്തിന്റെ സുപ്രധാന ലക്ഷ്യം. നിക്ഷേപകര്‍, ഉപയോക്താക്കള്‍, ജീവനക്കാര്‍ എന്നിവരുടെ ആത്മവിശ്വാസത്തെ തിരികെകൊണ്ടുവരുന്നതും മുന്നിലുണ്ട്. ഇന്‍ഫോസിസിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹത്തിന് പദ്ധതിയില്ലായിരുന്നുവെങ്കിലും വന്‍കിട നിക്ഷേപകരടക്കമുള്ളവരുടെ സമ്മര്‍ദമാണ് അദ്ദേഹത്തെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചത്. അനുയോജ്യമായ പദവിയിലേക്ക് നിലേക്കനിയെ തിരികെ കൊണ്ടുവരണമെന്ന് 12 ആഭ്യന്തര മ്യൂചല്‍ ഫണ്ടുകളും ഇന്‍ഷുറന്‍സ് കമ്പനികളും ഇന്‍ഫോസിസ് ബോര്‍ഡിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിലേക്കനിയുടെ മടങ്ങിവരവ് ഓഹരി വിപണിയില്‍ ഇന്‍ഫോസിസിന് ഉണര്‍വേകിയിട്ടുണ്ട്.

Comments

comments

Categories: Business & Economy