റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ലാബ് പദ്ധതിയുമായി മലയാളി സഹോദരന്‍മാര്‍

റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ലാബ് പദ്ധതിയുമായി മലയാളി സഹോദരന്‍മാര്‍

യുകെ സര്‍ക്കാരിന്റെ പിന്തുണയോടെ 100 കോടി രൂപ മുതല്‍ മുടക്കിലാണ് ക്ലൗഡ്‌സിസ് അനലിറ്റിക്‌സ് ലാബ് യാഥാര്‍ത്ഥ്യമാകുന്നത്

കൊച്ചി: കൊച്ചിയില്‍ ക്ലൗഡ്‌സിസ് അനലിറ്റിക്‌സ് ലാബ് എന്ന പേരില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ലാബ് ആരംഭിക്കാന്‍ പദ്ധതിയിടുകയാണ് ആരോമല്‍ ജയരാജ് ഷിക്കി, അഭിഷേക് ജയരാജ് ഷിക്കി എന്ന മലയാളി സഹോദരന്‍മാര്‍. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ്പാഡ് ഹോള്‍ഡിംഗ്‌സ് സംരംഭകരായ ഇരുവരും ലണ്ടന്‍, ഹോങ്കോംഗ് തുടങ്ങിയ വിദേശരാജ്യങ്ങളിലെ സംരംഭകത്വ മേഖലയില്‍ വെന്നികൊടി പാറിച്ചശേഷമാണ് കൊച്ചിയിലെ ലാബ് പദ്ധതിയുമായി എത്തിയിരിക്കുന്നത്. യുകെ സര്‍ക്കാരിന്റെ പിന്തുണയോടെ 100 കോടി മുതല്‍ മുടക്കിലാണ് ഈ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്  ലാബ് യാഥാര്‍ത്ഥ്യമാകുന്നത്.

ദക്ഷിണേന്ത്യയിലെ സ്റ്റാര്‍ട്ടുകളെയും എന്‍ജിനീയറിംഗ്, ഇലക്ട്രോണിക് സംരംഭകരെയും പ്രോല്‍സാഹിപ്പിച്ചുകൊണ്ട് അവര്‍ക്ക് അന്താരാഷ്ട്ര വിപണി പ്രവേശനത്തിന് അവസരം നല്‍കുന്ന ലാബ് എല്‍ ആന്‍ഡ് ടി സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സേവനങ്ങള്‍ ലഭ്യമാക്കുകയും രാജ്യത്തെ വളര്‍ന്നു വരുന്ന സ്മാര്‍ട്ട്‌സിറ്റി സംസ്‌കാര വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കുകയും ചെയ്യും.

പദ്ധതി ആദ്യഘട്ടത്തില്‍ 500 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്ന് സഹസ്ഥാപകനും സിഇഒയുമായ അഭിഷേക് ജയ്‌രാജ് ഷിക്കി അറിയിച്ചു. ഇന്ത്യയില്‍ 3,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ‘കേരളത്തില്‍ കഴിവുള്ള ധാരാളം പേരുണ്ട്. ആഗോളതലത്തില്‍ തന്നെ ഏറ്റവും കഴിവുള്ള കണക്റ്റിവിറ്റി സൗകര്യമാണ് കൊച്ചിയിലുള്ളത്. അതിനാലാണ് സംസ്ഥാനത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് കാക്കനാട് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ലാബ് ആരംഭിക്കുന്നത്. പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.’ ക്ലൗഡ്പാഡ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആരോമല്‍ ജയരാജ് ഷിക്കി പറഞ്ഞു. ക്ലൗഡ്പാഡ് തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആഗോളവിപണിയില്‍ എത്തിക്കുന്നതിന് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായി ഇന്നൊവേറ്റ് 2020 എന്ന പ്രോഗ്രാം ആരംഭിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശികളായ ആരോമല്‍ ജയരാജ് ഷിക്കിയും അഭിഷേക് ജയരാജ് ഷിക്കിയും യുകെയിലെ എംബിഎം പ്രോഗ്രാമിലൂടെയാണ് തങ്ങളുടെ കരിയര്‍ ആരംഭിക്കുന്നത്. 2010 ല്‍ യുകെയിലെ കെന്റില്‍ ഇലക്ട്രോണിക് ഡിസൈന്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചുകൊണ്ടായിരുന്നു സംരംഭ ജീവിതത്തിന്റെ തുടക്കം. ക്ലൗഡ്പാഡ് ബോള്‍ട്ട് 7 ആന്‍ഡ്രോയിഡ് ടാബ്ലെറ്റ് പിസിയായിരുന്നു ആദ്യത്തെ വാണിജ്യ ഉല്‍പ്പന്നം. ആമസോണ്‍ യുകെ വഴി വിപണനം ചെയ്ത ഉല്‍പ്പന്നം 2012 ല്‍ ഇന്ത്യന്‍ വിപണിയിലുമെത്തി. യുകെ, ഇന്ത്യ, പശ്ചിമബംഗാള്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ ശക്തമായ ഉപഭോക്തൃ അടിത്തറയുള്ള കമ്പനി അടുത്ത വര്‍ഷം 100 ദശലക്ഷം പൗണ്ടിന്റെ വരുമാനം നേടാനും 2020 ആകുന്നതോടെ ബില്ല്യണ്‍ പൗണ്ട് എന്ന നേട്ടം കൈവരിക്കുന്ന യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പാകാനുമാണ് ലക്ഷ്യമിടുന്നത്.

Comments

comments

Categories: Entrepreneurship