പത്ത് എഫ്ഡിഐ നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി

പത്ത് എഫ്ഡിഐ നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി

5,000 കോടി രൂപയ്ക്കടുത്ത് മൂല്യം കണക്കാക്കുന്ന എഫ്ഡിഐ നിര്‍ദേശങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നേരിട്ട് വിദേശ നിക്ഷേപം (എഫ്ഡിഐ) നടത്തുന്നതിനുള്ള പത്ത് നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ആമസോണ്‍, ഗ്രോഫേഴ്‌സ്, അര്‍ബന്‍ ലാഡര്‍ തുടങ്ങിയവ ഉള്‍പ്പെടെ സമര്‍പ്പിച്ച നിക്ഷേപ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഭക്ഷ്യോല്‍പ്പന്നങ്ങളിലും ഏക ബ്രാന്‍ഡ് റീട്ടെയ്‌ലിംഗ് വ്യാപാരത്തിലും ശ്രദ്ധകേന്ദ്രീകരിച്ചുള്ളതാണ് നിക്ഷേപ പദ്ധതികള്‍. ഏകദേശം 5,000 കോടി രൂപയ്ക്കടുത്ത് മൂല്യം കണക്കാക്കുന്ന എഫ്ഡിഐ നിര്‍ദേശങ്ങളാണ് ഇവ.

അതേസമയം, നാല് എഫ്ഡിഐ നിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിഐപിപി) തള്ളി. മറ്റ് നാല് നിര്‍ദേശങ്ങള്‍ പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ എഫ്ഡിഐ ഫെസിലിറ്റേഷന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ റീട്ടെയല്‍ ബിസിനസില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യയില്‍ അനുബന്ധ സംരംഭം ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആമസോണിന് പച്ചക്കൊടി കാണിച്ചു. 100 ശതമാനം വിദേശ നിക്ഷേപത്തോടെ ഇന്ത്യയിലെ ഭക്ഷ്യ വിതരണ ശൃംഖലയിലേക്ക് ചുവടുവെക്കാനുള്ള അവസരമാണ് ആമസോണിന് ലഭിച്ചിരിക്കുന്നത്. 3,500 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള നിര്‍ദേശമാണ് ആമസോണ്‍ സമര്‍പ്പിച്ചത്. എംടിആര്‍ ഫൂഡിസിന്റെ നിക്ഷേപ നിര്‍ദേശത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ 160 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഗ്രോഫേഴ്‌സ് ഉദ്ദേശിക്കുന്നത്. അതേസമയം എംടിആര്‍ ഫുഡ്‌സ് ആദ്യ ഘട്ടത്തില്‍ 105 കോടി രൂപയും അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 800-1000 കോടി രൂപയും നിക്ഷേപിക്കും. കേന്ദ്ര വാണിജ്യ മന്ത്രാലയം ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 99 എഫ്ഡിഐ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ അനുമതിക്കായി കാത്തുകിടക്കുന്നത്. ഇതില്‍ 48 എണ്ണം ഡിഐപിപിയുടെ അംഗീകാരത്തിനു വേണ്ടി കാത്തിരിക്കുന്നവയാണ്. 14 എണ്ണം ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന്റെയും 13 എണ്ണം സാമ്പത്തികകാര്യ വകുപ്പിന്റെയും എട്ടെണ്ണം ടെലികോം വകുപ്പിന്റെയും അഞ്ചെണ്ണം ആഭ്യന്തര മന്ത്രാലയത്തിന്റെയും പരിഗണനയിലാണ്.

Comments

comments

Categories: Top Stories