സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്കായി പ്രതിവര്‍ഷം കേന്ദ്രം ചെലവിടുന്നത് രണ്ട് കോടി രൂപ

സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്കായി പ്രതിവര്‍ഷം കേന്ദ്രം ചെലവിടുന്നത് രണ്ട് കോടി രൂപ

പല വകുപ്പുകളുടെയും ട്വിറ്റര്‍ എക്കൗണ്ടുകള്‍ ആരംഭിച്ചത് 2014നു ശേഷം

ന്യൂഡെല്‍ഹി: ഭരണകാര്യങ്ങളിലും വകുപ്പുകളുടെ ഇടപെടലുകളിലും ശ്രദ്ദേയമായ പല പരിഷ്‌കരണ നടപടികളും മോദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. അതിലൊന്നാണ് സമൂഹമാധ്യമങ്ങളിലെ സര്‍ക്കാര്‍ പ്രതിനിധികളുടെ സജീവ ഇടപെടല്‍. ജനങ്ങളും ജനപ്രതിനിധികളുമായുള്ള ഇടപെടലില്‍ പ്രൊഫഷണല്‍ സമീപനം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെ സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ പ്രൊഫഷണല്‍ ഏജന്‍സികളാണ് കൈകാര്യം ചെയ്യുന്നത്. ഇതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് പ്രതിവര്‍ഷം രണ്ട് കോടി രൂപയാണ് മോദി സര്‍ക്കാര്‍ ചെലവഴിച്ചത്. എല്ലാ വകുപ്പുകള്‍ക്കും ട്വിറ്റര്‍ എക്കൗണ്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

56 കേന്ദ്ര വകുപ്പുകളുടെ സോഷ്യല്‍ മീഡിയ സാന്നിധ്യത്തെ കുറിച്ചും, സര്‍ക്കാര്‍ വകുപ്പുകളുടെ ട്വിറ്റര്‍, ഫേസ്ബുക്ക് എക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനു വേണ്ടി സ്വകാര്യ കണ്‍സള്‍ട്ടന്റുകളെയോ പ്രൊഫഷണല്‍ ഏജന്‍സികളെേേയാ നിയമിച്ചിട്ടുണ്ടോ എന്നും അറിയുന്നതിനായി വിവരാവകാശ നിയമമുപയോഗിച്ച് ഒരു ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ആര്‍ടിഐയില്‍ നിന്നുള്ള വിവരമനുസരിച്ച്, വിദേശ കാര്യ മന്ത്രാലയത്തിന്റെയും പ്രക്ഷേപണ, ടൂറിസം വകുപ്പിന്റെയും ഒഴികെയുള്ള മിക്ക കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെയും ട്വിറ്റര്‍, ഫേസ്ബുക്ക് എക്കൗണ്ടുകള്‍ 2014 മേയില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആരംഭിച്ചിട്ടുള്ളവയാണ്. 2014 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഈ എക്കൗണ്ടുകള്‍ തുറന്നിട്ടുള്ളത്.

2016 മുതല്‍ സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഏജന്‍സികളെയോ കണ്‍സള്‍ട്ടന്റുകളെയോ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ കൂടുതല്‍ പ്രൊഫഷണല്‍ സഹായം തേടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തരം, പ്രക്ഷേപണം, ഭക്ഷ്യ സംസ്‌കരണം, വിനോദസഞ്ചാരം, ഭവനനിര്‍മാണം & നഗരകാര്യം, നിതി ആയോഗ്, കുടിവെള്ളം , ശുചിത്വം, വനിതാ-ശിശു ക്ഷേമം, പരിസ്ഥിതി, വനം, കാലാവസ്ഥ, ആയുഷ് തുടങ്ങിയവ മന്ത്രാലയങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലെ സജീവ ഇടപെടലുകള്‍ക്കായി പ്രൊഫഷണല്‍ സഹായം തേടിയവയാണ്.

മുന്ന് വര്‍ഷത്തേക്ക് ഏഴ് കോടി രൂപയുടെ കരാറിലാണ് ഭവന & നഗരകാര്യ വകുപ്പ് ക്വണ്ടം എന്ന സ്ഥാപനത്തെ സോഷ്യല്‍മീഡിയ പ്രചാരണത്തിന് നിയമിച്ചത്. പ്രക്ഷേപണ വകുപ്പും ബിഇസിഐഎല്ലുമായി രണ്ട് കോടി രൂപയുടെ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. 1.04 കോടി രൂപയ്ക്കാണ് ടൂറിസം വകുപ്പ് സ്റ്റാര്‍ക് കമ്യൂണിക്കേഷന്‍സിനെ നിയമിച്ചിരിക്കുന്നത്. യാപ് ഡിജിറ്റലുമായി 96 ലക്ഷത്തിന്റെ കരാര്‍ നിതി ആയോഗും ഒപ്പുവെച്ചിട്ടുണ്ട്. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു വേണ്ടിയാണിത്.

Comments

comments

Categories: Slider, Top Stories