സേവനങ്ങള്‍ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി അബുദാബി

സേവനങ്ങള്‍ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി അബുദാബി

എമിറേറ്റികള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനും താമസക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പദ്ധതി ആരംഭിച്ചത്

അബുദാബി: കാറിന്റെ ടയര്‍ പഞ്ചറായാലും വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കേടായാലും ഇനി അബുദാബിയിലെ താമസക്കാര്‍ ടെന്‍ഷനടിക്കേണ്ട. നിങ്ങള്‍ക്കാവശ്യമായ സര്‍വീസുകള്‍ നിങ്ങളുടെ വീട്ടിലേക്കെത്തും. വളരെ വേഗത്തില്‍ ഏറ്റവും മികച്ച 16 സേവനങ്ങള്‍ നിങ്ങളുടെ വീടിന് മുന്നില്‍ എത്തിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ് അബുദാബി ഗവണ്‍മെന്റ്.

കാറിന്റെ ടയര്‍ മാറ്റിയിടുക, കാറുകളുടെ മോടികൂട്ടുകയും വണ്ടികള്‍ വൃത്തിയാക്കുകയും ചെയ്യുക, ഡ്രൈ ബാറ്ററികള്‍ റീട്ടെയ്‌ലായി വില്‍ക്കുക, കെട്ടിടങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശരിയാക്കുക തുടങ്ങിയ സര്‍വീസുകളാണ് മൊബീല്‍ ടീം നടപ്പാക്കുന്നത്. മൊബീല്‍ കാര്‍ സേവനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചു തുടങ്ങിയതായി അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്ട്രോണിക് ഡെവലപ്‌മെന്റ് (എഡിഡിഇഡി) അറിയിച്ചു.

എമിറേറ്റീസിന് മാത്രമാണ് ഇതിനുള്ള ലൈസന്‍സ് നല്‍കുന്നത്. എന്നാല്‍ പ്രവാസികള്‍ക്ക് കാറില്‍ ജോലിചെയ്യാനാവും. ഒരു കാറില്‍ രണ്ട് പേരായിരിക്കും സര്‍വീസ് ലഭ്യമാക്കാനായി എത്തുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അബുദാബിയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് ഏറ്റവും ആവശ്യമായ 16 സേവനങ്ങളെ കണ്ടെത്തിയത്. ഭാവിയില്‍ കൂടുതല്‍ സേവനങ്ങള്‍ അതിനോട് കൂട്ടിച്ചേര്‍ത്തേക്കും.

വളരെ വേഗത്തില്‍ ഏറ്റവും മികച്ച 16 സേവനങ്ങള്‍ നിങ്ങളുടെ വീടിന് മുന്നില്‍ എത്തിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ് അബുദാബി ഗവണ്‍മെന്റ്

മാര്‍ക്കറ്റിലെ മത്സരത്തിനനുസരിച്ച് സര്‍വീസുകള്‍ക്ക് നിരക്ക് തീരുമാനിക്കാനുള്ള അനുവാദം ഉടമകള്‍ക്ക് നല്‍കുന്നുണ്ട്. ഈ കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നും എഡിഡിഇഡി മുന്നോട്ടുവെച്ചിട്ടില്ല. സേവനങ്ങളെക്കുറിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് എഡിഡിഇഡിയുടെ കസ്റ്റമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടാം.

സേവനങ്ങള്‍ ലഭ്യമാക്കുന്ന മൊബീല്‍ ടീമിന് ഡിപ്പാര്‍ട്ട്‌മെന്റ് ലൈസന്‍സ് അനുവദിച്ചു തുടങ്ങി. ടയര്‍ റിപ്പയര്‍ ചെയ്യുന്നതിനും കെട്ടിടവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ സര്‍വീസിനും വളര്‍ത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കുമായി നാല് മൊബീല്‍ ടീമുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. ഇവയുടെ പേരുകള്‍ എഡിഡിഇഡി ഓഫീസിന്റെ പുറത്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ വനിത ജീവനക്കാര്‍ക്ക് മാത്രമേ അനുവാദമുണ്ടാകൂ.

എമിറേറ്റികള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനും താമസക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പദ്ധതി ആരംഭിച്ചതെന്ന് എഡിഡിഇഡിയുടെ ആക്റ്റിംഗ് അണ്ടര്‍സെക്രട്ടറി ഖാലിഫ ബിന്‍ സലേം അല്‍ മന്‍സൗറി പറഞ്ഞു. ഒരു വ്യവസായം ആരംഭിക്കുന്നതിനുള്ള നിയമപരമായ ആവശ്യങ്ങളില്‍ ഒരു പരിധിവരെ ഇളവ് അനുവദിക്കുന്നതിനുള്ള പദ്ധതിയായ താജെര്‍ അബുദാബിയുടെ ഭാഗമാണിത്.

Comments

comments

Categories: Arabia