ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പുലിവാലായപ്പോള്‍

ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പുലിവാലായപ്പോള്‍

സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ചെയ്യുന്ന ചിത്രങ്ങളും വാചകങ്ങളും ചിലയവസരങ്ങളില്‍ ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം യുഎസ് ധനകാര്യ സെക്രട്ടറി സ്റ്റീവ് നുച്ചിന്റെ ഭാര്യ ലൂസി ലിന്റണു സംഭവിച്ചതും ദോഷമായിരുന്നു. സംഭവത്തില്‍ ലൂസി ലിന്റണ്‍ ക്ഷമാപണം നടത്തി. തിങ്കളാഴ്ചയാണു വിവാദത്തിനു കാരണമായ ചിത്രം ലൂസി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കെന്റക്കിയില്‍നിന്നും ഒരു ട്രിപ്പ് പൂര്‍ത്തിയാക്കിയതിനു ശേഷം ലൂസി, സര്‍ക്കാരിന്റെ ഔദ്യോഗിക വിമാനത്തില്‍നിന്നും ഭര്‍ത്താവ് സ്റ്റീവിനൊപ്പം പുറത്തേയ്ക്കു വരുന്നതായിരുന്നു ചിത്രം. വെളുത്ത നിറത്തിലുള്ള വസ്ത്രമാണ് ലൂസി അണിഞ്ഞിരുന്നത്.

കൈയ്യില്‍ ഹാന്‍ഡ് ബാഗും സില്‍ക്കിന്റെ സ്‌കാര്‍ഫുമുണ്ടായിരുന്നു. ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഇവര്‍ ഭര്‍ത്താവിന്റെ പേരും അണിഞ്ഞിരുന്ന ആഡംബര വസ്തുക്കളുടെ ബ്രാന്‍ഡ് നെയിമും ടാഗ് ചെയ്തിരുന്നു. ഹെര്‍മ്‌സ്, റോളണ്ട് മൗററ്റ്, ടോം ഫോര്‍ഡ്, വാലെന്റീനോ തുടങ്ങിയവയായിരുന്നു ബ്രാന്‍ഡുകള്‍.
ഈ ചിത്രം കണ്ട ഇന്‍സ്റ്റാഗ്രാമിലുള്ള ജെന്നി മില്ലര്‍ 29 എന്ന യൂസര്‍ നെയിമുള്ള ഒരാള്‍ ചിത്രത്തെ പരിഹസിക്കും വിധം മറുപടി എഴുതി. ‘നിങ്ങളുടെ ചെറിയ യാത്രയുടെ ചെലവ് ഞങ്ങള്‍ക്ക് വഹിക്കാനാകും’ # പരിതാപകരം# എന്നായിരുന്നു ജെന്നി മില്ലറുടെ കമന്റ്. എന്നാല്‍ ജെന്നി മില്ലറുടെ കമന്റിനോട് രൂക്ഷമായ ഭാഷയിലാണു ലൂസി പ്രതികരിച്ചത്.

ഇത് വ്യക്തിപരമായി നടത്തിയ യാത്രയാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ ? ഞങ്ങളുടെ ഹണിമൂണും വ്യക്തിപരമായി നടത്തുന്ന യാത്രകളും സര്‍ക്കാര്‍ ചെലവിലാണ് നടത്തുന്നതെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ ? മനോഹരമായിരിക്കുന്നു നിങ്ങളുടെ കമന്റ്.

എന്നെക്കാളും എന്റെ ഭര്‍ത്താവിനെക്കാളും അധികം സംഭാവന നിങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കു നല്‍കിയിട്ടുണ്ടോ ? നിങ്ങള്‍ നല്‍കുന്നതിനെക്കാള്‍ അധികം നികുതി ഒരു ദിവസത്തെ ട്രിപ്പിന് ഞങ്ങള്‍ സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്.

ഇതായിരുന്നു ലൂസിയുടെ പ്രതികരണം. സംഭവം വിവാദമായി തീര്‍ന്നതോടെ തിങ്കളാഴ്ച വൈകുന്നേരം ലൂസിയുടെ ഈ മറുപടിയും പോസ്റ്റുമൊക്കെ അപ്രത്യക്ഷമാവുകയും ചെയ്തു.രണ്ട് മാസം മുന്‍പാണ് ലൂസിയെ നുച്ചിന്‍ വിവാഹം ചെയ്തത്. സ്‌കോട്ടിഷ് വംശജയായ നടിയും നിര്‍മാതാവുമാണ് ലൂസി. ഇവരുടെ വിവാഹച്ചടങ്ങില്‍ പ്രസിഡന്റ് ട്രംപും, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സംബന്ധിച്ചിരുന്നു.

ഇതാദ്യമല്ല ലൂസി സോഷ്യല്‍ മീഡിയയുടെ പരിഹാസമേറ്റു വാങ്ങുന്നത്. 2016-ല്‍ ഒരു ബുക്ക് സ്വയം പബ്ലിഷ് ചെയ്തതു വന്‍വിവാദമായിരുന്നു. കൃത്യതയില്ലായ്മയും രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചു വഴി തെറ്റിക്കും വിധം വിവരണമെഴുതിയതിനുമാണു ലൂസി വിമര്‍ശനം നേരിടേണ്ടി വന്നത്. ബുക്കിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതോടെ ലൂസി ആമസോണില്‍നിന്നും പുസ്തകം പിന്‍വലിക്കുകയും ചെയ്തു. പിന്നീട് ട്വിറ്ററിലൂടെ ക്ഷമാപണം നടത്തുകയും ചെയ്തു.

Comments

comments

Categories: FK Special, Slider